UPDATES

ട്രെന്‍ഡിങ്ങ്

ഇതും ഇന്ത്യയാണ്: ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് ദളിത്‌ വൃദ്ധയെ തല്ലിക്കൊന്നു; സ്ത്രീകളുടെ മുടി മുറിക്കുന്ന പ്രേതപ്പേടിയില്‍ ഉത്തരേന്ത്യ

പ്രാഥമികകൃത്യങ്ങള്‍ക്കു ശേഷം മടങ്ങുമ്പോള്‍ കണ്ണു കാണാതെ വഴി തെറ്റി മറ്റൊരു വീട്ടില്‍ കയറിയതായിരുന്നു വൃദ്ധ

ഗണപതി പ്രതിമ പാലു കുടിക്കുന്ന നാടാണിത്. പ്രേതങ്ങള്‍ മനുഷ്യരെ ശല്യപ്പെടുത്തുകയും അതിന്റെ പേരില്‍ ചരടും നൂലുമൊക്കെ ജപിച്ചു കെട്ടുകയും ഒക്കെ ചെയ്യുന്ന നാട്. ബീഫ് കഴിച്ചു എന്നതിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുകയും ചെയ്യുന്ന നാട്. ഇതാ, ഉത്തരേന്ത്യയില്‍ നിന്നും മറ്റൊരു വിചിത്ര വാര്‍ത്ത കൂടി എത്തിയിരിക്കുന്നു. ഉറക്കത്തില്‍ സ്ത്രീകളുടെ മുടി പ്രേതങ്ങള്‍/പിശാചുക്കള്‍ മുറിച്ചു കളയുന്നു എന്നതാണ് പരിഭ്രാന്തി പടര്‍ത്തിയിരിക്കുന്നത്.

അതിന്റെ ഫലം: ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ 60 വയസുള്ള ഒരു ദളിത് വൃദ്ധയെ തല്ലിക്കൊന്നു. സന്ധ്യ കഴിഞ്ഞാല്‍ സ്ത്രീകളും പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. സ്ത്രീകളുടെ മുടി മുറിക്കുന്ന പ്രേതങ്ങളെ പിടികൂടാന്‍ വിജിലാന്റെ ഗ്രൂപ്പുകളും ശക്തം.

എന്താണ് ഇതിനോട് ഡല്‍ഹി, യു.പി പോലീസിന് പറയാനുള്ളത്? ഇവയെല്ലാം അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണ് എന്ന്.

എന്നാല്‍ ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍- അത് ബീഫ് കടത്തുന്നതിന്റെ പേരിലായാലും പശുവിനെ കടത്തുന്നതിന്റെ പേരിലായാലും ഒക്കെ നിലവിലുള്ള വെറുപ്പിന്റെയും അന്യവിദ്വേഷത്തിന്റേയും ബാക്കിപത്രമായി ഉണ്ടാകുന്നത് നിരപരാധികളായ മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുക എന്നതു മാത്രമാണ്. പോകപ്പോകെ ഇത്തരം അഭ്യൂഹങ്ങളുടെ പേരില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് കൂടി നമ്മുടെ കണക്കുകള്‍ തെറ്റിപ്പോകുന്നു.

ആഗ്രയില്‍ തങ്ങളുടെ വൃദ്ധയായ അമ്മയുടെ മരണം ഇപ്പോഴും അവരുടെ അഞ്ചു മക്കള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അടുത്തുള്ള വെളിമ്പ്രദേശത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ച ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. എന്നാല്‍ കാഴ്ച്ചക്കുറവുള്ള അവര്‍ക്ക് വഴിതെറ്റി ചെന്നുകയറിയത് മറ്റൊരു വീട്ടില്‍. തുടര്‍ന്ന് രണ്ടു പേര്‍ അവരെ വടിയും കമ്പിയുമുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ മരിച്ചു.

തന്നെയും തന്റെ മക്കളേയും പ്രതികളായ മനീഷ് (30), സോനു (23) എന്നിവര്‍ക്ക് അറിയാമെന്ന് മാലാദേവി അവരോട് കരഞ്ഞു പറഞ്ഞെന്നും എന്നാല്‍ പ്രതികള്‍ അതു കേട്ടില്ലെന്നും മുട്‌നായി ഗ്രാമത്തിലുള്ളവര്‍ പറയുന്നു. തന്നെ വീട്ടിലെത്താന്‍ സഹായിക്കണമെന്നും തനിക്ക് കാഴ്ചക്കുറവുള്ളതിനാല്‍ വഴി തെറ്റിയതാണെന്നും അവര്‍ അപേക്ഷിച്ചെങ്കിലും അതൊന്നും ആരും ചെവിക്കൊണ്ടില്ല, ആരും കാര്യമാക്കിയുമില്ല.

കാരണം, ആ വാര്‍ത്ത, സ്ത്രീകളുടെ മുടി മുറിക്കുന്ന പ്രേതം എന്ന കെട്ടുകഥ നഗരങ്ങള്‍ കടന്ന് ആ ഗ്രാമത്തിലെത്തിയിരുന്നു. ആഗ്രയില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് മുട്‌നായി.

“ഞാന്‍ മരുമകള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു. അപ്പോഴാണ് ആരോ ബെഡില്‍ അടിക്കുന്നതു പോലെയും ഞങ്ങളുടെ മേലേയ്ക്ക് വീഴുന്ന പോലെയും തോന്നിയത്. പേടിച്ചു പോയ ഞങ്ങള്‍ ഉറക്കെ കരയുകയും ചെയ്തു. അതിനു ശേഷം എന്താണ് സംഭവിച്ചത് എന്നറിയില്ല. ഇങ്ങനെ ഉണ്ടായിടത്തൊക്കെ അവരുടെ മുടി മുറിക്കും എന്നാണ് കേട്ടിട്ടുളളത്. ഉറക്കത്തിനിടയില്‍ ആരെങ്കിലൂം ഇങ്ങനെ മുടി മുറിച്ചാല്‍ നമ്മള്‍ പേടിക്കില്ലേ?” പ്രതികളുടെ അമ്മയായ പ്രകാശ് ദേവി ചോദിക്കുന്നു. ഒ.ബി.സിയായ ബഗേല സമുദായക്കാരാണ് പ്രതികള്‍.

ആഗ്രയ്ക്കടുത്ത് മറ്റൊരു ഗ്രാമത്തില്‍ ജീവിക്കുന്ന ഭര്‍ത്താവിന്റെ സഹോദരിക്കും തനിക്കും പേടിപ്പിക്കുന്ന അനുഭവം ഉണ്ടായെന്നും പറയുന്നു പ്രകാശ് ദേവി. “കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍ത്താവിന്റെ സഹോദരി പ്രേതത്തെ കണ്ടത്. അവരുടെ മുടി മുറിച്ചു കളയുകയും ചെയ്തു. അന്നു മുതല്‍ പാതി ബോധത്തിലാണ് അവര്‍ കഴിയുന്നത്. പിറ്റേ ദിവസം ഇതേ കാര്യം എനിക്കും സംഭവിച്ചു. ഞങ്ങള്‍ പ്രേതത്തെ കണ്ടു എന്നാണ് തോന്നിയത്. ബോധം വന്നപ്പോള്‍ അധികം കാര്യങ്ങളൊന്നും ഓര്‍മയുണ്ടായിരുന്നില്ല. എന്റെ മുടിയുടെ ഒരു ഭാഗം മുറിച്ചെടുത്തിരുന്നു”- മുറിച്ചെടുത്ത മുടി ഒരു പ്ലാസ്റ്റിക് കവറിലാക്കി പിടിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

“എന്റെ അമ്മ ഒരു പ്രേതമോ ദുര്‍മന്ത്രവാദിനിയോ ആണെന്ന് അവര്‍ക്ക് തോന്നിയെങ്കില്‍ എന്തിനാണ് ഇത്ര ക്രൂരമായി അവര്‍ മര്‍ദ്ദിച്ചത്? എന്തുകൊണ്ടാണ് അവരെ ഞങ്ങളുടെ വീട്ടില്‍ കൊണ്ടുവന്നാക്കി പോലീസിനെ അറിയിക്കാതിരുന്നത്?” മാലാ ദേവിയുടെ അഞ്ചു മക്കളില്‍ ഒരാളായ മനോജ് കുമാര്‍ ചോദിക്കുന്നു.

മുടി മുറിക്കലുമായി മാലാ ദേവിക്ക് യാതൊരു ബന്ധവുമില്ലെന്ന് പോലീസും വ്യക്തമാക്കി.

മുട്‌നായിയിലെ വീടുകള്‍ക്കു മുമ്പിലെല്ലാം ഇപ്പോള്‍ അഞ്ചു കൈപ്പത്തി അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. “കുറച്ചു ദിവസങ്ങളായി പ്രേതങ്ങള്‍ സ്ത്രീകളുടെ മുടി മുറിക്കുന്ന സംഭവം ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. പ്രേതങ്ങളെയും ദുര്‍മന്ത്രവാദികളേയും അകറ്റാനാണ് ഇവ പതിപ്പിച്ചിരിക്കുന്നതെ”ന്നും സമീപത്തെ ദളിത് കോളനിയിലുള്ളവര്‍ പറയുന്നു. “ടി.വിയിലും പത്രങ്ങളിലുമൊക്കെ വാര്‍ത്ത വരുന്നുണ്ട്. ഏഴെട്ട് ദിവസമായി ഇത് കേള്‍ക്കുന്നു”- വിവാഹം കഴിഞ്ഞ് നാലു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവ് മരിച്ച മാലതി ദേവി പറയുന്നു. “ഭര്‍ത്താവിന്റെ അമ്മയെ വീട്ടുജോലികളില്‍ സഹായിച്ചാണ് ഞാന്‍ കഴിയുന്നത്. എഴുതാനോ വായിക്കാനോ എനിക്കറിയില്ല. വീട്ടില്‍ ടെലിവിഷനുമില്ല. അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ പറഞ്ഞാണ് മുടി മുറിക്കുന്ന കാര്യത്തെ കുറിച്ച് അറിഞ്ഞത്” എന്നും അവര്‍ പറയുന്നു.

മാലാ ദേവിയെ പ്രതികള്‍ തല്ലിച്ചതച്ചത് ദുര്‍മന്ത്രവാദിയാണെന്ന് ആരോപിച്ചാണെന്നാണ് ഗ്രാമക്കാര്‍ പറയുന്നു. “വെളുപ്പിനെ മൂന്നര മണിക്കാണ് അടുത്തുള്ള വെളിമ്പ്രദേശത്തേക്ക് അമ്മ പോയത്. രണ്ടു-മൂന്നു മണിക്കൂര്‍ കൂടുമ്പോള്‍ അമ്മയ്ക്ക് ടോയ്‌ലെറ്റില്‍ പോകണം. സാധാരണ 15-20 മിനിറ്റിനുള്ളില്‍ മടങ്ങി വരാറുള്ളതാണ്. അന്ന് നാലു മണിയായപ്പോള്‍ അയല്‍ക്കാരാണ് വന്നു പറഞ്ഞത്, അടുത്തുള്ള പൈപ്പിന്റെ ചുവട്ടില്‍ അമ്മ ബോധമില്ലാതെ കിടക്കുന്നുവെന്ന്. ഞങ്ങള്‍ ഓടിച്ചെന്ന് വെള്ളം കൊടുത്ത് എഴുന്നേല്‍പ്പിച്ചിരുത്തി. രക്തമൊന്നും വരുന്നില്ലായിരുന്നെങ്കിലും മുഖത്തൊക്കെ അടികൊണ്ട് നീരു വച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് മനീഷും സോനുവും മര്‍ദ്ദിച്ച കാര്യം അമ്മ പറയുന്നത്” എന്നും മാലാ ദേവിയുടെ മക്കള്‍ പറയുന്നു.

തുടര്‍ന്ന് ഇവര്‍ മാലാദേവിയെ ആശുപത്രിയില്‍ എത്തിച്ചു. 30 കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് മകന്‍ ഗുലാബ് സിംഗിന്റെ ബൈക്കിനു പിന്നിലിരുന്നാണ് മാലാദേവി പോയത്. “ആശുപത്രിയിലെത്തി മുക്കാല്‍ മണിക്കൂറിനുള്ളില്‍ അവര്‍ ചില പരിശോധനകളൊക്കെ നടത്തി മരുന്നു തന്നു വിട്ടു. എന്നാല്‍ വഴിമധ്യേ മാലാദേവി മരിക്കുകയായിരുന്നു”വെന്നും മക്കള്‍ പറഞ്ഞു. പ്രതികളിരുവരും ഒളിവിലാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ത്രീകളുടെ മുടി മുറിക്കുന്ന പിശാച് ബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാട്ടുതീ പോലെയാണ് ഹരിയാനയിലും ഡല്‍ഹിയിലും ഇപ്പോള്‍ വെസ്‌റ്റേണ്‍ യു.പിയിലും പടരുന്നത്. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണിതെന്ന് പോലീസ് പറയുന്നു. ഡല്‍ഹിയില്‍ മാത്രം ഇത്തരത്തില്‍ അഞ്ചു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലീഡ് സയന്‍സസിലെ മനോരോഗ വിദഗ്ധരുടെ സഹാത്തോടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍