UPDATES

ട്രെന്‍ഡിങ്ങ്

തിരക്കില്ല, അയോധ്യയില്‍ രാമക്ഷേത്രം 2025ല്‍ മതിയെന്ന് ആര്‍എസ്എസ്‌

രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും അതേസമയം അയോധ്യ കേസ് സുപ്രീം കോടതി ജനുവരി 29ന് പരിഗണിക്കാനിരിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് ഭയ്യാജി ജോഷിയുടെ പ്രസ്താവന.

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം 2025ലായിരിക്കും അയോധ്യയില്‍ രാമക്ഷേത്രം നിലവില്‍ വരുകയെന്ന് ആര്‍എസ്എസ് നേതൃനിരയിലെ രണ്ടാമനായ സുരേഷ് ഭയ്യാജി ജോഷി. 1952ല്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ച ശേഷം രാജ്യത്തിന് വലിയ പുരോഗതിയുണ്ടായി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ അടുത്ത 150 വര്‍ഷത്തേയ്ക്ക് രാജ്യം അനുഗ്രഹീതമായിരിക്കുമെന്നും ഭയ്യാജി ജോഷി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും അതേസമയം അയോധ്യ കേസ് സുപ്രീം കോടതി ജനുവരി 29ന് പരിഗണിക്കാനിരിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് ഭയ്യാജി ജോഷിയുടെ പ്രസ്താവന.

പ്രയാഗ് രാജില്‍ കുംഭമേളയ്ക്കിടെയാണ് ജോഷി ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിഎച്ച്പി സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കവേ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ഭയ്യാജി ജോഷി ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര നിര്‍മ്മാണം തുടങ്ങും വരെ ഈ പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും ഭയ്യാജി ജോഷി പറഞ്ഞിരുന്നു. അതേസമയം കോടതി അയോധ്യ കേസില്‍ തീരുമാനമെടുത്തതിന് ശേഷമേ ഓര്‍ഡിനന്‍സ് അടക്കമുള്ള കാര്യങ്ങളെ പറ്റി ആലോചിക്കാനാവൂ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എഎന്‍ഐ അഭിമുഖത്തില്‍ പറഞ്ഞത്.

കേസ് പരിഗണിക്കുന്ന അഞ്ചംഗ സുപ്രീം കോടതി ബഞ്ചില്‍ നിന്ന് ജസ്റ്റിസ് യുയു ലളിത് പിന്മാറിയിരുന്നു. 1997ല്‍ അഭിഭാഷകനായിരിക്കെ അയോധ്യ-ബാബറി ഭൂമി തര്‍ക്ക കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിംഗിന് വേണ്ടി യുയു ലളിത് ഹാജരായിരുന്ന കാര്യം മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ബഞ്ചില്‍ നിന്ന് ജസ്റ്റിസ് ലളിത് പിന്മാറിയത്. അയോധ്യയില്‍ തര്‍ക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാം ലല്ലയ്ക്കും നിര്‍മോഹി അഘാരയ്ക്കും തുല്യമായി വീതിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. അതേസമയം രാമക്ഷേത്ര നിര്‍മ്മാണം 2025ല്‍ തുടങ്ങിയാല്‍ മതിയെന്നല്ല പൂര്‍ത്തിയാക്കിയാല്‍ മതിയെന്നാണ് താന്‍ പറഞ്ഞതെന്ന് ഭയ്യാജി ജോഷി വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍