UPDATES

മനുഷ്യന് പശുവിന്റെ വില പോലുമില്ലാത്ത വെള്ളത്തൊലി രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങള്‍

രാജ്യത്തെ മൊത്തം റവന്യൂവിന്റെ 30 ശതമാനം സംഭാവന ചെയ്യുന്നത് ദക്ഷിണേന്ത്യയില്‍ നിന്നാണ്.

കറുത്ത തൊലിയുള്ള ദക്ഷിണേന്ത്യക്കാര്‍ക്കൊപ്പം ജീവിക്കുന്നതില്‍ തങ്ങള്‍ കാണിക്കുന്ന സഹിഷ്ണുതയെക്കുറിച്ച് ആര്‍.എസ്.എസ് നേതാവും മുന്‍ രാജ്യസഭാ അംഗവുമായ തരുണ്‍ വിജയ് പറഞ്ഞതാണെല്ലോ പുതിയ കാര്യം. അല്‍-ജസീറ ചാനലില്‍ അയാള്‍ക്ക് സംഭവിച്ചത് ഒരു നാക്കുപിഴയാണെന്ന വാദം നമ്മള്‍ അംഗീകരിക്കണോ? തങ്ങളെല്ലാം ‘വെളുത്ത’ വര്‍ഗക്കാരാണെന്നും അതിനാല്‍ മേധാവിത്തമുള്ളവരുമാണെന്ന വടക്കേ ഇന്ത്യക്കാരന്റെ തോന്നല്‍ തെറ്റാണെന്ന് പറയണോ?

അതോ, ഫെയര്‍ ആന്‍ഡ് ലവ്‌ലി ഓരോ ദക്ഷിണേന്ത്യന്‍ വീടുകളിലേയും ഒരു സുപരിചിത പേരാണെന്നത് നാം അംഗീകരിക്കാതിരിക്കണോ? വെളുത്ത തൊലിയോടുള്ള നമ്മുടെ വിധേയത്വത്തില്‍ നാണക്കേട് ഇല്ല എന്നത് അംഗീകരിക്കാതിരിക്കണോ? വടക്കേ ഇന്ത്യന്‍ മുന്നോക്ക ജാതിക്കാരനെപ്പോലെയാകാനുള്ള അടക്കാനാവാത്ത ത്വര കണ്ടില്ല എന്നു നടിക്കണോ?

എന്നാല്‍ തൊലിയുടെ നിറത്തിന്റെ പേരിലല്ല പുതിയകാല രാഷ്ട്രീയം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ തരുണ്‍ വിജയിയുടെ വംശീയ അധിക്ഷേപം വൈകാരികതയുടെ പേരില്‍ തള്ളിക്കളയുന്നതിനു മുമ്പ് നോക്കേണ്ടത് കണക്കുകളാണ്, അതെ, വസ്തുതകള്‍. കറുത്ത തൊലിയോടുള്ള നമ്മുടെ മുന്‍ധാരണകള്‍ മാറ്റാനും അതുപകരിക്കും.

ഇതാ ചില കാര്യങ്ങള്‍

ഇന്ത്യന്‍ ജനസംഖ്യയുടെ 20 ശതമാനം പേര്‍ മാത്രമാണ് ദക്ഷിണേന്ത്യയില്‍ ജീവിക്കുന്നത്. എന്നാല്‍ രാജ്യത്തെ മൊത്തം റവന്യൂവിന്റെ 30 ശതമാനം സംഭാവന ചെയ്യുന്നത് ദക്ഷിണേന്ത്യയില്‍ നിന്നാണ്. ഇന്ത്യന്‍ ജി.ഡി.പിയുടെ നാലിലൊന്ന് ഇവിടെ നിന്നാണ് എന്നര്‍ത്ഥം. വടക്കേ ഇന്ത്യയെ അപേക്ഷിച്ച് ആളോഹരി വരുമാനം ദക്ഷിണേന്ത്യയുടേത് ഇരട്ടിയിലധികമാണ്.

കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രത്യുത്പാദന നിരക്ക് യു.കെ, സ്വീഡന്‍, നെതര്‍ലാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ക്ക് സമാനമാണ്. അതായത്, രണ്ടില്‍ താഴെ കുട്ടികള്‍. (1.7 – 1.9).

എന്നാല്‍ നമ്മള്‍ പശു സംസ്ഥാനങ്ങള്‍ എന്നു വിളിക്കുന്ന രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കുട്ടികളുടെ നിരക്ക് മൂന്നിന് മുകളിലാണ്. ഛത്തീസ്ഗഡും ഝാര്‍ഖണ്ഡും മൂന്നിന് തൊട്ടു താഴെ നില്‍ക്കുന്നു. ഈ നിരക്ക് ഹെയ്തി, ലെസേതോ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളുടേതിനു തുല്യമാണ് എന്നര്‍ത്ഥം.

2011-ല്‍ 50 കോടി ജനങ്ങളാണ് ഈ ആറു സംസ്ഥാനങ്ങളിലുമായി ഉള്ളത്. ഈ നിരക്കിലാണ് വര്‍ധനവെങ്കില്‍ അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടക്കും. 2020-ല്‍ ശരാശരി പ്രായം 29 ആയിരിക്കുമ്പോള്‍ ചൈനയില്‍ അത് 39-ഉം അമേരിക്കയില്‍ 40-ഉം ആയിരിക്കും.

ശിശുക്ഷേമ കണക്കുകള്‍ പരിശോധിച്ചാല്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയോ ചിലപ്പോള്‍ എഴിരട്ടിയോ മെച്ചപ്പെട്ട അവസ്ഥയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാക്ഷരതാ നിരക്ക് ശരാശരി 80 ശതമാനമാണ്. ആരോഗ്യം, ശുചിത്വം അടക്കമുള്ള കാര്യങ്ങളില്‍ എത്രയോ മെച്ചപ്പെട്ട അവസ്ഥയാണ് വടക്കേ ഇന്ത്യയുമായി തട്ടിച്ചു നോക്കിയാല്‍.

വികസന കാര്യത്തിലും വടക്കേ ഇന്ത്യയെ അപേക്ഷിച്ച് ഏറെ മുന്നിലാണ് ദക്ഷിണേന്ത്യ. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യ ഹോങ്കോങ്കിനൊപ്പം നില്‍ക്കുമ്പോള്‍ കഴിഞ്ഞ ആറു ദശകമായി ഇക്കാര്യത്തില്‍ വടക്കേ ഇന്ത്യയുടെ അവസ്ഥ പരിതാപകരമാണ്.

ആളോഹരി വരുമാനം ഫലപ്രദമായി വര്‍ധിപ്പിച്ചതു വഴി ഇക്കാര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആദ്യ 10-ല്‍ ഇടംപിടിക്കും. പട്ടിണിയുടെ കാര്യത്തില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പകുതിയായി കുറയ്ക്കാനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നു കിട്ടുന്ന വിഹിതവും കുറവാണ്- ആകെ അനുവദിക്കുന്ന വിഹതത്തിന്റെ 18 ശതമാനം മാത്രം. എന്നിട്ട് ഇതാ ഞങ്ങള്‍ ദക്ഷിണേന്ത്യക്കാര്‍ക്കൊപ്പം സഹിഷ്ണുതയോടെ കഴിയുന്നില്ലേ എന്ന് തരുണ്‍ വിജയിനെ പോലുള്ളവര്‍ പറയുകയും ചെയ്യും.

വെള്ളത്തൊലി രാഷ്ട്രീയം

ഇനി വടക്കേ ഇന്ത്യന്‍ വെള്ളത്തൊലി രാഷ്ട്രീയത്തിലേക്ക് ഒന്നു കണ്ണു തുറന്നു നോക്കൂ. ഓരോ ദിവസവും, ഒരു പാവപ്പെട്ടവന്‍, ഒരു ദളിത്, ഒരു സ്ത്രീ ചിലപ്പോള്‍ ഹിന്ദുക്കള്‍ തന്നെയും തല്ലിച്ചതയ്ക്കപ്പെടുന്നു, ചിലപ്പോള്‍ കൊല്ലപ്പെടുന്നു. അത് പശുവിനെ വളര്‍ത്താന്‍ വാങ്ങിച്ചതിന്റെ പേരിലാകാം, ചത്ത പശുവിന്റെ തൊലിയുരിക്കുന്ന തൊഴില്‍ ചെയ്യുന്നതിന്റെ പേരിലാകാം, കുത്താന്‍ വന്ന പശുവിനെ കല്ലെറിഞ്ഞ് ഓടിക്കുന്നതിന്റെ പേരിലാകാം.

അല്ലെങ്കില്‍ ഉന്നതജാതിക്കാരന്റെ കിണറില്‍ നിന്ന് കുടിവെള്ളം എടുത്തതിന്റെ പേരിലാകാം, സ്‌കൂളുകളില്‍ താഴ്ന്ന ജാതിക്കാരായ കുട്ടികള്‍ ഉന്നത ജാതിക്കാരനായ കുട്ടിക്കൊപ്പം ഇരുന്നതിന്റെ പേരിലാകാം, ഉന്നത ജാതിക്കാരന്റെ ക്ഷേത്രത്തില്‍ കയറിയതിന്റെ പേരിലാകാം… നിങ്ങള്‍ക്ക് അവിടെ വരച്ചുവച്ചിരിക്കുന്ന ലക്ഷ്മണ രേഖകളുണ്ട്. അതു ലംഘിച്ചാല്‍ രണ്ട് പേരും ശാഖയില്‍ ഒരുമിച്ച് പോകുന്നവരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ദളിതനോ പാവപ്പെട്ടവനോ ആണെങ്കില്‍ നിങ്ങള്‍ കൊല്ലപ്പെടാന്‍ അര്‍ഹനാണ് എന്നതാണ് വടക്കേ ഇന്ത്യയിലെ നീതി.

തുറന്ന സ്ഥലങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നവരെ ഡല്‍ഹി പോലുള്ള നഗരങ്ങളുടെ നടുക്കു പോലും കാണാം. ഗ്രാമങ്ങളില്‍ കക്കൂസുകള്‍ ഇല്ലാത്തതിനാല്‍ തുറന്ന സ്ഥലത്തേക്ക് പോകുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു, ബലാത്സംഗം ചെയ്യപ്പെടുന്നു, കൊല്ലപ്പെടുന്നു.

ദേശീയതാ വികാരം വടക്കേ ഇന്ത്യയില്‍ ശക്തമായി വരുന്നുണ്ട്. വടക്കേ ഇന്ത്യക്കാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നുവെന്നും ലോകത്തില്‍ മറ്റാരും കണ്ടു പിടിക്കുന്നതിനു മുമ്പ് തങ്ങള്‍ റോക്കറ്റ് കണ്ടു പിടിച്ചിരുന്നു എന്നൊക്കെയാണ് അതിന്റെ അടിസ്ഥാനം. വടക്കേ ഇന്ത്യന്‍ ചരിത്രം പരിശോധിച്ചാല്‍, അല്ലെങ്കില്‍ അവര്‍ മാറ്റിയെഴുതാന്‍ ശ്രമിക്കുന്ന ചരിത്ര പാഠങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരം നിരവധി ‘കണ്ടെത്തലുകള്‍’ കാണാന്‍ സാധിക്കും.

ഇത് ഉത്തരേന്ത്യയിലെ സംഘപരിവാറുകാരുടെ മാത്രം പ്രശ്‌നമല്ല. മറ്റ് പാര്‍ട്ടികളിലുമുള്ള ഉത്തരേന്ത്യന്‍ ബ്രാഹ്മണന്റെ ചിന്തകള്‍ ഇതൊക്കെ തന്നെയാണ്. ഭരണഘടന മാറ്റി മനുസ്മൃതി പ്രതിഷ്ഠിക്കാന്‍ കഴിയാത്തതിനാല്‍ സംഘപരിവാര്‍ രാഷ്ട്രീയം ഇങ്ങനെ ഇടയ്ക്കിടെ വെളിപ്പെടുന്നു എന്നു മാത്രമേയുള്ളൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍