UPDATES

ട്രെന്‍ഡിങ്ങ്

മോദിക്കെതിരെ ഒളിയമ്പുമായി റൂഡി; മോശം മന്ത്രി ആയിരുന്നില്ല, പരാജയപ്പെട്ടത് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുന്നതില്‍

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന് തന്നെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും തൊഴില്‍ സൃഷ്ടിക്കുകയായിരുന്നില്ല തന്റെ മന്ത്രാലയത്തിന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ ഒഴിവാക്കപ്പെട്ട ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡിയുടെ ഒളിയമ്പ്. താന്‍ മോശം പ്രകടനമാണ് നടത്തിയതെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ഇക്കാര്യം പ്രധാനമന്ത്രിയേയും മറ്റ് ഉത്തരവാദിത്തപ്പെട്ടവറേയും ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്നും റൂഡി വ്യക്തമാക്കി. മറ്റ് അഞ്ചു പേര്‍ക്കൊപ്പം അപ്രതീക്ഷിതമായാണ് റൂഡിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയത്. മോദിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ സ്‌കില്‍ ഡവലപ്‌മെന്റ് വകുപ്പില്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു ബിഹാറിലെ സിര്‍സയില്‍ നിന്നുള്ള എം.പി കൂടിയായ റൂഡി.

അതേ സമയം, ബിഹാറില്‍ ബി.ജെ.പിയുടെ പുതിയ സഖ്യകക്ഷിയായ ജെ.ഡി-യുവിന്റെ നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പ്രീതിപ്പെടുത്താനാണ് റൂഡിയെ പുറത്താക്കിയത് എന്ന അഭ്യൂഹവും സജീവമാണ്. റൂഡിയും നിതീഷ് കുമാറുമായി ഏറെക്കാലമായി നല്ല ബന്ധമല്ല നിലനില്‍ക്കുന്നതെന്നും പുതിയ കൂട്ടുകെട്ടിന്റെ സാഹചര്യത്തില്‍ റൂഡിയെ മാറ്റിയത് നിതീഷിന്റെ ആവശ്യപ്രകാരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയതില്‍ റൂഡി തന്റെ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ ഇഷ്ടപ്രകാരമല്ല രാജിയെന്നും പാര്‍ട്ടി തീരുമാനിക്കുകയായിരുന്നുവെന്നും റൂഡി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ മികച്ച പ്രവര്‍ത്തനം നടത്താത്തതിനല്ല, മറിച്ച് അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിലാണ് പരാജയപ്പെട്ടതെന്ന വാദവുമായി അദ്ദേഹം രംഗത്തെത്തിയത്.

താന്‍ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ യാതൊന്നുമില്ലാതിരുന്ന ഒരു മന്ത്രാലയമായിരുന്നു എന്നും ഉദ്യോഗസ്ഥര്‍, മാര്‍ഗരേഖ, ഒരു ഘടന ഒക്കെ കഴിഞ്ഞ മുന്നു കൊല്ലം കൊണ്ട് ഉണ്ടാക്കാന്‍ കഴിഞ്ഞെന്നും റൂഡി എന്‍ഡിടിവിയോട് പറഞ്ഞു. “പ്രധാനമന്ത്രി ഉദ്ദേശിച്ചതു പോലെ തന്നെ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള കേന്ദ്രങ്ങള്‍ ഇപ്പോള്‍ രാജ്യമെമ്പാടുമുണ്ട്. അത് തന്റെ പിന്‍ഗാമിയായി വരുന്നവര്‍ക്ക് മനസിലാകും. എന്നാല്‍ താന്‍ പരാജയപ്പെട്ടെന്നാണ് പ്രധാനമന്ത്രി കരുതുന്നതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് തനിക്കെടുക്കാന്‍ കഴിയില്ല. ബോസ് ആണ് എല്ലയ്‌പ്പോഴും ശരി. പക്ഷേ, ഞാന്‍ ചെയ്ത ജോലികള്‍ ജനങ്ങളെയും തന്റെ ബോസുമാരേയും ബോധ്യപ്പെടുത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു എന്നത് ശരിയാണ്” എന്നും റൂഡി വ്യക്തമാക്കി.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന് തന്നെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും തൊഴില്‍ സൃഷ്ടിക്കുകയായിരുന്നില്ല തന്റെ മന്ത്രാലയത്തിന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഉത്തരവാദിത്തത്തിലേക്ക് തന്നെ മാറ്റുമെന്നാണ് പറയപ്പെടുന്നതെങ്കിലും ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഓരോ മാസവും പത്തു ലക്ഷത്തോളം യുവാക്കളാണ് ജോലി തേടി പുറത്തു വരുന്നത്. എന്നാല്‍ 2015-ല്‍ മോദി സര്‍ക്കാരിന് സൃഷ്ടിക്കാന്‍ കഴിഞ്ഞത് 1.35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ മാത്രമാണ്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും കുറവും രണ്ടാം യു.പി.എ സര്‍ക്കാരിനേക്കാള്‍ 67 ശതമാനം കുറവുമാണ് ഇത്.

ബിഹാറില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ റൂഡിയെ അമിത് ഷാ തിരികെ വിളിപ്പിക്കുകയും അതേ വിമാനത്തില്‍ തന്നെ അദ്ദേഹം ഡല്‍ഹിക്ക് തിരിച്ചു പറക്കുകയുമായിരുന്നു. ഉടന്‍ തന്നെ അമിത് ഷായുടെ വീട്ടിലെത്തിയ അദ്ദേഹത്തോട് രാജി വയ്ക്കാന്‍ അമിത് ഷാ നിര്‍ദേശിക്കുകയും ചെയ്തു. ധര്‍മേന്ദ്ര പ്രധാനാണ് സ്‌കില്‍ ഡവലപ്‌മെന്റ് വകുപ്പിന്റെ അധികച്ചുമതല നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍