UPDATES

ഇന്ത്യ

ആര്‍.കെ ധവാന്‍ ഇനിയില്ല, പക്ഷേ ഇന്ത്യയെ അറിയണമെങ്കില്‍ ധവാന്‍ ആരെന്നു കൂടി അറിയണം

ആരായിരുന്നു ധവാന്‍, എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ ഒരു അണിയറക്കാരനായി ആ പഴയ ടൈപ്പിസ്റ്റ് മാറിയത് എന്ന് വിശദമാക്കുന്ന പുസ്തകത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്ത അനുയായിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍.കെ ധവാന്‍ ഇന്നലെ അന്തരിച്ചു. ഇന്ത്യന്‍ സാമൂഹിക, രാഷ്ട്രീയ ചരിത്രത്തിലെ ആറു ദശകങ്ങള്‍ കടന്നുപോയത് ധവാന്റെ കണ്‍മുമ്പിലൂടെയായിരുന്നു. അതിന്റെ ഒത്ത നടുക്ക് ഒരു നിര്‍ണായക ശക്തിയായി ധവാന്‍ ഉണ്ടായിരുന്നു. ആരായിരുന്നു ധവാന്‍, എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ ഒരു അണിയറക്കാരനായി ആ പഴയ ടൈപ്പിസ്റ്റ് മാറിയത് എന്ന് വിശദമാക്കുന്നതാണ് പ്രമുഖ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും ദി ഹിന്ദു ദിനപത്രത്തിന്റെ ദേശീയ സുരക്ഷാ എഡിറ്ററുമായ ജോസി ജോസഫിന്റെ ‘A Feast of Vultures: The Hidden Business of Democracy in India‘ എന്ന പുസ്തകത്തിലെ ഒരധ്യായം. മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഈ പുസ്തകത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങള്‍.

ന്യൂഡല്‍ഹില്‍ അതൊരു തെളിഞ്ഞ പ്രഭാതമായിരുന്നു. വെളുപ്പും കറുപ്പും കരകളുള്ള മഞ്ഞ കോട്ടണ്‍ സാരിയും ഒരു സാധാരണ കറുത്ത വള്ളിച്ചെരിപ്പും ധരിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വീടിന് പുറത്തേക്ക് വന്നു. അവര്‍ നടക്കുകയായിരുന്നില്ല, എപ്പോഴത്തേയും പോലെ തിടുക്കത്തിലുള്ള നടത്തം. ഇന്ദിരയുടെ ഔദ്യോഗിക വസതിയോടു ചേര്‍ന്നുള്ള അടുത്ത ബംഗ്ലാവില്‍ അക്കാദമി അവാര്‍ഡ് ജേതാവും നടനും കോളമിസ്റ്റുമൊക്കെയായ പീറ്റര്‍ ഉസ്തിനോവ് അവരെ ഇന്റര്‍വ്യൂ ചെയ്യാനായി കാത്തിരിക്കുന്നു. നിശ്ചയിച്ചുറപ്പിച്ചതില്‍ നിന്നും അര മണിക്കൂറോളം വൈകിയിരുന്നു പ്രധാനമന്ത്രി.

രണ്ടു വസതികളുടേയും ഇടയ്ക്കുള്ള ചെറിയ ഗേറ്റ് കടന്നുവന്ന അവര്‍ക്കു നേരെ, ഒരു ദശകത്തോളമായി അവരുടെ സുരക്ഷ നോക്കിയിരുന്നു സബ് ഇന്‍സ്‌പെക്ടര്‍ ബിയാന്ത് സിംഗ് നിറയൊഴിച്ചു; മൂന്നു വട്ടം. വെടിയേറ്റ് അവര്‍ നിലത്തേക്ക് വീണതോടെ സത്‌വന്ത് സിംഗിന്റേതായിരുന്നു അടുത്ത ഊഴം. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ 10 മാസം മാത്രമായിട്ടേ ഉണ്ടായിരുന്നുള്ളൂ ആ 21-കാരന്‍. 30 ബുള്ളറ്റുകളാണ് അയാളുടെ തോക്കില്‍ നിന്ന് ഇന്ദിരയുടെ ദേഹത്തേക്ക് പാഞ്ഞത്. ഇരുവരും തോക്കുകള്‍ താഴെയിട്ടു, എന്നിട്ട് അതിലൊരാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു: “ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്തു കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് ചെയ്യേണ്ടത് നിങ്ങള്‍ക്കാകാം…”. തങ്ങളുടെ ഏറ്റവും പൂജനീയ സ്ഥലമായി കരുതപ്പെടുന്ന സുവര്‍ണ ക്ഷേത്രത്തില്‍, ഒളിച്ചിരുന്ന സിക്ക് വിഘടനവാദി നേതാക്കളെ പുറത്തുചാടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് ഉത്തരവ് നല്‍കിയ ഇന്ദിരാ ഗാന്ധിയോടുള്ള പ്രതികാരം തീര്‍ക്കുകയായിരുന്നു ആ രണ്ട് സിക്ക് സുരക്ഷാ ഭടന്മാരും.

ഇന്ദിരാ ഗാന്ധി വെടിയേറ്റു വീഴുമ്പോള്‍ അവരുടെ ഏതാനും വാരയകലെ രാജേന്ദ്ര കുമാര്‍ ധവാന്‍ ഉണ്ടായിരുന്നു, എന്നാല്‍ അതില്‍ ഒരു ബുള്ളറ്റു പോലും അദ്ദേഹത്തെ തൊട്ടില്ല. അതാണ് സമകാലീന ഇന്ത്യയില്‍ ആര്‍.കെ ധവാന്റെ സ്ഥിരം സ്ഥാനം: ചരിത്രത്തില്‍ നിന്ന് ഏതാനും അടി അകലെ. തന്റെ ബോസ് മന്ത്രിക്കുന്നതു പോലും കേള്‍ക്കാനും അവര്‍ നല്‍കുന്ന സൂചനകള്‍ അറിയാനും പറയുന്നത് എഴുതിയെടുക്കാനും ശല്യക്കാരെ അകറ്റി നിര്‍ത്താനുമൊക്കെയുള്ളത്ര അടുപ്പമാണത്. അയാള്‍ എല്ലാത്തിനും സാക്ഷിയായിരുന്നു: അക്രമങ്ങളും നാടകങ്ങളും ഉപജാപങ്ങളും ഒക്കെ ഉള്‍പ്പെട്ട, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി മാറുന്നതിനെടുത്ത എല്ലാ പോരാട്ടങ്ങളും അടുത്തു നിന്നു കണ്ട ഒരാള്‍. മറ്റുള്ളവരെ ഇന്ദിരാ ഗാന്ധിയുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണിയായി അയാള്‍ അപ്പോഴേക്കും മാറിയിരുന്നു: അവരുടെ മന്ത്രിസഭാംഗങ്ങള്‍ ഉള്‍പ്പെടെ.
തനിക്കു ചുറ്റുമുള്ള വ്യക്തികളിലൂടെ ചരിത്രം രചിക്കപ്പെടുമ്പോഴും അതിന്റെ ഭാഗമാകാതെ, ചരിത്രത്തിന്റെ തിരക്കുപിടിച്ച ഇടനാഴികളിലൂടെ അയാള്‍ ആര്‍ക്കു മുന്നിലും പ്രത്യക്ഷനാകാതെ നടന്നു. നിശ്ചയിച്ചുറപ്പിച്ച തന്റെ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട്. അധികാരത്തിലിരിക്കുന്നവരുടെ വലംകൈയയായി മാറി അധികാരം കൈയാളുന്ന സ്‌റ്റെനോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പേരുടെ ഉദാഹരണങ്ങളിലൊന്നാണ് ആര്‍.കെ ധവാന്‍ എന്ന ടൈപ്പിസ്റ്റിന്റെ ഏറെക്കുറെ നിശബ്ദമായ യാത്ര. ധവാന്‍ അവരില്‍ ഏറ്റവും പ്രശസ്തനായ ഒരാളാണെങ്കിലും സാധാരണക്കാര്‍ക്കും നയരൂപീകര്‍ത്താക്കള്‍ക്കും ഇടയില്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് പേരുണ്ട്.

ഈ വിശ്വസ്തരായ അനുയായികളുകള്‍ക്കുള്ള പ്രാഥമിക യോഗ്യതയും കഴിവും, വേഗത്തിലും കൃത്യമായും കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുക എന്നതാണ്. ശക്തനായ ഒരു ബോസിന്റെ കീഴില്‍ ജോലി ലഭിക്കുന്നതോടെ അവര്‍ മറ്റ് കഴിവുകള്‍ സ്വായത്തമാക്കുന്നു; രഹസ്യങ്ങള്‍ സൂക്ഷിക്കുക, ബോസിന്റെ പേരില്‍ വിലപേശല്‍ നടത്തുക, ബോസിന്റെ മനസ് കൃത്യമായി വായിക്കുകയും അവര്‍ക്കു വേണ്ടി സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യുക തുടങ്ങിയവയാണത്.

നയരൂപീകരണം നടത്തുന്നവരുടെ ചേംബറിലേക്കുള്ള വാതില്‍ ഈ അനുയായികളുടെ മുന്നില്‍ എപ്പോഴും തുറന്നുകിടക്കും. ആനുകൂല്യങ്ങള്‍ തേടിയെത്തുന്നവരുടെ സന്ദേശങ്ങള്‍ ബോസിനെ അറിയിക്കുക, ചിലപ്പോള്‍ അവര്‍ തന്നെ അത്തരം കാര്യങ്ങള്‍ നടത്തിക്കൊടുക്കുക, തന്റെ യജമാനനു വേണ്ടി അതിന്റെ പ്രതിഫലം കൈപ്പറ്റുക, അതില്‍ നിന്ന് തനിക്കുള്ള വിഹിതവും സ്വന്തമാക്കുക, പെണ്ണും മദ്യവും എന്നുവേണ്ട ബോസിനു വേണ്ടതൊക്കെ എത്തിച്ചുകൊടുക്കുക എന്നു തുടങ്ങി ആ നിര നീണ്ടതാണ്. ഈ രഹസ്യങ്ങള്‍ ഒരിക്കലും പുറംലോകമറിയില്ലെന്നും രഹസ്യങ്ങള്‍ അവര്‍ക്കൊപ്പം അവരുടെ കുഴിമാടങ്ങളില്‍ കുഴിച്ചു മൂടപ്പെടുമെന്നുമാണ് ഇതിലെ അപ്രഖ്യാപിത കരാര്‍.

ഗാന്ധി കുടുംബവും ഇന്ത്യയിലെ വലിയൊരു വിഭാഗവും, പ്രത്യേകിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ക്കിടയിലുള്ള അധികാരത്തിന്റെ നടത്തിപ്പുകാരനായി കുറിയ, പ്രത്യേക വിശേഷണങ്ങളൊന്നും പറയാനില്ലാത്ത ധവാന്‍ മാറി. ആധുനിക ഇന്ത്യ എന്താണെന്ന് മനസിലാക്കുന്നതിനും വിശാലവും ശബ്ദമുഖരിതവുമായ ഈ രാജ്യത്തിന്റെ ഭരണസംവിധാനം എങ്ങനെ ചലിക്കുന്നുവെന്നും മനസിലാക്കാനുള്ള ഉത്തമ ഉദാഹരണമാണ് ധവാന്റെ ജീവിതം.
ആ കഥ തുടങ്ങുന്നത് 1947-ലെ ഇന്ത്യാ വിഭജനത്തോടെയാണ്. ഗ്രാമീണ പാക്കിസ്ഥാനിലെ കാര്‍ഷിക ജീവിതത്തിന്റെ സമൃദ്ധിയില്‍ നിന്ന് 1947-ലാണ് അന്നു പത്തു വയസുള്ള ധവാന്‍ പറിച്ചെറിയപ്പെടുന്നത്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡം സാക്ഷ്യം വഹിച്ച വിഭജനം. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശുമായി പില്‍ക്കാലത്തു മാറിയ, പുതുതായി വരച്ച അതിര്‍ത്തികള്‍ താണ്ടി ദശലക്ഷക്കണക്കിനാളുകളുടെ ദുരിതപ്പലായനം. ധവാനും കുടുംബത്തിലെ 10 പേരും അങ്ങനെ ഇന്ത്യയിലേക്കുള്ള കഷ്ടതകള്‍ നിറഞ്ഞ യാത്ര ആരംഭിച്ചു. ആദ്യം പാക്കിസ്ഥാനിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍, ഒടുവില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക്. അവിടെ ലുധിയാനയിലെ ക്യാമ്പിലാദ്യം. മലേറിയയും വിശപ്പുമൊക്കെ വേട്ടയാടിയ ആ ക്യാമ്പിലെ ദുരിതങ്ങക്കെുറിച്ച് ധവാന്‍ പില്‍ക്കാലത്ത് ഓര്‍മിക്കുന്നുണ്ട്. അവിടെ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാ മധ്യേ കുരുക്ഷേത്രയില്‍ വീണ്ടും തങ്ങേണ്ടി വരുന്നു, കാരണം അഭയാര്‍ഥികളെക്കൊണ്ട് ഡല്‍ഹി നിറഞ്ഞിരിക്കുന്നു. ഒടുവില്‍, ദിവസങ്ങള്‍ക്കു ശേഷം ഒരു ചരക്കു തീവണ്ടിയില്‍ രണ്ടുദിവസം കൊണ്ട് 160 കിലോ മീറ്ററുകള്‍ താണ്ടി ഡല്‍ഹയിലേക്ക്.

അമ്മയുടെ ബന്ധത്തിലുള്ള ഒരു ബന്ധുവിന്റെ കരോള്‍ ബാഗിലുള്ള വീട്ടിലായി ആ കുടുംബം താത്ക്കാലം. അവിടെ ഒരു സാധാരണ സ്‌കൂളില്‍ ചേര്‍ന്ന ധവാന്‍ അവിടെ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1955-നും 57-നുമിടയില്‍ ടൈപ്പിംഗും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ച ധവാന് ആകാശവാണിയില്‍ സ്‌റ്റെനോഗ്രാഫറായി ജോലിയും ശരിയായി. 1962; അവിടെയാണ് മറ്റൊരു ചരിത്രം തുടങ്ങുന്നത്. ധവാന്റെ ഒരു ബന്ധു, യശ്പാല്‍ കപൂര്‍, അന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം അന്ന് യുവാവായ ധവാനെയും കൂട്ടി പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ന്യൂയോര്‍ക്ക് വേള്‍ഡ് ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാ ഗാന്ധി നിയമിതയായ വര്‍ഷം. ഇന്ദിരയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി ധവാന്‍ നിയമിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാദനായികയും സ്വാധീനശേഷിയുള്ള രാഷ്ട്രീയ നേതാവുമായി മാറിയ ഇന്ദിരയുമായുള്ള ധവാന്റെ അടുപ്പം അവിടെ ആരംഭിക്കുകയായിരുന്നു.

എല്ലാ ദിവസവും രാവിലെ എട്ട് മണിക്ക് വെള്ള സഫാരി സ്യൂട്ടും ധരിച്ച് ധവാന്‍ ഇന്ദിരയുടെ ഓഫീസിലെത്തി. “എനിക്കവരെ അറിയാമായിരുന്നു. ഞാനെങ്ങനെയാണ് ജോലി ചെയ്യുന്നതെന്നും എത്രത്തോളം കഠിനാധ്വാനിയാണെന്നും അവര്‍ മനസിലാക്കിയിരുന്നു. എത്രത്തോളം വിധേയത്വം എനിക്കുണ്ടെന്നും അവര്‍ക്കറിയാമായിരുന്നു. എല്ലാ ദിവസവും രാവിലെ എട്ടു മണിക്ക് അവിടെയെത്തുന്ന ഞാന്‍ അവര്‍ ജോലി അവസാനിപ്പിക്കുന്ന രാത്രി 12 മണി വരെ അവിടെ നിന്നു, വര്‍ഷത്തിലെ 365 ദിവസവും. ആ 22 വര്‍ഷം ഞാനൊരു അവധി പോലുമെടുത്തില്ല, അത് ദീപാവലിയാകട്ടെ, ഹോളിയാകട്ടെ, ദസറയാകട്ടെ, ഞാനവിടെയുണ്ടായിരുന്നു- 2014-ല്‍ ധവാന്‍ എന്നോടു പറഞ്ഞു. ഡല്‍ഹിയിലെ ഏറ്റവും വിലപിടിപ്പുള്ള റസിഡന്‍ഷ്യല്‍ കോളനികളിലൊന്നായ ജോര്‍ ബാഗിലുള്ള ധവാന്റെ മനോഹരമായ വീടിന്റെ മുന്നിലെ പുല്‍ത്തകിടിയില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍.

തന്റെ അസാധാരണമായ ജീവിതത്തെക്കുറിച്ച് ധവാന്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ കൂടെക്കൂടെ സന്ദര്‍ശകള്‍ കയറിവന്നു, അനുഗ്രഹത്തിനായി അദ്ദേഹത്തിന്റെ കാല്‍ തൊട്ടു വന്ദിച്ചു. ഇതിനിടെ, അനുയായികളിലൊരാള്‍ ഒരുകെട്ട് കത്തുകള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചതോടെ ധവാന്‍ അത് തുറന്നു വായിക്കാന്‍ തുടങ്ങി. കൂടുതലും അടുത്തുള്ള ദേവാലയങ്ങളില്‍ നടക്കുന്ന പ്രാര്‍ഥനകള്‍ക്കുള്ള ക്ഷണങ്ങള്‍. ധവാന് പ്രായാധിക്യത്തിന്റെ അവശതകളുണ്ട്, എങ്കിലും ദശകങ്ങള്‍ നീണ്ട വിശ്രമമില്ലാതെ ഓട്ടത്തിനിടയില്‍ ലഭിക്കാതെ പോയ വിശ്രമവും ഇപ്പോള്‍ ലഭിക്കുന്ന വിശേഷപ്പെട്ട പരിഗണനയുമൊക്കെ അദ്ദേഹം ആസ്വദിക്കുന്നതായി തോന്നി. 74 വയസായിരുന്നു അപ്പോള്‍ ധവാന്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹം കഴിച്ചതു കൂടാതെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള കുറിപ്പുകളും അദ്ദേഹം എഴുതിത്തുടങ്ങിയിരുന്നു. 1990-കളില്‍ വിവാഹമോചിതയായി ക്യാനഡയില്‍ നിന്ന് മകളുമൊത്ത് മടങ്ങി വന്നതിനു ശേഷം അച്‌ല, ധവാനൊപ്പം നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു. 2011 ഒക്‌ടോബറില്‍ വിവാഹിതരായ അവര്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നും സംഘടിപ്പിച്ചു. “നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളെ ആത്മമിത്രങ്ങള്‍ എന്നു വിളിക്കാം. ഏറെക്കാലമായി ഞങ്ങള്‍ തമ്മില്‍ പരസ്പരമറിയാം. എല്ലാ ദിവസവും ഞാന്‍ അദ്ദേഹത്തെ വന്നു കാണാറുമുണ്ട്”- അച്‌ല ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത് ഇങ്ങനെയാണ്.

“ആ സമയത്ത് വിവാഹം കഴിക്കാനൊന്നും സമയമുണ്ടായിരുന്നില്ല. ഞാന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഒന്നുകില്‍ അവരെ ഞാന്‍ ഡൈവോഴ്‌സ് ചെയ്‌തേനെ, അല്ലെങ്കില്‍ എന്റെ അയല്‍ക്കാരന്‍ അവരെ തട്ടിയെടുത്തേനെ”- ഒരു വിളറിയ ചിരിയോടെ ധവാന്‍ പറഞ്ഞു. ഒപ്പം, തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഇന്ദിരാ ഗാന്ധി ഒരിക്കല്‍പ്പോലും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

1972-ലാണ് ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യങ്ങള്‍ ധവാന്‍ കൈകാര്യം ചെയ്തു തുടങ്ങുന്നത്. സൈനിക നടപടിയിലൂടെ ബംഗ്ലാദേശിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറ്റിയ ആ സമയത്ത് പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു പ്രധാനമന്ത്രി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കാശ്മീരിലും ഉയര്‍ന്ന, ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്ന ആവശ്യത്തെ അമര്‍ച്ച ചെയ്തതിനൊപ്പം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് തന്നെ കേന്ദ്രീകരിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. അതായിരുന്നു പട്ടിണിയെ ഉച്ചാടനം ചെയ്യുക (ഗരീബി ഹഠാവോ) എന്ന മുദ്രാവാക്യം. പക്ഷേ അതേ സമയത്ത് തന്നെയാണ് രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നതും. അവരുടെ സ്വേച്ഛാപരമായ പ്രവര്‍ത്തന രീതിയോടും അവര്‍ നടപ്പാക്കിയ പല തീരുമാനങ്ങളോടുമുള്ള എതിര്‍പ്പായിരുന്നു അതിന്റെ കാരണങ്ങള്‍.

1975 ജൂണ്‍ 12-ന് അലഹബാദ് ഹൈക്കോടതി, ഇന്ദിരാ ഗാന്ധി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അസാധുവാണെന്ന് ഉത്തരവിട്ടു. ഇന്ദിരയുടെ രാജിക്കായി മുറവിളി കൂട്ടിയിരുന്നവര്‍ക്ക് ലഭിച്ച മികച്ച ആയുധമായിരുന്നു അത്. എന്നാല്‍ ജൂണ്‍ 25-ന് അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ എല്ലാ പൗരസ്വാതന്ത്ര്യങ്ങള്‍ക്കും വിലക്കു വീണു, അവരുടെ ആജ്ഞകള്‍ മാത്രം നടപ്പായി. അങ്ങനെ ഇന്ത്യന്‍ ജനാധിപത്യം സ്വേച്ഛാധിപത്യത്തിന് വഴിമാറി. ഇന്ദിരയ്ക്കു ചുറ്റുമുള്ള ഒരു ഉപജാപക വൃന്ദമായിരുന്നു എല്ലാത്തിനും ചുക്കാന്‍ പിടിച്ചത്. പ്രധാനമായും അവരുടെ മകന്‍ സഞ്ജയ്, ധവാന്‍ ഒപ്പം മറ്റു ചിലരും ചേര്‍ന്ന ഒരു സംഘം. “ആ ദിവസങ്ങളെക്കുറിച്ച് കറെയധികം അസംബന്ധങ്ങള്‍ പറഞ്ഞു കഴിഞ്ഞു…”, അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ധവാന്‍ പറഞ്ഞു. “അവര്‍ അധികാരത്തിലുണ്ടോ ഇല്ലയോ എന്നതൊന്നും ഞാന്‍ കാര്യമാക്കിയില്ല. ഞാന്‍ മിസിസ് ഗാന്ധിക്ക് വേണ്ടിയാണ് ജോലി ചെയ്തത്…”. ഒരുപക്ഷേ ധവാന്‍ ശരിയായിരിക്കാം, എന്തിനാണ് ഇത്തരം ധാര്‍മിക പ്രശ്‌നങ്ങളില്‍ അദ്ദേഹം വീണ്ടും മുഴുകേണ്ട ആവശ്യമുള്ളത്?

1977-ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുകയും അതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരയും കോണ്‍ഗ്രസും തറപറ്റുകയും ചെയ്തു. അധികാരത്തില്‍ നിന്നു പുറത്തായ, ഏകാകിയായ ഇന്ദിരയ്ക്ക് തന്റെ കത്തുകള്‍ ടൈപ്പ് ചെയ്യാന്‍ അപ്പോഴും ആരെങ്കിലും ആവശ്യമായിരുന്നു. അപ്പോഴേക്കും രാഷ്ട്രീയ സഹായി ആയിക്കഴിഞ്ഞിരുന്ന ധവാനെ ടൈപ്പിസ്റ്റ് പദവി വീണ്ടും ഏല്‍പ്പിക്കുക സാധ്യമല്ലായിരുന്നു. വിശ്വസിക്കാവുന്ന, വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഒരാളെ തനിക്ക് നല്‍കാന്‍ ഇന്ദിര പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. അയാളായിരുന്നു വിന്‍സന്റ് ജോര്‍ജ്, ധവാനെപ്പോലെ ഗാന്ധി കുടുംബത്തിന്റെ വിശ്വാസം നേടിയെടുക്കുകയും അധികാരത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന് അതിനെ നിയന്ത്രിക്കുകയും ചെയ്ത ആള്‍. വിന്‍സെന്റിനെക്കുറിച്ച് ഞാന്‍ ധവാനോട് ചോദിച്ചപ്പോള്‍ യാതൊരു ഭാവഭേദവും കൂടാതെ അദ്ദേഹം പറഞ്ഞു: “അയാള്‍ കുഴപ്പമില്ലായിരുന്നു, മറ്റേതൊരു മനുഷ്യരേയും പോലെ.” പൊതുവായ കാര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നെങ്കില്‍പ്പോലും വിന്‍സെന്റിനെക്കുറിച്ച് അധികമൊന്നും പറയാനുണ്ടായിരുന്നില്ല ധവാന്.

1974-ലാണ് വിന്‍സെന്റ് ജോര്‍ജ് കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. മികച്ച സാമ്പത്തിക സുരക്ഷിതത്വം തേടി ഡല്‍ഹിയിലെത്തിയ ചെറുപ്പക്കാരനായ ജോര്‍ജിന് അറിയാവുന്ന ഏക തൊഴില്‍ വേഗത്തില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവായിരുന്നു – ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഏറ്റവും വേഗതയേറിയ ടൈപ്പിസ്റ്റിനുള്ള അവാര്‍ഡ് അയാള്‍ കേരളത്തില്‍ നേടിയിട്ടുണ്ട് എന്നാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനത്ത് ടൈപ്പിസ്റ്റായി വിന്‍സെന്റ് ജോലിയില്‍ പ്രവേശിച്ചു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രണ്ടു മക്കളില്‍ ഇളയയാളായ സഞ്ജയ് ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിന്‍സെന്റിന്റെ ഭാഗ്യം മാറിമറിയുന്നത്.

1980-ലുണ്ടായ ഒരു വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതോടെ അയാളുടെ മൂത്ത ജ്യേഷ്ഠനും ഒരു കൊമേഴ്‌സ്യല്‍ പൈലറ്റുമായിരുന്ന രാജീവ് ഗാന്ധി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജീവിനെ സഹായിക്കാനായി നിയമിക്കപ്പെട്ടത് വിന്‍സെന്റ് ആയിരുന്നു – ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു ബോസ് – വിശ്വസ്തന്‍ ബന്ധം. 1984-ല്‍ ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചതോടെ രാജീവ് ഗാന്ധി അപ്രതീക്ഷിതമായി പ്രധാനമന്ത്രി കസേരയിലെത്തുകയും അദ്ദേഹത്തിനൊപ്പം ജോര്‍ജും പ്രധാനമന്ത്രിയുടെ ഓഫീസി (പി.എം.ഒ)ലെത്തുകയും ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ജോര്‍ജിന് ന്യൂഡല്‍ഹിയില്‍ സര്‍ക്കാര്‍ വക താമസസൗകര്യവും ലഭിച്ചു – പി.എം.ഒയിലെ അവിഭാജ്യ ഘടകമായി ജോര്‍ജ് മാറി. ഇന്ദിരാ ഗാന്ധിക്ക് ധവാന്‍ എങ്ങനെയായിരുന്നോ അതുപോലെ രാജീവ് ഗാന്ധിയിലേക്കുള്ള വഴി ജോര്‍ജായിത്തീര്‍ന്നു. രാജീവുമായുള്ള കൂടിക്കാഴ്ച ഒരുക്കുന്നതു മുതല്‍ ഏതെങ്കിലും മീറ്റിംഗിനിടയ്ക്ക് അത് വെട്ടിച്ചുരുക്കാനും വേണമെങ്കില്‍ അത് നീട്ടിക്കൊടുക്കാനും ഒക്കെ അധികാരമുള്ളയാള്‍. 1991 മെയില്‍ തമിഴ്‌നാട്ടിലെ മദ്രാസി (ഇന്നത്തെ ചെന്നൈ)നടുത്തുള്ള ശ്രീപെരുംപത്തുരില്‍ വച്ച് ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിള്‍ ഈഴ (എല്‍.റ്റി.റ്റി.ഇ)ത്തിലെ ഒരു സൂയിസൈഡ് ബോംബര്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഗാന്ധി-നെഹ്‌റു കുടുംബത്തില്‍ നിന്ന് കൊല്ലപ്പെടുന്ന രണ്ടാമത്തെയാളായി രാജീവ് ഗാന്ധി മാറി. ദു:ഖാതുരരായ രാജീവിന്റെ വിധവ സോണിയാ ഗാന്ധിക്കും കുട്ടികളായ പ്രിയങ്കയ്ക്കും രാഹുലിനും ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും മുന്‍കൈയെടുത്തുകൊണ്ട് ജോര്‍ജ്, ഗാന്ധി കുടുംബത്തിനൊപ്പം നിന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ ഉപജാപങ്ങളെയും അതിജീവിക്കാന്‍ ഗാന്ധി കുടുംബത്തിനുള്ള രക്ഷകനായി ജോര്‍ജ് മാറിയെന്ന് പറയാം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഹ്‌റു-ഗാന്ധിമാര്‍ക്കുള്ള പ്രസക്തിയെക്കുറിച്ച് ആവശ്യമായ സമയത്ത് വേണ്ട സന്ദേശം നല്‍കുന്നതിന് പിന്നില്‍ ചരടുവലിച്ചതും ജോര്‍ജായിരുന്നു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കൗടില്യനായ നരസിംഹ റാവു തന്റെ വിശ്രമ ജീവിതത്തില്‍ നിന്ന് തിരിച്ചെത്തി പ്രധാനമന്ത്രിയായി. താന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു വ്യക്തമാക്കി റാവുവിനോട് മടങ്ങിവരാന്‍ പ്രേരിപ്പിച്ചത് സോണിയാ ഗാന്ധിയായിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തോടുള്ള വൈരം റാവു വൈകാതെ തന്നെ പ്രകടിപ്പിച്ചു തുടങ്ങി. ഈ സമയത്ത് ഗാന്ധി കുടുംബത്തിനൊപ്പം ഉറച്ചു നിന്നവരെ സംഘടിപ്പിച്ച് ജോര്‍ജ് ഇതിനെതിരെ ശക്തമായി തന്നെ പിന്നില്‍ നിന്ന് പട നയിച്ചു. ഇതിനുള്ള റാവു സര്‍ക്കാരിന്റെ പ്രതികരണം, ജോര്‍ജ് താമസിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കണമെന്ന നിര്‍ദേശമായിരുന്നു.

ജോര്‍ജിന്റെ ഭാര്യാ സഹോദരനായ സാബു ചാക്കോ അധോലോക കുറ്റവാളികളെ ഡല്‍ഹിയില്‍ ഒളിവില്‍ പാര്‍പ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലാവുകയും ഏതാനും വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തത് ഇതിനിടെയാണ്. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥനായിരുന്ന സാബുവിന്റെ നിരപരാധിത്വം തെളിയിക്കാനായി ജോര്‍ജും കുടുംബവും അന്ന് മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. ഗാന്ധി കുടുംബത്തോടുള്ള വിധേയത്വത്തിന് ജോര്‍ജ് കൊടുക്കുന്ന വിലയാണ് ഇതെല്ലാമെന്ന് യാതൊരു സംശയവുമുണ്ടായിരുന്നില്ല, മാത്രമല്ല, ജോര്‍ജിന്റെ ഡല്‍ഹിയിലെ പകിട്ട് അവസാനിച്ചുവെന്ന് വ്യാപകമായ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ അത്രയെളുപ്പം പ്രവചിക്കാവുന്ന ഒന്നല്ല. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ സോണിയാ ഗാന്ധി തീരുമാനിക്കുന്നത് ഈ സമയത്താണ്. 1997-ലെ ആ തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. ഇതോടെ ജോര്‍ജിന്റെ ശുക്രനക്ഷത്രം വീണ്ടും ഉദിച്ചുയര്‍ന്നു. എന്നാല്‍ അത് അധികകാലം നീണ്ടില്ല.

1998-ല്‍ വലതുപക്ഷ ഭാരതീയ ജനതാ പാര്‍ട്ടി അധികാരം പിടിച്ചു. ജോര്‍ജ് വീണ്ടും വെല്ലുവിളികള്‍ നേരിട്ട സമയമായിരുന്നു ഇത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) ജോര്‍ജിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണായ സ്ഥലത്ത് ബംഗ്ലാവ്, മറ്റൊരു കോളനിയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ്, ദക്ഷിണ ഡല്‍ഹിയില്‍ ഒരു വ്യാപാര സ്ഥാപനം, കൊണാട്ട് പ്ലേസിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ രണ്ട് ഷോപ്പുകള്‍, കുത്തബ് മിനാറിനടുത്ത് അഞ്ചേക്കര്‍ ഭൂമി തുടങ്ങിയവ ജോര്‍ജിന്റെ ഉടമസ്ഥതയിലുണ്ടെന്നായിരുന്നു ഏജന്‍സിയുടെ വാദം. കൂടാതെ ബാങ്കില്‍ ദശലക്ഷങ്ങളുടെ നിക്ഷേപമുണ്ടെന്നും. 1990-ല്‍ ഗള്‍ഫ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതു വരെ കുവൈറ്റില്‍ നഴ്‌സ് ആയിരുന്ന ജോര്‍ജിന്റെ ഭാര്യ ലില്ലി രണ്ട് സ്ഥാപനങ്ങളുടെ ഉടമയാണെന്നും ഇക്കാലത്തിനിടയില്‍ അവരുടെ സ്വത്തില്‍ അസാധാരണ വര്‍ധനവുണ്ടായിട്ടുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായി നിന്ന സമയത്ത് ജോര്‍ജും കുടുംബവും വിവിധ സ്‌ത്രോസുകളില്‍ നിന്ന് പണമടക്കം ഉപഹാരമായി കൈപ്പറ്റിയിരുന്നു. 1991-ല്‍ 1.25 കോടി രൂപ, ഡിസംബറില്‍ 41 ലക്ഷം രൂപ, 1992 ഡിസംബറില്‍ 70 ലക്ഷം രൂപ, 1995 മാര്‍ച്ചില്‍ 20 ലക്ഷം എന്നിങ്ങനെയായിരുന്നു അത്. തന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ വരുമാനം കൊണ്ടാണ് സ്വത്തുക്കള്‍ വാങ്ങിയതെന്ന് ജോര്‍ജ് അവകാശപ്പെട്ടെങ്കിലും ലില്യന്‍സ് എക്‌സപോര്‍ട്ട്‌സ്, ഡയാന ഏജന്‍സീസ് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയുള്ളൂ എന്നായിരുന്നു സി.ബി.ഐ വാദം.

പക്ഷേ ഗാന്ധി കുടുംബത്തെ സംബന്ധിച്ചിടത്തോളം ജോര്‍ജിന്റെ ചോദ്യം ചെയ്യപ്പെടാത്ത വിശ്വസ്തത കണക്കാക്കുമ്പോള്‍ ഇത്തരം ആരോപണങ്ങളൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജന്‍പഥില്‍ ജോര്‍ജ് ഇന്നും വളരെ പ്രധാനപ്പെട്ട ഒരാളാണ്. 2015 ജനുവരി 20-ന് ഡല്‍ഹിയിലെ ഒരു വിചാരണ കോടതി ജോര്‍ജിനെതിരായ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസ് തള്ളി. എങ്കിലും ഈ സി.ബി.ഐ കേസിനു ശേഷം ജോര്‍ജ് എല്ലായ്‌പ്പോഴും നിരീക്ഷണത്തില്‍ തന്നെയായിരുന്നു. ഇന്നും ഗാന്ധി കുടുംബത്തിന്റെ പല രഹസ്യങ്ങളുടേയും സൂക്ഷിപ്പുകാരനാണ് ജോര്‍ജ്, ഒരുപക്ഷേ, ഇക്കഴിഞ്ഞ ദശകങ്ങളിലെ ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളില്‍ നടന്ന അടിയൊഴുക്കുകളുടെയും.

ജോര്‍ജില്‍ നിന്ന് ധവാനെ വ്യത്യസ്തനാക്കുന്ന ഏക കാര്യം ഇക്കാലത്തിനിടയില്‍ ധവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ തന്റെ ഭാവി കണ്ടെത്തി എന്നതാണ്. ധവാന്റെ ഉയര്‍ച്ച താഴ്ചകള്‍ എല്ലായ്‌പ്പോഴും ഇന്ദിരാ ഗാന്ധിയുടേതുമായി ചേര്‍ന്നു നിന്നു. 1984 ഒക്‌ടോബര്‍ 31-ന് വെടിയേറ്റു വീണ ഇന്ദിരാ ഗാന്ധിയുമായി ധവാനും സോണിയാ ഗാന്ധിയും മറ്റ് ഉദ്യോഗസ്ഥരും ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കുതിച്ചെങ്കിലും അവിടെയെത്തുമ്പോഴേക്കും അവര്‍ മരിച്ചിരുന്നു. ധവാന്റെ വെള്ള സഫാരി സ്യൂട്ട് അന്ന് രക്തത്തില്‍ കുതിര്‍ന്നു.

“എനിക്കായി മറ്റൊരു ജോഡി വസ്ത്രം അന്ന് വീട്ടില്‍ നിന്ന് എത്തിച്ചു”- ആ ദിവസം ഓര്‍ത്തുകൊണ്ട് ധവാന്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ മൃതദേഹം കിടത്തിയിരുന്ന ആശുപത്രിയിലേക്ക് നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം പ്രവഹിച്ചപ്പോഴും ധവാന്‍ അവിടെയുണ്ടായിരുന്നു. ആ പ്രയാസകരമായ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിന്റെ വീട്ടുകാര്യങ്ങള്‍ മുതല്‍ സര്‍ക്കാരിനെക്കുറിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചും എല്ലാമറിയുന്ന ഒരാള്‍ എന്ന നിലയില്‍ ധവാന് അവിടെ നിര്‍ണായക പങ്കു വഹിക്കാനുണ്ടായിരുന്നു. അന്ന് വൈകുന്നേരം തന്നെ ഇന്ദിരാ ഗാന്ധിയുടെ മൂത്ത മകന്‍ 40-കാരനായ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേറ്റു. രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഏതാനും ആളുകളിലൊരാളും ധവാനായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിലുണ്ടായ തലമുറ മാറ്റം ധവാനെ ബാധിച്ചത് നാടകീയ വിധത്തിലായിരുന്നു. തന്റെ അമ്മയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയായിരുന്ന എം.പി താക്കറിനെ രാജീവ് ഗാന്ധി നിയമിച്ചു. ഭരണത്തിലേറി രണ്ടു മാസത്തിനുള്ളില്‍, 1984 അവസാനത്തോടെ രാജീവ് ഗാന്ധി ധവാനെ പുറത്താക്കുകയും ചെയ്തു. അതോടെ, ഇന്ദിരാ ഗാന്ധിയുടെ മരണത്തില്‍ അവരുടെ സഹായിക്ക് പങ്കുണ്ടെന്ന കിംവദന്തി നാള്‍ക്കുനാള്‍ ഉയര്‍ന്നു.

“ആ വെടിയുണ്ടകളിലൊന്ന് എനിക്ക് കൊണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, അങ്ങനെയെങ്കില്‍ ആ സുപ്രീം കോടതി ജഡ്ജിയുടെ ക്രോധം ഞാന്‍ നേരിടേണ്ടി വരില്ലായിരുന്നു. നിന്ദ്യമായ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളുമാണ് എന്നെക്കുറിച്ച് പറഞ്ഞത്”- ധവാന്‍ പറഞ്ഞു. ധവാനും കുടുംബവും നിരീക്ഷണത്തിലായി, അവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെട്ടു. അവരുടെ വീട്ടിലെത്തുന്ന ആരും ചോദ്യം ചെയ്യപ്പെട്ടു. ഒരു കാലത്ത് നഗരത്തിലെ ഏറ്റവും ശക്തരില്‍ ഒരാളായിരുന്ന, ദശകങ്ങളോളം പലരുടേയും ഉറ്റവനായിരുന്ന ധവാന്‍ ഇരുട്ടി വെളുക്കും മുമ്പേ ഒരു ഭ്രഷ്ടനായി ചുരുങ്ങി.

ഇന്ദിരാ ഗാന്ധിയുടെ വധത്തില്‍ ധവാനു മേല്‍ ആരോപിക്കപ്പെടുന്ന പങ്കിനെക്കുറിച്ച് ഉചിതമായ ഏജന്‍സി അന്വേഷണം നടത്തണമെന്ന് തന്റെ 312 പേജുള്ള റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് താക്കര്‍ വ്യക്തമാക്കി. കമ്മീഷനു മുമ്പാകെ ധവാന്‍ കള്ളം പറഞ്ഞെന്ന് കുറ്റപ്പെടുത്തിയ അന്വേഷണ കമ്മീഷന്‍, അദ്ദേഹം കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. “ഈ കുറ്റകൃത്യത്തില്‍ ധവാന് പങ്കുണ്ടെന്ന് സംശയിക്കുന്നതിന് ആവശ്യമായ ഗൗരവമുള്ള കാരണങ്ങള്‍ ഉണ്ട് എന്ന നിഗമനത്തില്‍ എത്താതിരിക്കാന്‍ കഴിയില്ല” എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസ് താക്കറിന്റെ നിഗമനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ ഒരു പ്രത്യേകാന്വേഷണ സംഘത്തെ നിയമിച്ചെങ്കിലും അതിനെ സമര്‍ഥിക്കുന്ന യാതൊന്നും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിനൊപ്പം, സര്‍ക്കാരിലും പാര്‍ട്ടിയിലുള്ള ധവാന്റെ ശത്രുക്കള്‍ ജസ്റ്റിസ് താക്കറിനെ സ്വാധീനിച്ചിരുന്നതായും അവര്‍ കണ്ടെത്തി.

1989-ല്‍ രാജീവ് ഗാന്ധി ധവാനെ വീണ്ടും പൊതുജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് സോണിയാ ഗാന്ധിക്കു കീഴിലും ധവാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ പാര്‍ട്ടിയുടെ ഉന്നതങ്ങളിലെത്തി. കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സമിതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും- 2016-ല്‍, -ധവാന്‍ അംഗമായിരുന്നു.

“ഇന്ദിരാ ഗാന്ധി ജീവിച്ചിരുന്നപ്പോള്‍ എന്നെ അവരില്‍ നിന്നകറ്റാന്‍ അവര്‍ – എം.എല്‍ ഫൊത്തേദാര്‍, അരുണ്‍ സിംഗ്, അരുണ്‍ നെഹ്‌റു- ആകാവുന്നതൊക്കെ ചെയ്തു…” ധവാന്‍ എന്നോട് പറഞ്ഞു. മുമ്പൊരിക്കലും തന്റെ ശത്രുക്കളുടെ പേര് അദ്ദേഹം, പരസ്യമായിട്ടെങ്കിലും പുറത്തു പറഞ്ഞിട്ടുണ്ടായിരുന്നില്ല.

നെഹ്‌റു-ഗാന്ധി കുടുംബവുമായുള്ള തന്റെ ബന്ധം സാധാരണക്കാര്‍ക്ക് മനസിലായെന്ന് വരില്ലെന്ന് ധവാന്‍ പറഞ്ഞു. “പണ്ഡിറ്റ് നെഹ്‌റു, സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി… ആ കുടുംബത്തിലെ നാല് ശരീരങ്ങളും ഈ ചുമലിലേറ്റിയയാളാണ് ഞാന്‍…” ധവാന്‍ പതുക്കെ പറഞ്ഞു കൊണ്ട് എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. താന്‍ പറഞ്ഞതിന്റെ പ്രാധാന്യം എനിക്ക് മനസിലാകുന്നുണ്ടോ എന്നു വിലയിരുത്തുന്നതുപോലെ.

നെഹ്‌റു മരിക്കുമ്പോള്‍ ധവാന്‍ തീന്‍മൂര്‍ത്തി ഭവനില്‍ ഉണ്ടായിരുന്നു. പിന്നീട് 1964-ല്‍ നെഹ്‌റുവിന്റെ ചിതാഭസ്മം ഗംഗയും യമുനയും പുരാണത്തിലെ സരസ്വതിയും സംഗമിക്കുന്ന സ്ഥലത്ത് നിമജ്ജനം ചെയ്യാന്‍ അലഹബാദിലേക്കുള്ള പ്രത്യേക ട്രെയിനിലും ധവാന്‍ ഉണ്ടായിരുന്നു. 1980-ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സഞ്ജയ് ഗാന്ധിയുടെ മൃതശരീരം ചുമന്നവരില്‍ ധവാനുണ്ടായിരുന്നു. 1984-ല്‍ ഇന്ദിരാ ഗാന്ധി വെടിയേറ്റു കൊല്ലപ്പെടുമ്പോള്‍ ധവാന്‍ അവരുടെ തൊട്ടടുത്തുണ്ടായിരുന്നു. 1991-ല്‍ രാജീവ് ഗാന്ധി തമിഴ്‌നാട്ടില്‍ കൊല്ലപ്പെടുമ്പോള്‍ അവിടേക്ക് പുറപ്പെട്ട സോണിയാ ഗാന്ധിക്കൊപ്പവും ധവാനുണ്ടായിരുന്നു, രാജീവിന്റേതായി അവശേഷിച്ചിരുന്ന വസ്തുക്കള്‍ തിരികെ കൊണ്ടുവരാനും. അക്കാര്യങ്ങളൊക്കെ പതിഞ്ഞ ശബ്ദത്തില്‍ ധവാന്‍ ഓര്‍ത്തെടുത്തു.

വിധിയും ചരിത്രവും ഗാന്ധി കുടുംബത്തിന്റെ സൗഭാഗ്യങ്ങളില്‍ നിന്നും, ഉയര്‍ന്നു വരുന്ന ജനാധിപത്യത്തില്‍ നിന്നുമൊക്കെ മാറി നിന്നപ്പോഴും വര്‍ഷങ്ങളായി ഇന്ദിരാ ഗാന്ധിക്കൊപ്പം ടൈപ്പിസ്റ്റായി ജോലി ചെയ്ത ധവാന്‍ മാത്രമായിരുന്നു ആ കുടുംബത്തിന് പുറത്തുനിന്ന് അവിടെയുണ്ടായിരുന്ന ഏകയാള്‍. സ്വതന്ത്രമായി ഏഴുദശകം പിന്നിടുന്ന ഇന്ത്യ 44 വര്‍ഷവും ഭരിച്ചത് ഗാന്ധി-നെഹ്‌റു കുടുംബമാണ്. നെഹ്‌റു ഭരണത്തിന്റെ ആദ്യ കുറച്ച് സമയങ്ങളും രാജീവ് ഗാന്ധി ഭരണത്തിലെ കുറച്ചു നാളുകളും ഒഴിച്ചു നിര്‍ത്തിയാല്‍ ആര്‍.കെ ധവാന്‍ അവിടെയുണ്ടായിരുന്നു, അതിന്റെ ഒത്ത നടുക്കു തന്നെ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അകത്തളങ്ങളില്‍ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് വെളിച്ചം വീശാന്‍ കഴിയുന്ന അധികമാരും തന്നെ ധവാനെ പേലെ ഉണ്ടാകില്ല. ആത്മകഥ എഴുതുന്ന കാര്യവും കൂടിക്കാഴ്ചയ്ക്കിടെ ഞങ്ങള്‍ സംസാരിച്ചു.

“എന്ത് എഴുതണം, എന്ത് എഴുതാന്‍ പാടില്ല എന്നതിനെ കുറിച്ച് ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല”.

“താങ്കള്‍ ഒരുപാട് കാര്യങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ?”

“തീര്‍ച്ചയായും, ഞാന്‍ ഒരുപാട് കാര്യങ്ങള്‍ കണ്ടിട്ടുണ്ട്”

“ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്താനുള്ള പ്രലോഭനം തോന്നാറുണ്ടോ?”

“ഇല്ല, ഒരിക്കലുമില്ല”- അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ജോര്‍ബാഗിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് തിരിച്ച് വണ്ടിയോടിക്കുമ്പോള്‍ ഞാനാലോചിച്ചത് ഇതായിരുന്നു: എങ്ങനെയായിരിക്കാം അദ്ദേഹം ഈ വീട് സ്വന്തമാക്കിയത്? അക്കാര്യം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നില്ല.

വിശദീകരിക്കാന്‍ പോലും കഴിയാത്തത്ര സമ്പന്നത, രൂപാന്തരീകരണം, രഹസ്യങ്ങള്‍ മൂടിനില്‍ക്കുന്ന ഭാഗ്യം ഇതൊക്കെ നമ്മുടെ രാഷ്ട്രീയ നേതാക്കളുടേയും അവരുടെ വിശ്വസ്തരായ അനുയായികളുടേയുമൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ നേതാക്കളുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാരാകാന്‍ സര്‍ക്കാര്‍ ജോലി പോലും വലിച്ചെറിയുന്നവരുണ്ട്, അവര്‍ ഈ രാഷ്ട്രീയ നേതാക്കളുടെ അനുഗ്രഹത്തോടെ രാഷ്ട്രീയത്തിലും പടിപടിയായി ഉയര്‍ന്നുവരും.

ആധുനിക ഇന്ത്യയെ കണ്ടെത്തല്‍; യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഒരു പുസ്തകം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍