UPDATES

ഉപദേശം ഇങ്ങോട്ടു വേണ്ട; ഹിന്ദു യുവവാഹിനി ഇത്ര വളരേണ്ടെന്നും ആദിത്യനാഥിനോട് ആര്‍എസ്എസ്

ബി.ജെ.പിയോട് നേരത്തെ തന്നെ അസ്വാരസ്യം പ്രകടിപ്പിച്ചിരുന്ന ആദിത്യനാഥ് ഇതിനെ തുടര്‍ന്നാണ് 2002-ല്‍ ഹിന്ദു യുവവാഹിനി എന്ന തീവ്രഹിന്ദുത്വ സംഘടന രൂപീകരിക്കുന്നത്.

ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും അപ്രസക്തരാക്കിക്കൊണ്ട് ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനി വളരുന്നതില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തനം ശക്തി പ്രാപിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്കുള്ള അനിഷ്ടം നേരത്തെ തന്നെ ആര്‍.എസ്.എസ് നേതൃത്വം ആദിത്യനാഥിനെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ലക്‌നൗവില്‍ സംസ്ഥാന ഭരണത്തില്‍ കൂടുതല്‍ ഏകോപനം സാധ്യമാക്കുന്നതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തിലും സമാന വിഷയങ്ങള്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരേയും വി.എച്ച്.പി, ബജ്‌രംഗ് ദള്‍ അടക്കമുള്ള ആര്‍.എസ്.എസിന്റെ മറ്റു സംഘടനകളിലേയും പ്രവര്‍ത്തകരെ ആദിത്യനാഥ് പരസ്യമായി ഉപദേശിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതൃത്വം നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. നിയമം കൈയിലെടുക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു ഇവര്‍ക്കുള്ള ആദിത്യനാഥിന്റെ നിര്‍ദേശം. എന്നാല്‍ പരസ്യമായി ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമികളാണെന്ന ധാരണ പൊതുസമൂഹത്തില്‍ ഉണ്ടാക്കുമെന്ന വികാരമാണ് പൊതുവെ ആര്‍.എസ്.എസ് നേതൃത്വം പങ്കുവച്ചത്. ആദിത്യനാഥിനു പുറമെ ആര്‍.എസ്.എസ് നേതാവ് കൃഷ്ണഗോപാല്‍, ബി.ജെ.പി ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍, പാര്‍ട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി സുനില്‍ ബന്‍സാല്‍, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവര്‍ക്കു പുറമെ പ്രമുഖ ആര്‍.എസ്.എസ് പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ആര്‍.എസ്.എസിന്റെ മറ്റു സംഘടനകളില്‍ നിന്നുള്ളവര്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ എന്നിവരെ തഴഞ്ഞ് മറ്റു സംഘടനകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ കമ്മിറ്റികളിലും കോര്‍പറേഷനുകളിലും നിയമനം നല്‍കുന്നു എന്നതായിരുന്നു യോഗത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തര്‍ ഉന്നയിച്ച പരാതികളിലൊന്ന്. ഇവരെക്കൂടി ഉള്‍ക്കൊള്ളണമെന്ന നിര്‍ദേശം മുഖ്യമന്ത്രിക്ക് നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം സംസ്ഥാനത്ത് ഹിന്ദു യുവവാഹിനി കൂടുതല്‍ അക്രമാസക്തരും പ്രാമുഖ്യമുള്ളവരുമായി മാറുന്നത് ആര്‍.എസ്.എസിനെ ചൊടിപ്പിച്ചിരുന്നു. കാവിത്തുണി ചുറ്റിയ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ സദാചാര പാലനത്തിന്റേയും പശു സംരക്ഷണത്തിന്റേയും പേരില്‍ അഴിഞ്ഞാടുന്നത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയ സാധ്യതകളെ ബാധിക്കുമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആശങ്ക. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം തന്നെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തനങ്ങള്‍ക്കതിരെ രംഗത്തു വന്നിട്ടുണ്ട്. ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂരില്‍ ഒതുങ്ങി നിന്നിരുന്ന ഹിന്ദു യുവവാഹിനി അദ്ദേഹം മുഖ്യമന്ത്രിയായതോടെ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനം വ്യാപിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. മുഖ്യമന്ത്രി കസേരയില്‍ എത്തിയതിനു പിന്നാലെ ആദിത്യനാഥ് തന്റെ സംഘടനയെ അഴിച്ചു പണിയുകയും ചെയ്തിരുന്നു.

ബി.ജെ.പിയോട് നേരത്തെ തന്നെ അസ്വാരസ്യം പ്രകടിപ്പിച്ചിരുന്ന ആദിത്യനാഥ് ഇതിനെ തുടര്‍ന്നാണ് 2002-ല്‍ ഹിന്ദു യുവവാഹിനി എന്ന തീവ്രഹിന്ദുത്വ സംഘടന രൂപീകരിക്കുന്നത്. ബി.ജെ.പിക്ക് ബദലായി ഗോരഖ്പൂര്‍ ക്ഷേത്രം കേന്ദ്രീകരിച്ച് തന്റെ സാമ്രാജ്യം ഉണ്ടാക്കുകയും ചെയ്തു. ഒടുവില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ബി.ജെ.പിയുമായി ചേര്‍ന്ന് അദ്ദേഹം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ആദിത്യനാഥിന്റെ പ്രസ്ഥാനം യു.പിയില്‍ തങ്ങളുടെ തലയ്ക്ക് മുകളില്‍ വികസിക്കുന്നു എന്നതാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടേയും ആശങ്കകളിലൊന്ന്. നേരത്തെ മാസം 500-1000 പേരൊക്കെയായിരുന്നു ഹിന്ദു യുവവാഹിനിയില്‍ ചേരാന്‍ എത്തിയിരുന്നതെങ്കില്‍ ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം 5000 പേര്‍ ദിവസവും സംഘടനയില്‍ ചേരാന്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍