UPDATES

ട്രെന്‍ഡിങ്ങ്

മോദി സര്‍ക്കാരില്‍ സെക്രട്ടറിയാകാന്‍ ഐഎഎസ് വേണ്ട, ആര്‍എസ്എസ് ബന്ധം മതി; രാജേഷ് കൊടേച്ചയുടെ നിയമനം തെളിവ്

ആര്‍എസ്എസിന്റെ കീഴിലുള്ള വിജ്ഞാന ഭാരതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക ആയൂര്‍വേദ ഫൗണ്ടേഷന്റെ ട്രസ്റ്റിയും വിജ്ഞാന ഭാരതിയുടെ ഉപദേശകനും എന്നതാണ് കൊടേച്ചയുടെ യോഗ്യതകള്‍

ഒരുപക്ഷേ ചരിത്രത്തില്‍ ആദ്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നീക്കത്തിലൂടെ സിവില്‍ സര്‍വീസിന് പുറത്തുനിന്നുള്ള ഒരു വ്യക്തിയെ കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറിതല തസ്തികയിലേക്ക് നിയമിച്ചത് വിവാദമാകുന്നു. പാര്‍ശ്വസ്ഥ നിയമനം എന്ന് വിശേഷിപ്പിക്കാവുന്ന നീക്കത്തിലൂടെ ജാംനഗറിലുള്ള ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സിലര്‍ വൈദ്യ രാജേഷ് കൊടേച്ചയെയാണ് ആയുഷ് മന്ത്രാലയത്തിന്റെ പുതിയ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ നടന്ന ഒരു നിയമനത്തെ കുറിച്ച് ചൂണ്ടിക്കാണിക്കാവുന്നത് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ പരമേശ്വര അയ്യരുടെ കാര്യത്തിലാണ്. വിരമിച്ച ശേഷവും അദ്ദേഹത്തെ കുടിവെള്ള, ശുചിത്വ സെക്രട്ടറിയായി നിലനിറുത്തിയിരുന്നു. എന്നാല്‍ സിവില്‍ സര്‍വീസിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനപരിചയം കണക്കിലെടുത്താണ് അതെന്ന് അന്ന് വാദം ഉയര്‍ന്നിരുന്നു.

മൂന്ന് വര്‍ഷത്തേക്കാണ് കൊടേച്ചയുടെ നിയമനം. ‘ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര, സാങ്കേതികവിദ്യ പ്രസ്ഥാനമായ വിജ്ഞാന ഭാരതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക ആയുര്‍വേദ ഫൗണ്ടേഷന്റെ ട്രസ്റ്റിയും വിജ്ഞാന ഭാരതിയുടെ ഉപദേശകനും’ എന്നാണ് അദ്ദേഹത്തിന്റെ ബയോഡേറ്റയില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വിജ്ഞാന ഭാരതി എന്നത് ആര്‍എസ്എസിന്റെ കീഴിലുള്ള ഒരു സംഘടനയാണ്. 2015ല്‍ ഇദ്ദേഹത്തിന് മോദി സര്‍ക്കാര്‍ പത്മശ്രീ നല്‍കിയിരുന്നു.

1988ല്‍ മോദി ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് ഇരുവരും ആദ്യമായി നേരിട്ടുകാണുന്നത്. കൊടേച്ച ജയ്പൂരില്‍ ആരംഭിച്ച ചക്രപാണി ക്ലിനിക്കിന്റെ ഉദ്ഘാടനവേദിയിലായിരുന്നു ഇത്. മോദിയായിരുന്നു ഉദ്ഘാടകന്‍. പിന്നീട് കൊടേച്ച ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായി 2013ല്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര പ്രചാരകനായ നാനാജി ദേശ്മുഖാണ് തന്റെ മാര്‍ഗ്ഗദര്‍ശിയെന്ന് കൊടേച്ച അവകാശപ്പെടുന്നു. ദേശ്മുഖ് സ്ഥാപിച്ച മഹാത്മ ഗാന്ധി ചിത്രകൂട് ഗ്രാമോദയ സര്‍വകലാശാലയില്‍ നിന്നാണ് കൊടേച്ച ആയുര്‍വേദത്തില്‍ ബിരുദം നേടിയത്. പിന്നീട് ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയില്‍ പഠിച്ച കൊടേച്ച ആ സ്ഥാപനത്തിന്റെ തലവനായി മാറുകയും ചെയ്തു.

ജൂണ്‍ 29നാണ് ഇദ്ദേഹം ആയുഷ് മന്ത്രാലയത്തിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. എന്നാല്‍ വൈദ്യ രാജേഷ് കൊടേച്ചയ്ക്ക് മന്ത്രാലയത്തിലെ പ്രവര്‍ത്തനങ്ങളുമായി പരിചയം ലഭിക്കുന്നതുവരെ ആരോഗ്യ സെക്രട്ടറി സി കെ മിശ്ര തത്സ്ഥാനത്ത് തുടരും എന്ന് ജൂണ്‍ 20ന് ഇറക്കിയ ഉത്തരവില്‍ പറയുന്നത് ആശയക്കുഴപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 54-കാരനായ കൊടേച്ചയുടെ ഭാര്യ മിത, ജയ്പ്പൂരിലെ ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപികയാണെന്നതും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഉത്തരവിലെ വ്യക്തതയില്ലായ്മയും രണ്ട് തരത്തിലുള്ള ഭരണം നിലനില്‍ക്കാനുള്ള സാധ്യതയും കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തില്‍ കൊടേച്ചയുടെ ഭാര്യ ജോലി ചെയ്യുന്നു എന്നതിനാല്‍ വ്യക്തിതാത്പര്യങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഐഎഎസ്-ഐഎഎസ് ഇതര താരതമ്യങ്ങളെ കൊടേച്ച തള്ളിക്കളയുന്നു. ഐഎഎസുകാരും അല്ലാത്തവരും തമ്മില്‍ വ്യത്യാസമുണ്ടെന്നുള്ള ആശയത്തെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഒരു ഐഎസ് ഉദ്യോഗസ്ഥന് ചെയ്യാന്‍ കഴിയാത്ത എന്ത് കാര്യമാണ് തനിക്ക് ചെയ്യാന്‍ സാധിക്കുക എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വളരെ ഉത്തരവാദിത്വപ്പെട്ട ഒരു ചുമതലയാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും കൊടേച്ച വാദിക്കുന്നു.

"</p

വിദ്യാഭ്യാസം, പൊതുജനാരോഗ്യ ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ ആയുഷ് മന്ത്രാലയത്തില്‍ നിയമിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. നിര്‍ദ്ദിഷ്ട ഗര്‍ഭച്ഛിദ്ര ഭേദഗതി ബില്ലിലെ ഒരു വകുപ്പില്‍ അലോപ്പതി ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ച എതിര്‍പ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ഭേദഗതിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശസ്ത്രക്രിയ കൂടാതെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുന്ന വകുപ്പാണ് വിവാദമായിരിക്കുന്നത്. ഒരു ഹോമിയോപ്പതി ഡോക്ടര്‍ നിയമവിരുദ്ധ ഗര്‍ച്ഛിദ്രം നടത്തിയതിനെ തുടര്‍ന്ന് വെളിച്ചത്ത് വന്ന സാംഗ്ലീ അബോര്‍ഷന്‍ റാക്കറ്റിനെ തുടര്‍ന്ന് നിയമനിര്‍മ്മാണം ഇപ്പോള്‍ നിറുത്തിവെച്ചിരിക്കുകയാണ്. നിലവിലുള്ള നിയമങ്ങളുമായി മന്ത്രാലയം മുന്നോട്ട് പോകണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്.

ഇത്തരം വിഷയങ്ങള്‍ക്ക് അനാവശ്യ പ്രധാന്യം നല്‍കുന്നതിനെയും കൊടേച്ച വിമര്‍ശിച്ചു. ഇന്ത്യയില്‍ ക്രമിനല്‍ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് വിദേശമാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ഇത് വസ്തുതാപരമല്ലെന്നും അദ്ദേഹം വാദിക്കുന്നു. അതുപോലെയാണ് ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യവുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എല്ലാ ഡോക്ടര്‍മാരും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നില്ലെന്നും എന്നാല്‍ മാധ്യമങ്ങള്‍ ഇത് വലിയ വിഷയമായി പെരുപ്പിച്ച് കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. വിദേശ മരുന്ന് നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ കമ്പനികളെ ഭയപ്പെടുന്നുണ്ടെങ്കില്‍ അത് നല്ലതാണെന്നായിരുന്നു ബാബ രാംദേവിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍