UPDATES

മകന്റെ തോല്‍വിയുടെ ഉത്തരവാദിത്വം സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്ന് ഗെലോട്ട്: തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കോൺഗ്രസ്സിൽ അരമന ലഹള

താനും പൈലറ്റും തമ്മിൽ ഭിന്നത രൂക്ഷമാണെന്ന വാർത്തകളെ പക്ഷെ, ഗെലോട്ട് പ്രതിരോധിച്ചു. മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ തെറ്റിദ്ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഞെട്ടൽ മാറും മുമ്പ് കോൺഗ്രസ്സിൽ ആഭ്യന്തര കലാപം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് പാർട്ടിയിലെ തന്റെ എതിരാളിയും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. തന്റെ മകൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റതിനു കാരണം പൈലറ്റാണെന്നാണ് ഗെലോട്ട് ആരോപിച്ചിരിക്കുന്നത്. പിസിസി അധ്യക്ഷൻ താനല്ല, പൈലറ്റാണെന്ന് ഗെലോട്ട് ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ ജോധ്പൂർ മണ്ഡലത്തിലാണ് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട് മത്സരിച്ചത്. സംസ്ഥാനത്ത് മൊത്തത്തിലേറ്റ പരാജയത്തിനൊപ്പം വൈഭവും പരാജയം രുചിച്ചു. ഇതിനു കാരണം സച്ചിൻ പൈലറ്റാണെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

“ഞങ്ങള്‍ വലിയ മാർജിനിൽ ജോധ്പൂരിൽ ജയിക്കുമെന്നാണ് സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നത്. മണ്ഡലത്തിൽ നിന്ന് ആറ് എംഎൽഎമാർ ഞങ്ങൾക്കുണ്ട്. പ്രചാരണം ശക്തമായിരുന്നു. പിന്നെങ്ങനെയാണ് തോറ്റത്? പാർട്ടിയുടെ പരാജയം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കണം,” ഗെലോട്ട് പറഞ്ഞു. വൈഭവ് വിജയിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ പൈലറ്റ് തന്നെ പരാജയകാരണവും പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൻ പരാജയമാണ് വൈഭവിന് മണ്ഡലത്തിലേറ്റത്. 2.7 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനായിരുന്നു കേന്ദ്രമന്ത്രി കൂടിയായിരുന്ന ബിജെപി സ്ഥാനാർത്ഥി ഗജേന്ദ്ര സിങ് ശെഖാവത്ത് മണ്ഡലത്തിൽ നിന്ന് ജയിച്ചു കയറിയത്. ബിജെപി 24 സീറ്റുകളാണ് സംസ്ഥാനത്തു നിന്നും നേടിയത്. ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി ഒരു സീറ്റിലും വിജയിച്ചു.

താനും പൈലറ്റും തമ്മിൽ ഭിന്നത രൂക്ഷമാണെന്ന വാർത്തകളെ പക്ഷെ, ഗെലോട്ട് പ്രതിരോധിച്ചു. മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ തെറ്റിദ്ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസ്സ് വൻ വിജയം നേടിയതിനു ശേഷം ഗെലോട്ടും പൈലറ്റും മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടി കടുത്ത വടംവലി നടന്നിരുന്നു. പൈലറ്റിന് ഇനിയും സമയമുണ്ടെന്ന നിലപാടായിരുന്നു ഗെലോട്ടിന്. പൈലറ്റിനെ മറികടന്ന് ദീർഘകാലമായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി കഴിഞ്ഞ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം നേടുകയായിരുന്നു. തന്റെ മകന്റെ പരാജയത്തിനു പിന്നിൽ പൈലറ്റിന്റെ കരങ്ങളുണ്ടെന്ന സൂചന കൂടി നൽകുകയാണ് ഗെലോട്ട് ഇപ്പോൾ.

അതെസമയം സംസ്ഥാന നേതാക്കൾ തങ്ങളുടെ മക്കളെ സ്ഥാനാർത്ഥികളാക്കാനും അവരെ വിജയിപ്പിക്കാനുമാണ് മുഴുവൻ സമയം പ്രവർത്തിച്ചതെന്ന ആരോപണം കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍