UPDATES

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി

“വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേൽ ജീവശാസ്ത്രപരമായ കാരണങ്ങൾക്ക് ആധിപത്യം സ്ഥാപിക്കാനാകില്ല”

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിച്ചു. അഞ്ചംഗ ബെഞ്ചില്‍ നാലുപേരുടെ പിന്തുണയോടെയാണ് സ്ത്രീപ്രവേശനം അനുവദിക്കുന്ന വിധി പുറത്തുവന്നത്. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേൽ ജീവശാസ്ത്രപരമായ കാരണങ്ങൾക്ക് ആധിപത്യം സ്ഥാപിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തിൽ വ്യക്തമാക്കി.

10നും 50നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളേയും സ്ത്രീകളേയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന വിശ്വാസം ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബഞ്ചിൽ. ഓഗസ്റ്റ് എട്ടിന് കേസ് പരിഗണിച്ച കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ നിലവിലുള്ള സമാനമായ വിലക്കുകളേയും നിയന്ത്രണങ്ങളെയും ഇന്നത്തെ സുപ്രീം കോടതി വിധി സ്വാധീനിക്കും.

ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിശ്വാസത്തിന്റെ പേരില്‍ ശബരിമല ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തുന്നത് ലിംഗവിവേചനവും ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. 2006ല്‍ ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ആണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 2008 മാര്‍ച്ച് ഏഴിന് മൂന്നംഗ ബഞ്ചിന് കേസ് റഫര്‍ ചെയ്തു. എന്നാല്‍ പിന്നീട് കെട്ടിക്കിടന്ന കേസ് 2016 ജനുവരി 11നാണ് വീണ്ടും സജീവമായത്.

മഹാരാഷ്ട്രയിലെ ശനീശ്വര്‍ ക്ഷേത്രമടക്കമുള്ളവയിലെ (ശനി ശിന്‍ഗാപൂര്‍ ക്ഷേത്രം) സ്ത്രീ പ്രവേശനത്തിനായുള്ള പ്രക്ഷോഭങ്ങള്‍ വിജയം കാണുകയും സ്ത്രീ പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു. സ്ത്രീ പ്രവേശനത്തിന് അനുകൂലമായി ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാസികിലെ മഹാലക്ഷ്മി ക്ഷേത്രം, കോലാപൂരിലെ ത്രയംബകേശ്വര്‍ ക്ഷേത്രം എന്നിവിടങ്ങളിലും സ്ത്രീപ്രവേശനം അനുവദിച്ചിരുന്നു. മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശനം അനുവദിച്ചു. തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ മുന്നില്‍ നിന്നു. ശബരിമല വിഷയത്തിലും ഇവര്‍ ഇടപെട്ടിരുന്നു.

2016 ജനുവരിയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2016 മേയില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ യുഡിഎഫിന്റെ അതേ നിലപാടാണ് തുടക്കത്തില്‍ സ്വീകരിച്ചത്. എന്നാല്‍ 2017ല്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് വീണ്ടും സര്‍ക്കാര്‍ നിലപാട് മാറ്റി. 2017 ഒക്ടോബര്‍ 13ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരുടെ മൂന്നംഗ ബഞ്ച് കേസ് ഭരണഘടന ബഞ്ചിന് കൈമാറി. 1965ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വര്‍ഷിപ്പ് (ഓതറൈസേഷന്‍ ഓഫ് എന്‍ട്രി) റൂള്‍സിലെ ത്രി ബി വകുപ്പ് ചോദ്യം ചെയ്താണ് ഇവര്‍ കോടതിയിലെത്തിയത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്ന നിയമമാണിത്.

സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും നിയന്ത്രണവും ഭരണഘടനയുടെ 14, 15, 17 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകയായ ഇന്ദിര ജയ് സിംഗ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളോടുള്ള വിവേചനമാണ് ഇതെന്നും സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഇടങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാനുള്ള അനുവാദം വേണമെന്നും ഇന്ദിര ജയ്‌സിംഗ് വാദിക്കുന്നു.

Also Read: എനിക്ക് ശബരിമലയില്‍ പ്രാര്‍ഥിക്കണം; I Am Not #ReadyToWait

സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സര്‍ക്കാര്‍ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്

ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് എതിരായിരുന്നു. വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാരത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആയതിനാല്‍ സ്ത്രീകളെ വിലക്കുന്നതില്‍ വിവേചനമില്ലെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു.

സര്‍ക്കാര്‍ നിലപാട്

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ് നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. 2006ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്. 2016 വരെ ഈ നിലപാട് തുടര്‍ന്നു. 2016ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചു. അഡ്വ.ജയദീപ് ഗുപ്തയാണ് കേരള സര്‍ക്കാരിന് വേണ്ടി ഹാജരായത്.

പ്രാര്‍ത്ഥിക്കാനുള്ള സ്ത്രീകളുടെ അവകാശം ഏതെങ്കിലുമൊരു പ്രത്യേക നിയമത്തെ ആശ്രയിച്ചിരിക്കുന്ന കാര്യമല്ലെന്നും അത് ഭരണഘടനാപരമായ മൗലികാവകാശമാണെന്നും വാദം കേള്‍ക്കലിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പൊതുവായി ഉപയോഗിക്കുന്ന ഒരിടം സ്ത്രീകള്‍ക്ക് മാത്രമായി വിലക്കാനാവില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രഡൂഡ് പറഞ്ഞിരുന്നു. പുരുഷന് ബാധകമായതെല്ലാം സ്ത്രീക്കും ബാധകമാണ് എന്ന് കോടതി വിലയിരുത്തി. ആര്‍ത്തവം അശുദ്ധമല്ലെന്ന് ജസ്റ്റിസ് ആര്‍എഫ് നരിമാനും ചൂണ്ടിക്കാട്ടിയിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് പരിശോധിക്കുന്ന കാര്യങ്ങൾ

1. ജീശാസ്ത്രപരമായ ചില പ്രത്യേകതകളുടെ (ആര്‍ത്തവം) അടിസ്ഥാനത്തില്‍ സ്ത്രീകളെ മാറ്റി നിറുത്തുന്ന ശബരിമലയിലെ ആചാരം അയിത്തം ആയി മാറുന്നുണ്ടോ? പ്രസ്തുത ആചാരം ഭരണഘടനയുടെ 14, 15, 17 വകുപ്പുകളെ ലംഘിക്കുന്നുണ്ടോ? ഭരണഘടനയുടെ 25, 26 വകുപ്പുകൾ പറയുന്നതു പ്രകാരമുള്ള ‘മൂല്യങ്ങളു’ടെ സംരക്ഷണം നിഷേധിക്കപ്പെടുന്നുണ്ടോ?

2. സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനെ 25ാം വകുപ്പ് പ്രകാരം അത്യന്താപേക്ഷിതമായ ഒരു മതാചാരമെന്ന് കരുതാനാകുമോ? മതപരമായ കാര്യങ്ങളിൽ തങ്ങൾക്കുള്ള സ്വയംഭരണാവകാശത്തിന്റെ കുടക്കീഴിൽ ഈ ആചാരവും പെടുമെന്ന് ഒരു മതസ്ഥാപനത്തിന് അവകാശപ്പെടാനാകുമോ?

Also Read: നാരീവിരുദ്ധ പരിസ്ഥിതി വാദം പൂക്കുന്ന ശബരിമല പൂങ്കാവനം

3. അയ്യപ്പ ക്ഷേത്രത്തിന് ഒരു മത ഉപവിഭാഗ സ്വഭാവമുണ്ടോ? അങ്ങനെയുണ്ടെങ്കിൽ, ഒരു നിയമപരമായി സ്ഥാപിതമായ ഒരു ബോർഡിനാൽ ഭരിക്കപ്പെടുകയും, ഭരണഘടനയുടെ 290-എ വകുപ്പു പ്രകാരം സർക്കാർ ഫണ്ട് വാങ്ങുകയും ചെയ്യുന്ന ഇത്തരമൊരു സ്ഥാപനത്തിന് ഭരണഘടനാതത്വങ്ങളും, വകുപ്പ് 14, 15(3), 39(a) എന്നിവ മുമ്പോട്ടുവെക്കുന്ന മൂല്യങ്ങളും ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടാനാകുമോ?

5. കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വർഷിപ്പ് (ഓതറൈസേഷൻ ഓഫ് എൻട്രി) ചട്ടങ്ങളിലെ ചട്ടം 3, പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകള്‍ക്ക് നിരോധനമേർപ്പെടുത്താൻ മത ഉപവിഭാഗത്തിന് അനുമതി നൽകുന്നുണ്ടോ? അനുമതി നൽകുന്നുണ്ടെങ്കിൽ അത് ഭരണഘടനയുടെ 14, 15(3) വകുപ്പുകളെ, സ്ത്രീകളുടെ പ്രവേശനം ലിംഗാടിസ്ഥാനത്തിൽ നിയന്ത്രിക്കുക വഴി തടയുന്നില്ലേ?

6. 1965ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വോർഷിപ്പ് (ഓതറൈസേഷൻ ഓഫ് എൻട്രി) ചട്ടങ്ങളിലെ വകുപ്പ് 3(b), 1965ലെ തന്നെ കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വോർഷിപ്പ് (ഓതറൈസേഷൻ ഓഫ് എൻട്രി) നിയമത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ടോ? നേരെ തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ ഭരണഘടനയുടെ മൂന്നാംഭാഗത്തിലെ വ്യവസ്ഥകളെ ലംഘിക്കുന്നുണ്ടോ?

EXPLAINER: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമോ? സുപ്രീം കോടതിയില്‍ നടക്കുന്നതെന്ത്?

ശബരിമല; പൗരോഹിത്യത്തിനും മതമൗലികവാദികള്‍ക്കും മാത്രമല്ല, പുരോഗമനസമൂഹത്തിനും സ്ത്രീപ്രവേശനം ഒരു വിഷയമാണ്‌

ആര്‍എസ്എസിനെന്ത് ശബരിമലയില്‍ കാര്യം? എസ് ഹരീഷിനെ ആര്‍ക്കാണ് പേടി? നിലപാടിന്റെ പ്രശ്നമാണ്

അതുകൊണ്ട് സ്ത്രീകളെ, ഇനിയും കാത്തിരിക്കണമെന്ന് പറയാന്‍ അനുവദിക്കരുത്

ശബരിമല ശാസ്താവിനെ അയ്യപ്പനാക്കിയതിലെ അട്ടിമറികള്‍ക്ക് പിന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍