UPDATES

ട്രെന്‍ഡിങ്ങ്

ആർഎസ്എസ്സിന്റെ നയരൂപീകരണ സഭ യോഗം തുടങ്ങി; ശബരിമല വിഷയം ചർച്ച ചെയ്യും; കേരള സർക്കാരിനെതിരെ പ്രമേയം പാസ്സാക്കും

പ്രതിനിധി സഭയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും പങ്കെടുക്കും.

‘അഖിൽ ഭാരതീയ പ്രതിനിധി സഭ’യുടെ വാർഷിക യോഗം വെള്ളിയാഴ്ച തുടങ്ങി. മൂന്നു ദിവസം നീണ്ടു നിൽക്കുന്നതാണ് യോഗം. ആർഎസ്എസ്സിന്റെ നയരൂപീകരണം നടത്തുന്ന സംവിധാനമാണ് ഈ പ്രതിനിധി സഭ. ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ ശബരിമല വിഷയമടക്കമുള്ള കാര്യങ്ങൾ ഇത്തവണ പ്രതിനിധി സഭായോഗത്തിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരള സർക്കാരിനെതിരെ യോഗത്തിൽ ഒരു പ്രമേയം പാസ്സാക്കുമെന്നും അറിയുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കാനായി ഹിന്ദു വിശ്വാസികൾക്കെതിരെ നീങ്ങുകയാണ് നിലവിലെ കേരള സർക്കാരെന്ന് ആർഎസ്എസ് നേതാവ് മൻമോഹൻ വൈദ്യ മാധ്യമങ്ങളോട് പറഞ്ഞു. പുരാതനമായ ധാർമിക പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ് ശബരിമലയിലേതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കുടുംബവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും യോഗത്തിൽ ചർച്ച നടക്കുമെന്ന് വൈദ്യ വ്യക്തമാക്കി. വ്യക്തികളെ ‘ഞാൻ’ എന്നതിൽ നിന്ന് ‘ഞങ്ങൾ’ എന്നതിലേക്ക് പരിവർത്തിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ തങ്ങൾ ചർച്ചയ്ക്കെടുക്കില്ലെന്നാണ് സംഘം നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ വരുന്ന വാർത്തകൾ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നാണ് സൂചിപ്പിക്കുന്നത്. ശബരിമല വിഷയം ഇത്തരത്തിലൊന്നാണ്. രാജ്യത്തെമ്പാടു നിന്നും 14000 ആർഎസ്എസ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ഗ്വാളിയാറിലെ സരസ്വതി ശിശു മന്ദിർ കേദാർധാമിലാണ് യോഗം നടക്കുന്നത്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, സർകാര്യവാഹ് ഭയ്യാജി ജോഷി തുടങ്ങിയ ഉന്നത നേതാക്കളും പങ്കെടുക്കും.

പ്രതിനിധി സഭയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും പങ്കെടുക്കും. ഇദ്ദേഹം റിപ്പോർട്ട് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. രാജ്യത്ത് ആർഎസ്എസ് ശാഖകളുടെ വളർച്ചയിൽ കുറവുണ്ടാകുന്ന കാര്യം സംഘടന ഗൗരവത്തോടെ ചർച്ച ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍