UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ-റഷ്യ ഇനി ഭായി ഭായി

Avatar

ടീം അഴിമുഖം 

2015 നവംബര്‍ 24ന് തുര്‍ക്കി-സിറിയ അതിര്‍ത്തിക്ക് സമീപത്തുകൂടി പറക്കുന്നതിനിടയിലാണ് റഷ്യയുടെ സുകോയി-24എം യുദ്ധവിമാനം തുര്‍ക്കി സേന വെടിവെച്ചിട്ടത്. കത്തിക്കൊണ്ടിരുന്ന വിമാനത്തില്‍ നിന്നും പൈലറ്റും ആയുധ സംവിധാന ഓഫീസറും പുറത്തേക്ക് ചാടി. പാരച്യൂട്ട് വഴി ചാടിയ പൈലറ്റ് നിലംചവിട്ടുന്നതിന് ഏതാനും മീറ്ററുകള്‍ക്ക് മുമ്പ് സിറിയന്‍ വിമതസേന അദ്ദേഹത്തെ വെടിവെച്ചുകൊന്നു.

റഷ്യന്‍ യുദ്ധവിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിമാനം വെടിവെച്ചിട്ടതിനെ തുര്‍ക്കി ന്യായീകരിച്ചു. തുര്‍ക്കിയുടെ നിലപാടിന് യുഎസിന്റെ പിന്തുണ ലഭിച്ചു. എന്നാല്‍, തങ്ങളുടെ വിമാനം സിറിയന്‍ വ്യോമാതിര്‍ത്തിയിലായിരുന്നുവെന്ന്, അസദ് ഭരണകൂടത്തിന് പിന്തുണയുമായി സിറിയയില്‍ പ്രവര്‍ത്തിക്കുന്ന റഷ്യ അവകാശപ്പെട്ടു. അമേരിക്കന്‍, നാറ്റോ, തുര്‍ക്കി അധികൃതരെ ആശങ്കയിലാഴ്ത്തിക്കൊണ്ട്, നാട്ടില്‍ ‘ത്രിയുംഫ്’ എന്നും പാശ്ചാത്യരാജ്യങ്ങളില്‍ ‘ഗ്രോവ്‌ലര്‍’ എസ്എ-21 എന്നും അറിയപ്പെടുന്ന എസ്-400 വിമാനവേധ മിസൈലുകള്‍ സ്ഥാപിക്കുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചു. സിറിയയിലെ ലടാക്യയിലെ റഷ്യന്‍ വ്യോമത്താവളമായ ഹംമെയ്മിം വ്യോമത്താവളത്തില്‍ 24 മണിക്കൂര്‍ ജാഗ്രതയോടെ ഇത് പ്രവര്‍ത്തിക്കും. ബാസെല്‍-അല്‍-അസാദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ചില വ്യോമസൗകര്യങ്ങള്‍ പങ്കവയ്ക്കുന്നുണ്ടെങ്കിലും ഈ വ്യോമത്താവളത്തിലേക്ക് റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.

റഷ്യ-സിറിയ സഖ്യവും സിറിയയിലെ യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യശക്തികളും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കൈവിട്ടുപോവുകയും അതൊരു ലോകയുദ്ധമായി വളരുകയും ചെയ്തിരുന്നെങ്കില്‍, അതിന്റെ നിര്‍ണായക ശേഷികള്‍ വച്ച് എസ്-400 മിസൈലുകള്‍ ആ യുദ്ധത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുമായിരുന്നു. ഭൂമിയില്‍ ലഭ്യമായ ഏറ്റവും പ്രഹര ശേഷിയുള്ളതും മാരകവുമായ ദീര്‍ഘദൂര വ്യോമപ്രതിരോധ മിസൈലുകളാണതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 250 മൈലുകള്‍ (400 കിലോമീറ്റര്‍) ദൂരെ നിന്നുപോലുമുള്ള വിമാനങ്ങള്‍, മിസൈലുകള്‍ തുടങ്ങി ഏതൊരു പറക്കുന്ന വസ്തുവിനെയും കണ്ടെത്താനും അതിനെ നശിപ്പിക്കുന്നതിനായി മിസൈലുകള്‍ വിക്ഷേപിക്കുന്നതിനും ഈ സംവിധാനത്തിന് സാധിക്കും.

തങ്ങളുടെ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഗോവയില്‍ ശനിയാഴ്ച ഒത്തുചേര്‍ന്നപ്പോള്‍, അഞ്ച് എസ്-400 സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാമെന്ന് റഷ്യ സമ്മതിച്ചിട്ടുണ്ട്. നാല് മിസൈല്‍ നിയന്ത്രിത ചരക്കുകപ്പലുകള്‍ കൈമാറാനും കമോവ് 226ടി ഹെലിക്കോപ്ടറുകള്‍ റഷ്യയുടെ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കാനും ഇരുകൂട്ടരും തമ്മില്‍ ധാരണയായിട്ടുണ്ട്.

ഉഭയകക്ഷി ബന്ധങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ സമീപകാലത്തുണ്ടായിട്ടുള്ള വാക്‌പോരുകള്‍ക്ക് കടകവിരുദ്ധമാണ് ശനിയാഴ്ച ഇന്ത്യയും റഷ്യയും പ്രകടിപ്പിച്ച ആഴത്തിലുള്ള സൗഹൃദം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും അമേരിക്കന്‍ ചേരിയിലേക്ക് അതിവേഗം നീങ്ങാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ മുതല്‍, തങ്ങളുടെ അതൃപ്തിയുടെ ശക്തമായ സന്ദേശങ്ങള്‍ റഷ്യ കാണിക്കുന്നുണ്ടായിരുന്നു. ഉദാഹണത്തിന്, ചരിത്രത്തിലാദ്യമായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ സൈന്യവുമായി ചേര്‍ന്ന് റഷ്യ സൈനികാഭ്യാസങ്ങള്‍ നടത്തിയിരുന്നു.

ഇന്ത്യയുമായി നല്ല ബന്ധം നിലനിറുത്താനുള്ള റഷ്യയുടെ ‘സ്ഥായിയായ’ സമീപനത്തെ കുറിച്ചും വളരുന്ന ഇന്ത്യന്‍ സാമ്പത്തികരംഗത്തെ പിന്തുണയ്ക്കുന്നതിനായി സ്ഥിരമായ ഊര്‍ജ്ജസഹകരണം ഉറപ്പാക്കാനുള്ള തന്റെ സര്‍ക്കാരിന്റെ ശ്രമങ്ങളെ കുറിച്ചും തന്റെ പ്രഖ്യാപനത്തില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഊന്നിപ്പറയുന്നുണ്ട്.

‘നാണയത്തിന്റെ മൂല്യശോഷണം മൂലം ചില പദ്ധതികളെ സംബന്ധിച്ചിടത്തോളം ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇന്ത്യയുമായുള്ള ഉഭയകക്ഷി പദ്ധതികളില്‍ ഒരു സ്ഥായിയായ സമീപനം ഉറപ്പാക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്,’ എന്ന് പറഞ്ഞ പ്രസിഡന്റ് പുടിന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു, ‘ സുകോയി സൂപ്പര്‍ ജറ്റുകളും യാത്രാവിമാനങ്ങളും സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഞങ്ങള്‍ പരിശോധിക്കുകയാണ്.’

ഔദ്യോഗിക പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ്, ഇരുനേതാക്കളും ഒരു ബട്ടണമര്‍ത്തിക്കൊണ്ട് കൂടംകുളം ആണവോര്‍ജ്ജ നിലയത്തിന്റെ മൂന്നും നാലും യൂണിറ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തിരുന്നു. ഇന്ത്യയുടെ വിദേശ ശക്തികളെ വരുതിയില്‍ നിറുത്തുന്നതിനായി രാജ്യത്തിന്‍റെ വാങ്ങല്‍ ശേഷിയെ ഒരു നിര്‍ണായക ഘടകമാക്കുന്ന ഒരു പ്രശ്‌നാധിഷ്ടിത നയതന്ത്രരീതിയാണ് മോദി നടപ്പിലാക്കുന്നത്. ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങളും യുഎസില്‍ നിന്നും നടത്തിയ വന്‍വാങ്ങാലും ഇപ്പോള്‍ റഷ്യയുമായുള്ള ഇടപാടും പരിശോധിക്കുമ്പോള്‍, അന്താരാഷ്ട്ര സാഹചര്യങ്ങളെ കുറിച്ച് ഒരു പ്രായോഗിക കാഴ്ചപ്പാടാണ് മോദിക്കുള്ളതെന്ന് വേണം കരുതാന്‍. അന്താരാഷ്ട്ര ബന്ധങ്ങളില്‍ പണത്തിനപ്പുറം വല്ലതും സംസാരിക്കുന്നുണ്ടോ എന്നതാണ് ഇനി അറിയാനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍