UPDATES

വിപണി/സാമ്പത്തികം

ആര്‍എസ്എസിന്റെ സങ്കുചിത ലോകവീക്ഷണം ഇന്ത്യക്ക് ഭീഷണി: രഘുറാം രാജന്‍

ഇന്ത്യയിലെ ബഹുസ്വര സമൂഹത്തില്‍ ഭൂരിപക്ഷ സമുദായത്തിന് പുറത്തുള്ള മറ്റ് സമുദായങ്ങള്‍ക്ക് ഇടം നല്‍കാന്‍ അവര്‍ തയ്യാറല്ല.

ആര്‍എസ്എസിന്റെ സങ്കുചിത ലോകവീക്ഷണം ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ജവഹര്‍ലാല്‍ നെഹ്രു, മഹാത്മ ഗാന്ധി തുടങ്ങിയവരുടെ കാഴ്ചപ്പാടുകളും ഭരണഘടനയും അടിസ്ഥാനമാക്കി പടുത്തുയര്‍ത്തിയ ഇന്ത്യക്ക് ഇത് ഭീഷണിയാണ് – ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ രഘുറാം രാജന്‍ പറഞ്ഞു. ഇന്ത്യയിലെ ബഹുസ്വര സമൂഹത്തില്‍ ഭൂരിപക്ഷ സമുദായത്തിന് പുറത്തുള്ള മറ്റ് സമുദായങ്ങള്‍ക്ക് ഇടം നല്‍കാന്‍ അവര്‍ തയ്യാറല്ല.

അതേസമയം സംഘപരിവാറില്‍ നിന്നും നല്ല നേതാക്കള്‍ ഉണ്ടായിട്ടുണ്ടെന്നും എബി വാജ്‌പേയ് മഹാനായ നേതാവാണെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. തന്റെ മൂന്നാമത്തെ പുസ്തകമായ Third Pillar പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് രഘുറാം രാജന്‍ ഇന്ത്യയിലെത്തിയത്. ഈ പുസ്തകം ആര്‍എസ്എസ് അടക്കമുള്ള വലതുപക്ഷ സംഘടനകളുടെ താല്‍പര്യങ്ങളെ എതിര്‍ക്കുന്നതായി രഘുറാം രാജന്‍ പറഞ്ഞു.

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ രഘുറാം രാജനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ആര്‍എസ്എസ് രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രഘുറാം രാജന്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. മിനിമം വരുമാനം ഉറപ്പ് നല്‍കുന്ന കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്കായി രഘുറാം രാജനും തോമസ് പിക്കറ്റിയും അടക്കമുള്ള ആഗോള സാമ്പത്തിക വിദഗ്ധരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ രഘുറാം രാജന്‍ ധന മന്ത്രിയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍