UPDATES

വിപണി/സാമ്പത്തികം

‘ജിഡിപിയില്‍ ഒരു കാര്യവുമില്ല’; ഇന്ത്യയെ വികസിപ്പിക്കാന്‍ ‘സുമംഗലം’ പദ്ധതിയുമായി ആര്‍എസ്എസ്

ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ പുരോഗതിയെ വിലയിരുത്തുന്നതിന് ഏറെ പരിമിതികളുണ്ട്. ജിഡിപി കണക്കാക്കുന്ന രീതി തന്നെ തെറ്റാണ്.

ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ആഗോളവത്കരണ, ഉദാരവത്കരണ കമ്പോള മുതലാളിത്ത നയങ്ങളൊന്നും പോരെന്നാണ് ആര്‍എസ്എസിന്റെ പുതിയ കണ്ടുപിടിത്തം. ജിഡിപി കണക്കിയുള്ള വികസന രീതികളൊന്നും പോര. പകരം സുമംഗലം എന്ന പേരില്‍ ഒരു സാംസ്‌കാരിക, സാമ്പത്തിക വികസന പദ്ധതിയാണ് ആര്‍എസ്എസ് വിഭാവനം ചെയ്യുന്നത്. ആര്‍എസ്എസ് നേതാവും ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ സാമ്പത്തികശാസ്ത്ര അധ്യാപകനുമായ ഡോ. ബജ്രംഗ് ലാല്‍ ഗുപ്തയാണ് പദ്ധതിക്ക് പിന്നില്‍.

ലോകത്ത് ഇന്നേവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള സാമ്പത്തിക വികസന മാതൃകകളെല്ലാം തന്നെ സ്ഥിരതയില്ലാത്തതാണെന്ന് ഗുപ്ത അഭിപ്രായപ്പെടുന്നു. ആദ്യം പുരോഗതിയെന്ന് (progress) വിളിച്ചു. പിന്നെ അത് വളര്‍ച്ചയായി (growth). human development, quality of life എന്നെല്ലാം പറയുന്നു. ഇതൊന്നും കൃത്യമായി നിര്‍വചിക്കാന്‍ കഴിയുന്നതല്ല. ഇതുകൊണ്ടാണ് സുമംഗലം പദ്ധതി മുന്നോട്ട് വയ്‌ക്കേണ്ടി വരുന്നതെന്നും ബജ്രംഗ് ലാല്‍ ഗുപ്ത പറയുന്നു. ഇന്ത്യയില്‍ മംഗളം കൊണ്ടുവരാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഇതൊരു ബഹുമുഖ പദ്ധതിയാണെന്നുമാണ് ഗുപ്തയുടെ അവകാശവാദം. വെറും സാമ്പത്തികശാസ്ത്ര ആശയമല്ല ഇത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മാനങ്ങളുള്ള ഒന്നാണ്. ഇന്ത്യയുടെ സംസ്‌കാരം, വിഭവശേഷി, ഭൂപ്രകൃതി, വിവിധ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെ എല്ലാം അടിസ്ഥാനപ്പെടുത്തി രൂപീകരിക്കുന്നതാണിത് – ഗുപ്ത പറയുന്നു.

എല്ലാവര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം. ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാന്‍ കഴിയണം. അലോപ്പതി കൊണ്ട് മാത്രം കാര്യമില്ല. ആയുര്‍വേദം, നാച്ചുറോപതി, യോഗ എല്ലാം വേണ്ടി വരും. ഭാരതീയ സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് വേണ്ടത്. എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കണം. ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ ഉറപ്പാക്കണം. മുതലാളിത്തവും മാര്‍ക്‌സിസവും ലോകത്തെ മാറ്റുന്നതില്‍ പരാജയപ്പെട്ട് കഴിഞ്ഞു. മുതലാളിത്തം വ്യക്തിതാല്‍പര്യങ്ങളില്‍ കേന്ദ്രീകൃതമാണ്. വിഭവങ്ങള്‍ സ്വകാര്യ ഉടമസ്ഥതയിലാവുന്നതാണ് അതിന്റെ താല്‍പര്യം. ഇത് പാശ്ചാത്യലോകത്ത് വലിയ സാമൂഹ്യ വിഭജനം ഉണ്ടാക്കുകയും ഉള്ളവും ഇല്ലാത്തവനും തമ്മിലുള്ള സംഘര്‍ഷത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. പിന്നെ കമ്മ്യൂണിസം വന്നു. ഇത് വിഭവങ്ങളെ ദേശസാത്കരിച്ചു. ഗവണ്‍മെന്റ് തീരുമാനിക്കുന്നത് ജനങ്ങള്‍ അനുസരിക്കണമെന്നായി. തൊഴില്‍ മുതല്‍ എന്ത് കഴിക്കണം, ഏത് വസ്ത്രം ധരിക്കണം എന്ന് വരെ ഗവണ്‍മെന്റ് പറയുന്ന അവസ്ഥ. എന്നാല്‍ തങ്ങള്‍ക്ക് മുന്നോട്ട് വയ്ക്കാനുള്ളത് തീര്‍ത്തും വ്യത്യസ്തമായ സാമൂഹ്യ സംരംഭകത്വമാണ്.

ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ പുരോഗതിയെ വിലയിരുത്തുന്നതിന് ഏറെ പരിമിതികളുണ്ട്. ഇത് പാശ്ചാത്യ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉരുത്തിരിഞ്ഞതാണ്. മറ്റ് രാജ്യങ്ങള്‍ ഇത് വെറുതെ പകര്‍ത്തുക മാത്രമാണ് ചെയ്തത്. ജിഡിപി കണക്കാക്കുന്ന രീതി തന്നെ തെറ്റാണ്. ജിഡിപി കണക്കാക്കുമ്പോള്‍ സ്ത്രീകള്‍ വീടുകളില്‍ ഉത്പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ മൂല്യം കണക്കാക്കപ്പെടുന്നില്ല. ഈ ഉത്പ്പാദനം ജിഡിപി പരിഗണിക്കുന്നില്ല. പാശ്ചാത്യ ലോകത്ത് നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ പല സേവനങ്ങളും ഉത്പ്പാദനങ്ങളും വീടുകളില്‍, കുടുംബതലത്തില്‍ നിന്നാണ് വരുന്നത്. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ (ജിഡിപി) പുറകോട്ടടിപ്പിച്ചതായും ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികശക്തിയെന്ന സ്ഥാനം ഇന്ത്യയ്ക്ക് ന്ഷ്ടമായതായും വ്യക്തമായതിന് പിന്നാലെയാണ് പുതിയ സാമ്പത്തിക വികസന പദ്ധതിയുമായി ആര്‍എസ്എസ് രംഗത്തെത്തുന്നത് എന്നത് ശ്രദ്ധേയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍