UPDATES

മനുസ്മൃതിയിലെ ദളിത്‌-സ്ത്രീവിരുദ്ധത: തിരുത്താനും പ്രചരിപ്പിക്കാനുമൊരുങ്ങി ആര്‍എസ്എസ്

ആര്‍എസ്എസിന്റെ സാംസ്‌കാരിക സംഘടനയായ സന്‍സ്‌കാര്‍ ഭാരതി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവുമായി ചേര്‍ന്നാണ് മനുസ്മൃതി തിരുത്താന്‍ ഒരുങ്ങുന്നത്‌

ചാതുര്‍വര്‍ണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദുത്വ തത്വസംഹിതയായ മനുസ്മൃതി തിരുത്തി എഴുതാനൊരുങ്ങി ആര്‍എസ്എസ്. മനുസ്മൃതിയിലെ സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ ഗ്രന്ഥത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലിലാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പിനൊപ്പം ചേര്‍ന്ന് ആര്‍എസ്എസിന്റെ സാംസ്‌കാരിക സംഘടനയായ സന്‍സ്‌കാര്‍ ഭാരതി മനുസ്മൃതിയുടെ ജനസമ്മതി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.

മനുസ്മൃതി എല്ലാവരും മനസിലാക്കേണ്ടതാണെന്നും അതിന് ഗ്രന്ഥത്തിന്റെ ജനസമ്മതി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും സന്‍സ്‌കാര്‍ ഭാരതിയുടെ ജോയിന്റ് ഓര്‍ഗനൈസേഷണല്‍ സെക്രട്ടറി അമിര്‍ ചന്ദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇതിനായി സെമിനാറുകള്‍ പോലുള്ള ബോധവല്‍ക്കരണ പരിപാടികളും മറ്റ് കലാരൂപങ്ങളും സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചിരിക്കുകയാണ്. മനുസ്മൃതിയിലെ ദലിത് വിരുദ്ധ, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും ചന്ദ് വ്യക്തമാക്കി.

‘മനുസ്മൃതിയില്‍ ആക്ഷേപകരമായ ചില പരാമര്‍ശങ്ങളുണ്ട്. അത് നീക്കം ചെയ്യേണ്ടതുണ്ട്. മനുസ്മൃതിയെ സമകാലികമായി തിരുത്തേണ്ടതുണ്ട്. ഇക്കാര്യം ഞങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്’- ചന്ദ് വ്യക്തമാക്കുന്നു. അതേസമയം അത്തരത്തിലൊരു നിര്‍ദ്ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ വ്യക്തമാക്കി. അത്തരത്തിലൊരു നിര്‍ദ്ദേശം ലഭിച്ചാല്‍ അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ മനു തയ്യാറാക്കിയ നിയമസംഹിതയാണ് മനുസ്മൃതിയെന്ന് അറിയപ്പെടുന്നത്. എഡി 200ലാണ് ഇത് രചിക്കപ്പെട്ടതെന്നും അല്ല അതിനേക്കാള്‍ പഴക്കമുണ്ടെന്നുമുള്ള ഭിന്നാഭിപ്രായങ്ങളാണ് ഈ ഗ്രന്ഥത്തെക്കുറിച്ച് നിലനില്‍ക്കുന്നത്. മനുസ്മൃതി തിരുത്തുന്നതിനായി പുതിയ ഗവേഷണങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചന്ദ് പറയുന്നു.

മനു 8000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. മനുസ്മൃതിയുടെ വിവിധ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. മനുവിന്റെ ജനനത്തിന് 5500 വര്‍ഷങ്ങള്‍ക്ക് ശേഷം മനുസ്മൃതി രചിക്കപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ അതിന്റെ എഴുത്തുകാരെക്കുറിച്ചും ഇതിലെ നിരീക്ഷണങ്ങളെക്കുറിച്ചും ധാരാളം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അതിനാലാണ് ഇത് ഗവേഷണ വിധേയമാക്കേണ്ടതുണ്ടെന്ന് ചിന്തിക്കുന്നതെന്ന് ചന്ദ് പറയുന്നു.

മനുസ്മൃതി ഒരിക്കലും ദലിത് വിരുദ്ധമോ സ്ത്രീവിരുദ്ധമോ ആയ നിലപാടുകളെ പ്രോത്സാഹിപ്പിക്കില്ലെന്നും അതിനാല്‍ തന്നെ അത്തരം വ്യാഖ്യാനങ്ങള്‍ അജ്ഞത മൂലമുണ്ടാകുന്നതാണെന്നുമാണ് അദ്ദേഹം പറയുന്നത്. ’47 മന്ത്രങ്ങളുള്ള ഋഗ്വേദം എഴുതിയത് ഒരു സ്ത്രീയാണെന്ന് പലര്‍ക്കും അറിയില്ല. പിന്നെങ്ങനെയാണ് അത്തരം വേദങ്ങള്‍ സ്ത്രീവിരുദ്ധമാകുക. ഇത് നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ്. അതിനാലാണ് ഇവ വിമര്‍ശിക്കപ്പെടുന്നത്. മനുസ്മൃതിയില്‍ തെറ്റായ ചില കാര്യങ്ങളുണ്ട്. സൂക്ഷ്മമായ ഗവേഷണത്തിന് ശേഷം അത്തരം തെറ്റുകള്‍ ഒഴിവാക്കാന്‍ നമുക്ക് സാധിക്കും’- ചന്ദ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍