UPDATES

ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ വ്യാപക ആക്രമണം; നൂറുകണക്കിനാളുകൾ ഭയന്നോടുന്നു

സൈബർ സെൽ ജാഗ്രത പുലർത്തണമെന്ന് ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝാ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങൾക്കെതിരെ നിക്ഷിപ്ത താൽപര്യക്കാരായ ആളുകൾ വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് ഡിജിപി പറഞ്ഞു.

ഗുജറാത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ കലാപസമാനമായ ആക്രമണങ്ങള്‍ രൂക്ഷമാവുകയാണ്. 14 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചതിന് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായതോടെയാണ് ഗുജറാത്തില്‍ കലാപം ശക്തമാകുന്നത്. സെപ്തംബർ 28നായിരുന്നു ഈ സംഭവം. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ഗുജറാത്ത് വിടുകയാണ്. സെറാമിക് ഫാക്ടറിയിലെ തൊഴിലാളിയും ബീഹാര്‍ സ്വദേശിയുമായ രഘുവിര്‍ സാഹുവിനെയാണ് ബലാല്‍സംഗ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ എട്ടിനായിരുന്നു അ. ഗാന്ധിനഗര്‍, അഹമ്മദാബാദ്, പടാന്‍, സബര്‍കന്ത, മെഹ്സാന എന്നീ ജില്ലകളില്‍ തൊഴിലാളികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തുവരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ജീവനു കൊണ്ടോടുകയാണ്. ബസ്സുകളിലും ട്രെയിനുകളിലും കയറി ഏതുവിധേനയും നാട്ടിലെത്താനുള്ള പരക്കംപാച്ചിലാണ് എവിടെയും. കാര്യങ്ങൾ പൊലീസിന്റെ കൈപ്പിടിയില്‍ ഇനിയും ഒതുങ്ങിയിട്ടില്ല. 342 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.

ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഗുജറാത്തിലെ ഇര സംസ്ഥാന തൊഴിലാളികളിൽ അധികം പേരും. മഹ്സാന, സബർകാന്ത എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടികളുടെയും ഇതര സംഘടനകളുടെയും പ്രാദേശിക നേതാക്കന്മാരുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണിപ്പോൾ. സ്റ്റേറ്റ് റിസർവ്വ് പൊലീസിന്റെ 17 കമ്പനികളെ വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം

വാട്സാപ്പ് സന്ദേശങ്ങളിൽ പ്രകോപിതരായി ആളുകൾ നടത്തുന്ന കൊലപാതകങ്ങൾ ശക്തമായ ഘട്ടത്തിൽ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വാട്സാപ്പ് കമ്പനിയെ കുറ്റം ചാർത്തി രംഗത്തു വരികയുണുണ്ടായത്. എന്നാൽ വിദ്വേഷപ്രചാരണം വാട്സാപ്പല്ല അത് ജനങ്ങളാണ് നടത്തുന്നതെന്ന നിലപാടാണ് കമ്പനി എടുത്തത്. ഇതിനെ ഒരു സാമൂഹികപ്രശ്നമായി കാണുകയും വിദ്വേഷപ്രചാരണത്തിന്റെ വേരുകൾ അറുക്കുകയുമാണ് വേണ്ടത്. അല്ലാതെ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയ സംവിധാനത്തെ തകരാറിലാക്കിയതു കൊണ്ട് പരിഹാരമാകില്ലെന്നും വാട്സാപ്പ് നിലപാടെടുത്തു. എന്നാൽ വാട്സാപ്പ് കൊലപാതകങ്ങൾ ഒരു ‘സാങ്കേതിക പ്രശ്നം’ മാത്രമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും വാട്സാപ്പിന് അന്ത്യശാസനം നൽകുകയുമാണ് കേന്ദ്രം ചെയ്തത്. രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ ആവശ്യങ്ങൾക്കായി രൂപീകരിച്ച വിദ്വേഷ പ്രചാരണ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമാണ് ഉത്തരേന്ത്യൻ നാടുകളിൽ‌. വാട്സാപ്പ് സന്ദേശങ്ങളെ ആധാരമാക്കിയുള്ള ആക്രമണങ്ങളും കൊലപാതങ്ങളും ഏറ്റവും കൂടുതൽ നടക്കുന്ന ഇവിടങ്ങളിൽ വിദ്വേഷപ്രചാരണത്തിന് ശക്തി ഏറെയാണ്.

വിദ്വേഷപ്രചാരണം തടയാൻ സൈബർ സെൽ യൂണിറ്റ് രാവും പകലും പ്രവർത്തിക്കുകയാണ് ഗുജറാത്തിൽ ഇപ്പോൾ. വിദ്വേഷപ്രചാരണം നടത്തുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും പിടികൂടുകയാണ് ഇവർ ചെയ്യുന്നത്. ഇതുവരെ ആറുപേരെ പിടികൂടിയിട്ടുണ്ട്. പക്ഷെ, പ്രചാരണങ്ങൾ അതിന്റെ ഏറ്റവും കടുത്ത നിലയിലേക്ക് വളർന്നു കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം.

സൈബർ സെൽ ജാഗ്രത പുലർത്തണമെന്ന് ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝാ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങൾക്കെതിരെ നിക്ഷിപ്ത താൽപര്യക്കാരായ ആളുകൾ വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് ഡിജിപി പറഞ്ഞു. അതെസമയം തൊഴിലാളികൾ ഗുജറാത്തിൽ നിന്നും വണ്ടി കയറുന്നത് ആക്രമണം ഭയന്ന് മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽസവസീസൺ അടുത്തിരിക്കുകയാണ്. പേടി കൊണ്ട് ആരെങ്കിലും ഗുജറാത്ത് വിട്ടു പോകുന്നുണ്ടെങ്കിൽ അവരെ തിരികെ കൊണ്ടുവരാൻ റെയിൽവേസ്റ്റേഷനിലേക്കും ബസ്റ്റാൻഡുകളിലേക്കും താൻ ഉദ്യോഗസ്ഥരെ പറഞ്ഞയയ്ക്കുന്നുണ്ടെന്നും ഝാ പറഞ്ഞു.

അൽപേഷ് താക്കുറിനെതിരെ സംസ്ഥാന സർക്കാർ

പ്രശ്നത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സ് നേതാവ് അൽപേഷ് താക്കൂറിന്റെ തലയിലിട്ട് മാറാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായി ആരോപണമുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരാറിലായെന്ന ആരോപണമുയർന്നതോടെയാണ് കാരണക്കാരൻ അൽപേഷ് ആണെന്ന വാദവുമായി സർക്കാർ രംഗത്തെത്തിയത്. പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്നുമുതൽ (ഒക്ടോബർ 8) അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു കോണ്‍ഗ്രസ് എംഎല്‍എയും ബിഹാറിലെ എഐസിസി ചുമതലയുമുള്ള അൽപേഷ്. ഠാക്കൂര്‍ വിഭാഗത്തില്‍പെട്ട കുഞ്ഞാണ് അക്രമത്തിനിരയായത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചുവെങ്കിലും തുക അഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്നാണ് അല്‍പേഷ് ആവശ്യപ്പെടുന്നത്.

 


അതേസമയം, തൊഴിലാളികളുടെ സംരക്ഷണത്തിന് ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ജിസിസിഐ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുടിയേറ്റത്തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും, ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, ഈ ആക്രമണങ്ങള്‍ അപലപനീയമാണെന്നും ജിസിസിഐ, സിഇഒ ഹസ്മുഖ് ഹിങ് പറഞ്ഞു.

അക്രമം ഭയന്ന് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ നിരവധി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ ശിവാനന്ദ് ഝാ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളാണ് ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെന്നും, കിംവദന്തികള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നതിനായി ഗുജറാത്ത് പോലീസിന്റെ സൈബര്‍ സെല്‍ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട ബലാത്സംഗ കേസുകള്‍ പരിഗണിക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയ് റുപാനി ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്.

അൽപേഷിനെ കുറ്റം ചാർത്തി ബിജെപി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് മറ്റൊരു കോൺഗ്രസ്സ് നേതാവായ സഞ്ജയ് നിരുപം രംഗത്തെത്തി. ബിഹാറിൽ വേരുകളുള്ള ഇദ്ദേഹം മുംബൈയിൽ പാർട്ടിയുടെ ഉന്നത നേതാവു കൂടിയാണ്.

തന്റെ നാട്ടിൽ നിന്ന് ഉത്തർപ്രദേശിലെയും ബിഹാറിലെയും മധ്യപ്രദേശിലെയും ജനങ്ങളെ തല്ലിയോടിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് വാരാണസിയിൽ പോകേണ്ടി വരുമെന്ന് ആലോചിക്കണമെന്ന് നിരുപം പറഞ്ഞു. ‘വാരാണസിയാണ് ഗുജറാത്തിയായ മോദിയെ സ്വീകരിച്ചതും പ്രധാനമന്ത്രിയാക്കിയതും’: അദ്ദേഹം പറഞ്ഞു.

‘പത്മാവത്’ കാരണമായി; അതിക്രമസമരങ്ങള്‍ക്കെതിരെയുള്ള സുപ്രീം കോടതി വിധിയ്ക്കു പിന്നില്‍ കേരളത്തിലെ ഈ പ്രാദേശിക ചലച്ചിത്രക്കൂട്ടായ്മയാണ്

‘അററകൈക്ക് ഉപ്പു തേക്കാത്ത എന്റെ വർഗത്തെ ഓർത്ത് ലജ്ജിക്കുന്നു’;സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത എയ്‌ഡഡ്‌ കോളേജ് അധ്യാപകർക്കെതിരെ ഡോ: കെടി ജലീൽ

ഡല്‍ഹി ചേരികളിലെ ആവര്‍ത്തിക്കുന്ന തീ പിടുത്തം കുടിയൊഴിപ്പിക്കാന്‍ വേണ്ടിയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍