‘ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും ചേർന്നുണ്ടാക്കിയ നേട്ടത്തെ മറ്റാരും ഏറ്റെടുക്കുന്നത് ശരിയല്ല.’
ആത്മീയതയും ജ്യോതിഷവും ഒരിക്കലും പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നവയല്ലെന്നും ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ ജ്യോതിഷത്തിന് യാതൊരു പങ്കുമില്ലെന്നും ഇഷ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയ നേതാവുമായ ജഗ്ഗി വാസുദേവ്. ആത്മീയപ്രക്രിയകൾ മനുഷ്യന്റെ ആത്മീയ യാഥാർത്ഥ്യങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. സയൻസാകട്ടെ, മനുഷ്യന്റെ ഭൗതികമായ യാഥാര്ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ്. അവ പരസ്പരം ഏറെ ബന്ധപ്പെട്ടു നിൽക്കുന്നവയാണ്. പക്ഷെ ഇതിൽ ജ്യോതിഷത്തിന് എന്താണ് കാര്യമെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ദൗത്യത്തിന്റെ വിജയത്തിൽ പ്രവചനങ്ങൾക്ക് യാതൊന്നും ചെയ്യാനില്ലെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ പ്ലാനിങ്ങും അതിന്റെ നടപ്പാക്കലുമാണ് ഇവിടെ പ്രധാനം. സയൻസും ആത്മീയപ്രക്രിയയും ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്ലാനിങ്ങും അതിന്റെ കർശനമായ നടപ്പാക്കലും. ആത്മീയമായും ഭൗതികമായുമുള്ള ആസൂത്രണവും അതിന്റെ നടപ്പാക്കലും അതുവഴി ഭാവിഭാഗധേയത്തെ നിശ്ചയിക്കലും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ജ്യോതിഷമെന്നാൽ പ്രവചനങ്ങളുടേതാണ്. അതും സയൻസും തമ്മിൽ താൻ താരതമ്യം ചെയ്യില്ലെന്നും ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ വ്യക്തമാക്കി.
ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും ചേർന്നുണ്ടാക്കിയ നേട്ടത്തെ മറ്റാരും ഏറ്റെടുക്കുന്നത് ശരിയല്ല.
നെഹ്റു തുടങ്ങിവെച്ച് ഡോക്ടർ മൻമോഹൻ സിങ് ഏറെ മുമ്പോട്ടു കൊണ്ടുപോയ ദൗത്യം ഇപ്പോൾ നടപ്പാകുന്നതിനെപ്പറ്റിയുള്ള വാർത്താവതാരകയുടെ ചോദ്യത്തോട് ഇതിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്നായിരുന്നു ജഗ്ഗി വാസുദേവിന്റെ മറുപടി.
ചന്ദ്രയാൻ ദൗത്യത്തിലേർപ്പെട്ട എല്ലാ ശാസ്ത്രജ്ഞരും ശാരീരികവും ആത്മീയവുമായ കെട്ടുപാടുകളെ മറികടന്ന് നേട്ടമുണ്ടാക്കിയവരാണെന്ന് ജഗ്ഗി വാസുദേവ് അഭിപ്രായപ്പെട്ടു. ആദ്യത്തെ ശ്രമം പരാജയപ്പെട്ടതിനു ശേഷം രണ്ടാമതും പരിശ്രമിക്കാനും അത് വിജയത്തിലെത്തിക്കാനും ശാസ്ത്രജ്ഞർ നടത്തിയ ശ്രമത്തിന്റെ വിജയമാണിത്. പരാജയത്തിൽ നിരാശയിലാകാതെയുള്ള അവരുടെ ശ്രമത്തെ ആത്മീയമെന്നാണ് വിശേഷിപ്പിക്കേണ്ടത്. ഈ രീതിയിൽ നോക്കുമ്പോൾ ഈ വിജയം ആത്മീയതയുടേതു കൂടിയാണ്. എന്നാൽ ശാസ്ത്രജ്ഞരുടെ നേട്ടത്തെ തട്ടിയെടുത്ത് സ്വന്തമാക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.