UPDATES

ട്രെന്‍ഡിങ്ങ്

രാജ്യസഭ ഇന്നിംഗ്‌സ് അഞ്ച് വര്‍ഷം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പൂജ്യം നോട്ട് ഔട്ട്‌

സഭയിലെ സച്ചിന്‍റെ ‘ബാറ്റിംഗ് ശരാശരിയും’ ‘സ്ട്രൈക്ക് റേറ്റും’ ഒക്കെ എന്താണ് എന്ന് പിടികിട്ടും. പരിതാപകരമാണ് അത്. അഞ്ച് വര്‍ഷവും എട്ട് മാസവും രാജ്യസഭാംഗമായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സഭയില്‍ ഇതുവരെ ഹാജരായത് വെറും 12 ദിവസം.

ക്രിക്കറ്റില്‍ സച്ചിന്‍ രമേഷ് ടെണ്ടുക്കര്‍ ദൈവവും ഇതിഹാസവും മാസ്റ്റര്‍ ബ്ലാസ്റ്ററുമൊക്കെ ആയിരിക്കാം. എന്നാല്‍ രാജ്യസഭയില്‍ അദ്ദേഹം അപൂര്‍വമായി മാത്രം എത്തുന്ന അതിഥിയും സഭാ നടപടികളുടെ കാഴ്ച്ചക്കാരനുമാണ്. ഗാലറിയിലിരുന്ന രാജ്യസഭ നടപടികള്‍ വീക്ഷിക്കുന്ന ഒരു അതിഥിയെ പോലെ തന്നെയാണ് എംപിയെന്ന നിലയിലുള്ള ഇരിപ്പിടത്തില്‍ മിക്കവാറും സച്ചിന്‍ ഇരുന്നതും. 2012 ഏപ്രിലിലാണ് യുപിഎ സര്‍ക്കാര്‍ നോമിനേറ്റ ചെയ്ത അംഗമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭയിലെത്തുന്നത്. ഭാരത് രത്‌നയും സച്ചിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. അഞ്ച് വര്‍ഷത്തിലധികമായി രാജ്യസഭാംഗമായിരിക്കുന്ന അദ്ദേഹത്തിന്റെ കാലാവധി 2018ല്‍ അവസാനിക്കും. എന്നാല്‍ ഇതുവരെ ഒരു തവണ പോലും സഭയില്‍ സച്ചിന്‍ പ്രസംഗിച്ചിട്ടില്ല. ഇന്നാണ് ആ ശുഭമുഹൂര്‍ത്തം എത്തിയത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാകിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി മോദിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പുകാല തറവേലയുടെ കലിപ്പിലായിരുന്നു കോണ്‍ഗ്രസുകാര്‍. അതിനിടയിലാണ് രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അംഗങ്ങളോട് നിശബ്ദരായിരിക്കാന്‍ പറയുന്നത്. ദൈവം പ്രസംഗിക്കാന്‍ വരുമ്പോള്‍ അലമ്പുണ്ടാക്കരുതെന്ന് വെങ്കയ്യ നായിഡു ഹിന്ദിയിലും ഇംഗ്ലീഷിലുമായി മൊഴിഞ്ഞു – ഉന്‍കോ സുനിയേ, it’s very important issue about space sorry sports and that too raised by Honorable member who was awarded bharat ratna. Have respect, please hear him. ആപ് ബോലിയെ, യെ റെക്കോര്‍ഡ് മേ നഹി ജാ രഹാ ഹേ…സച്ചിന്‍ ബാറ്റ് ക്രീസില്‍ ഉരക്കുന്ന പോലെ ശബ്ദമൊക്കെ ശരിയാക്കി വായ തുറന്നുപിടിച്ചു. വീണ്ടും വെങ്കയ്യ: all focus should be on sachin tendulkar. Nothing else will go on record. ഇത് കേട്ട് തോന്നക്കല്‍ പഞ്ചായത്തിലെ അരി മുഴുവന്‍ പെറുക്കിയെടുക്കാന്‍ പോകുന്ന വിധം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നില്‍ക്കുന്നു. ഏവടെ, ഒരു രക്ഷേമില്ല. വെങ്കയ്യ നായിഡു വീണ്ടും: it’s his maiden speech. That too on an important issue of sports. which is needed for the country – ഇത്രയും കാലം എംപിയായിട്ടും ഒരു പ്രസംഗം നടത്തുന്നത് പോയിട്ട് സഭയില്‍ തന്നെ മാവേലിയെ പോലെ വരുന്നയാളെ കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ സച്ചിന്‍ രാജ്യസഭയില്‍ എത്തിയപ്പോള്‍ ട്രോളര്‍മാര്‍ ശരിക്കും ആഘോഷിച്ചു. ഈദ് കാ ചാന്ദ് (റംസാനിലെ ചന്ദ്രന്‍) എന്നാണ് ട്രോളര്‍മാര്‍ അന്ന് സച്ചിനെ വിളിച്ചത്. തന്നെക്കുറിച്ചുള്ള ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസ്’ എന്ന ഡോക്യുമെന്‍ററിയെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം വന്നതെന്നും അതറിഞ്ഞു രാജ്യസഭാധ്യക്ഷന്റെ കണ്ണ് നിറഞ്ഞ് പോയെന്നും അവര്‍ പറഞ്ഞു. ഏതായാലും വെങ്കയ്യ നായിഡുവിന്‍റെ ഈ കോമഡി ആസ്വദിച്ച് കഴിഞ്ഞ് രാജ്യസഭയുടെ വെബ് സൈറ്റില്‍ ഒന്ന് കയറി നോക്കുന്നത് നല്ലതാണ്. സഭയിലെ സച്ചിന്‍റെ ‘ബാറ്റിംഗ് ശരാശരിയും’ ‘സ്ട്രൈക്ക് റേറ്റും’ ഒക്കെ എന്താണ് എന്ന് പിടികിട്ടും. പരിതാപകരമാണ് അത്. അഞ്ച് വര്‍ഷവും എട്ട് മാസവും രാജ്യസഭാംഗമായിരുന്ന ഭാരത രത്നം സഭയില്‍ ഇതുവരെ ഹാജരായത് വെറും 12 ദിവസം. എട്ട് ശതമാനം അറ്റന്‍ഡന്‍സ്. 2015ലെ ബജറ്റ് സമ്മേളനത്തിലാണ് കൂടിയ ഹാജര്‍ – 16 ശതമാനം. 2012ലെ ബജറ്റ് സമ്മേളനം, ശീതകാല സമ്മേളനം, 2013ലെ ബജറ്റ് സമ്മേളനം എന്നിവയില്‍ അറ്റന്‍ഡന്‍സ് വട്ടപൂജ്യം. ഇതുവരെ 22 ചോദ്യങ്ങളാണ് സച്ചിന്‍ രാജ്യസഭയില്‍ ചോദിച്ചത്. ചര്‍ച്ചകളില്‍ പങ്കാളിത്തമില്ല. ഒരു സ്വകാര്യ ബില്‍ പോലും അവതരിപ്പിച്ചിട്ടില്ല. സ്കൂളുകളില്‍ യോഗയും സ്പോര്‍ട്സും പഠനവിഷയങ്ങളാക്കാമെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്നും ഉറപ്പ് വാങ്ങിയിട്ടുണ്ട്. എംപി ഫണ്ട് വിനിയോഗത്തില്‍ പരാതിയുണ്ടാകാതിരിക്കാന്‍ സച്ചിന്‍ രണ്ട് ഗ്രാമങ്ങളെ ദത്തെടുത്തിട്ടുണ്ട്. സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രകാരം മഹാരാഷ്ട്ര ഉസ്മാനാബാദിലെ ഡോന്‍ജ സച്ചിന്‍ ദത്തെടുത്തിരുന്നു. ഇതിന് മുമ്പ് ആന്ധ്രപ്രദേശിലെ പുട്ടമര്‍ജു കണ്‍ട്രിഗ ഗ്രാമവും ദത്തെടുത്തിരുന്നു. എംപി ഫണ്ടില്‍ നിന്ന് നാല് കോടി രൂപയാണ് ഡോന്‍ജ ഗ്രാമത്തിനായി സച്ചിന്‍ വകയിരുത്തിയിരിക്കുന്നത്.

സമാജ് വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ സഭയില്‍ വരാത്ത സച്ചിനെ നേരത്തെ എടുത്തിട്ട് അലക്കിയിരുന്നു. സഭയില്‍ വരാന്‍ സൗകര്യം ഇല്ലെങ്കില്‍ സച്ചിനും രേഖയുമൊക്കെ എംപി സ്ഥാനം രാജി വയ്ക്കണം എന്ന് നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത്രയും ബുദ്ധിമുട്ടി സച്ചിനെ പോലുള്ളവര്‍ എന്തിനാണ് പാര്‍ലമെന്‍റ് അംഗങ്ങളായി ഇരിക്കുന്നത് എന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയാല്‍ കുറ്റം പറയാനാവില്ല. എംപിമാര്‍ക്കുള്ള പെന്‍ഷന്‍ വാങ്ങി വീട്ടുചിലവുകള്‍ നടത്തേണ്ട അവസ്ഥയൊന്നും സച്ചിന് ഇല്ലല്ലോ. എംപിമാര്‍ സഭ കമ്മിറ്റികളില്‍ അംഗമാകും. സച്ചിനും ഒരു കമ്മിറ്റിയിലുണ്ട് എന്ന് രാജ്യസഭ വെബ്സൈറ്റ് പറയുന്നു. 2016 സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മിറ്റിയില്‍ സച്ചിന്‍ അംഗമാണ് എന്നതാണ് മറ്റൊരു തമാശ.

മലയാളീ, ക്രിക്കറ്റ് ഒരാനയല്ല, സച്ചിൻ പാപ്പാനുമല്ല

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍