UPDATES

ട്രെന്‍ഡിങ്ങ്

സ്വകാര്യതാ വിധി: സര്‍ക്കാരിന്റെ ഒളിഞ്ഞുനോട്ടത്തിന് സുപ്രീം കോടതി വയ്ക്കുന്ന പരിധി

ആദായനികുതി റിട്ടേണ്‍ അടക്കം എല്ലാ കാര്യത്തിലും ആധാര്‍ നിര്‍ബന്ധമാക്കുന്നത് സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നം തന്നെയാണ്.

സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി, വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുന്നതിന് സര്‍ക്കാരുകള്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. രാജ്യത്ത് വ്യാപകമായി നടക്കുന്ന ഫോണ്‍ ചോര്‍ത്തല്‍ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. ഡി.ബി ബിനു ചൂണ്ടിക്കാട്ടി – ‘പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു. ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നു. കേരളത്തിലാണെങ്കില്‍ ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥര്‍ ഇത്തരം പരാതികളുമായി രംഗത്ത് വന്നിരുന്നു. ഭരണകക്ഷിയിലെ തന്നെ ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തുന്നതായി പരാതികളുണ്ട്. ഭരിക്കുന്നവര്‍, തങ്ങള്‍ക്കെതിരാണെന്ന് സംശയിക്കുന്ന ആരുടേയും ഫോണ്‍ ടാപ്പ് ചെയ്യുന്നു. ടെലിഗ്രാഫിക് ആക്ട് സെക്ഷന്‍ 5 അനുസരിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഫോണ്‍ ടാപ്പിംഗ് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. പക്ഷെ ഇവിടെ പലപ്പോഴും സിഐമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം ഇത്തരത്തില്‍ ടാപ്പ് ചെയ്യുന്നുണ്ട്. സ്വകാര്യത സംബന്ധിച്ച അവകാശത്തിന്റെ ലംഘനമാണ്. ടെലിഗ്രാഫിക് ആക്ടിന്റെ വ്യക്തമായ ലംഘനമാണിത്. അത്തരത്തിലുള്ള നിയമലംഘനം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് ബുദ്ധിമുട്ടാകുന്ന വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.’

എന്നാല്‍ ഇത് പരിധികളില്ലാത്ത സ്വാതന്ത്ര്യത്തിനുള്ള അംഗീകാരമല്ല. ഭരണഘടനാ ബഞ്ചിന്റെ വിധി ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച ഹര്‍ജിയിലാണെങ്കിലും ആധാറില്‍ ഒതുങ്ങുന്നതല്ല ഈ വിധി. ആര്‍ട്ടിക്കിള്‍ 141 അനുസരിച്ച് സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണ്. ഇനിയുള്ള കോടതിവിധികളിലും നിയമനിര്‍മ്മാണങ്ങളിലും ഇത് സ്വാഭാവികമായും പ്രതിഫലിക്കും. മൗലികാവകാശങ്ങള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്വകാര്യത ഉറപ്പ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവസരമൊരുക്കുന്ന തരത്തിലായിരിക്കും അഞ്ചംഗ ബഞ്ചിന്റേയും സമീപനം.

“നിങ്ങള്‍ക്ക് സ്വകാര്യതയ്ക്കുള്ള അവകാശമാണോ അതോ ജീവിക്കാനുള്ള അവകാശമാണോ വലുതെന്നാണ് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച ചോദ്യം. ഭക്ഷ്യസുരക്ഷ, പൊതുവിതരണം, എല്‍പിജി, സാമൂഹ്യക്ഷേമ പദ്ധതികള്‍ ഇതെല്ലാം ഉള്‍പ്പെടുന്നതാണിത്. അതാണോ സ്വകാര്യതയാണോ പ്രധാനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത്. രണ്ടും ഒരുപോലെ പ്രധാനം തന്നെയാണ്. അപ്പം കൊണ്ട് മാത്രമല്ലല്ലോ മനുഷ്യന്‍ ജീവിക്കുന്നത്. ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം തുടച്ചുനീക്കൂ) എന്ന് പറഞ്ഞ ഇന്ദിര ഗാന്ധി തന്നെയാണ് എല്ലാ അധികാരവും കേന്ദ്രീകരിച്ചതും പൗരന്മാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തത്. ഭരണഘടന പറയുന്ന reasonable restrictions അനുസരിച്ച് മാത്രമേ ഇനി പൗരന്റെ സ്വകാര്യതയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയൂ എന്നതാണ് ഈ വിധി പറയുന്നത്.

സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കുന്ന ഐപിസി 377ാം വകുപ്പ് ഉള്‍പ്പടെ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ ഇതില്‍ വരും – procedure established by law – fair, just and reasonable – ഇത്തരത്തിലേ മുന്നോട്ട് പോകാനാവൂ. ഭരണകൂടത്തിന് വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് കയറുന്നതിനുള്ള പരിധി സുപ്രീം കോടതി വച്ചു എന്നാണ് പറയേണ്ടത്. വിവരാവകാശ നിയമവുമായി (RTI) ബന്ധപ്പെട്ട് കാണുകയാണെങ്കില്‍ Transparency (സുതാര്യത), Nudity (നഗ്നത) എന്നിവ തമ്മിലുള്ള വ്യത്യാസം നോക്കിയാല്‍ മതി. ഭരണകൂടം തുണിയഴിച്ചിട്ട് നില്‍ക്കണം എന്ന് വിവരാവകാശം പറയുന്നില്ല. രാജ്യരക്ഷ പോലെയുള്ള വിഷയങ്ങളില്‍ വിവരാവകാശത്തിന് നിയന്ത്രണങ്ങള്‍ വരും. എന്നാല്‍ പൊതുതാത്പര്യമുള്ള മറ്റ് വിഷയങ്ങളില്‍ അത് അറിയാന്‍ അവകാശമുള്ളതാണ്. യാതൊരു പൊതുതാത്പര്യവുമില്ലാത്ത സ്വകാര്യവിഷയം മാത്രമായ കാര്യത്തിന് സ്വകാര്യതയുടെ പരിരക്ഷ ലഭിക്കും. വിവരാവകാശ നിയമം ആവശ്യപ്പെടുന്നത് Nudtiy അല്ല, Transparency ആണ്.

പുന:പരിശോധന ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സാധ്യതയുണ്ടെങ്കിലും ഒമ്പതംഗ ബഞ്ച് ഏകകണ്‌ഠേന പ്രഖ്യാപിച്ചിരിക്കുന്ന ഈ വിധി അന്തിമമാകാനാണ് സാധ്യത. കോടതിവിധി മറികടക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള അധികാരം എക്‌സിക്യൂട്ടീവിനുണ്ട്. അതേസമയം ഇത് പരിശോധനയ്ക്ക് വിധേയമാക്കാനും റദ്ദാക്കാനും ജുഡീഷ്യറിക്ക് കഴിയും. ഇങ്ങനെ check and balance ആയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനുണ്ട്. പക്ഷെ ഭരണഘടനയുടെ അടിസ്ഥാന ഘടന തകര്‍ക്കുന്ന വിധം അത് ഭേദഗതി ചെയ്യാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി പറയുന്നത്. മൗലികാവകാശം ഭരണഘടനയുടെ അടിസ്ഥാനപരമായ കാര്യമാണ്. അതിനെ ഇല്ലാതാക്കാന്‍ പാടില്ല എന്നാണ് കോടതി പറയുന്നത്. ഐടി ആക്ട് അടക്കമുള്ള കാര്യങ്ങള്‍, സോഷ്യല്‍ മീഡിയ ഉപയോഗം ഇവയൊക്കെ എങ്ങനെ സ്വകാര്യതയുടെ പരിധിയില്‍ വരുമെന്ന് ഓരോ സാഹചര്യങ്ങളിലേ അറിയാന്‍ കഴിയൂ”- അഡ്വ. ബിനു പറയുന്നു

ആധാര്‍ വിഷയം ഭരണഘടനാ ബഞ്ച് പരിഗണിച്ചിട്ടില്ലെന്ന് അഡ്വ. പ്രശാന്ത് സുഗതന്‍ ചൂണ്ടിക്കാട്ടുന്നു – ആധാര്‍ കേസ് അഞ്ചംഗ ബഞ്ച് പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. കെ.കെ വേണുഗോപാലിന് മുമ്പ് മുകുള്‍ റോത്താഗി അറ്റോണി ജനറലായിരുന്നപ്പോള്‍ സ്വകാര്യത മൗലികാവകാശമല്ല എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആധാറിന്റെ വാദങ്ങള്‍ വരുന്നത് സ്വകാര്യതയ്ക്കുള്ള അവകാശം അടിസ്ഥാനമാക്കിയാണ്. സ്വകാര്യതയുടെ ലംഘനമാകുന്നത് കൊണ്ടാണ് ബയോമെട്രിക് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ല എന്ന് പറയുന്നത്. ഈ പ്രശ്‌നം ഒഴിവാക്കാനാണ് സ്വകാര്യത മൗലികാവകാശമല്ല എന്ന് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയാണ് അഞ്ച് അംഗ ബഞ്ചില്‍ നിന്ന് ഭരണഘടനാ ബഞ്ചിലേയ്ക്ക് കേസ് പോകുന്നത്. ഇതില്‍ പല കേസുകളുണ്ട്. ആദ്യം വന്ന പുട്ടസ്വാമിയുടെ കേസടക്കം. അതിന് ശേഷം ജയറാം രമേഷിന്റേതടക്കമുള്ള കേസുകളുണ്ട്. മണി ബില്‍ സംബന്ധിച്ച കേസ്, ആധാര്‍ ആക്ടുമായി ബന്ധപ്പെട്ട കേസ് – ഇങ്ങനെ പല കേസുകളുണ്ട്. എല്ലാത്തിന്റേയും പൊതുവായ കാര്യമായി വരുന്നത് സ്വകാര്യതയാണ്. ഇക്കാര്യത്തിലാണ് ഭരണഘടനാബഞ്ച് തീര്‍പ്പ് കല്‍പ്പിച്ചത്. സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അഞ്ചംഗ ബഞ്ച് ആധാറിനെ കാണുക.”

ആധാറിനായുള്ള വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും സൂക്ഷിച്ച് വയ്ക്കുന്നതും പൗരന്മാരുടെ സ്വകാര്യതയുടെ ലംഘനമെന്ന രീതിയില്‍ കാണേണ്ടി വരും. ബയോമെട്രിക് വിവരങ്ങളുടെ ശേഖരണവും സൂക്ഷിപ്പും അപ്പോള്‍ തെറ്റാകും എന്നാണ് വാദം. ബാങ്ക് അടക്കം എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും സ്റ്റോര്‍ ചെയ്യപ്പെടുന്ന അവസ്ഥയാണ്. ദിവസവും ചെയ്യുന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്തപ്പെടുന്ന അവസ്ഥ. അതില്‍ നിരീക്ഷണത്തിന്റെ പ്രശ്‌നം വരുന്നുണ്ട്. ആദായനികുതി റിട്ടേണ്‍ അടക്കം എല്ലാ കാര്യത്തിലും ആധാര്‍ നിര്‍ബന്ധമാക്കുന്നത് സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നം തന്നെയാണ്. ആധാര്‍ പദ്ധതി തന്നെ തെറ്റാണ് എന്നതാണ് ഏറ്റവും അടിസ്ഥാനപരമായി ഉന്നയിക്കപ്പെടുന്ന കാര്യം. ആ സ്‌കീം തന്നെ തെറ്റാണെന്ന് കോടതി പറയുകയാണെങ്കില്‍ അത് അപ്രസക്തമാകും.

ആധാര്‍ ആരെക്കൊണ്ടും നിര്‍ബന്ധിച്ച് എടുപ്പിക്കില്ലെന്നായിരുന്നു തുടക്കത്തില്‍ സര്‍ക്കാരിന്റെ വാദം. എന്നാല്‍ ആദ്യം സബ്‌സിഡികളില്‍ തുടങ്ങുകയും പിന്നീട് ഇത് എല്ലാ സേവനങ്ങള്‍ക്കും നിര്‍ബന്ധമാക്കുന്നതാണ് കാണുന്നത്. നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ആധാര്‍ ആക്ട് വരുന്നതിന് മുമ്പായിരുന്നു ഇത്. അതുകൊണ്ട് ഇപ്പോള്‍ എല്ലാത്തിനും ആധാര്‍ നിര്‍ബന്ധമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍