UPDATES

ട്രെന്‍ഡിങ്ങ്

സ്വത്വമുറപ്പിക്കുന്ന യുപിയിലെ ദളിത് രാഷ്ട്രീയം

‘തിരഞ്ഞെടുപ്പ് വരെ ഞങ്ങള്‍ ഹിന്ദുക്കളാണ്, അത് കഴിഞ്ഞാല്‍ ദളിതരും’ എന്ന ചന്ദ്രശേഖറിന്റെ പ്രസ്താവന തന്നെ അസംതൃപ്തരായ ദളിതരുടെ രോഷത്തെ പ്രതിഫലിപ്പിക്കുന്നു

രാഷ്ട്രീയ നിലപാടുകളില്‍ ഉണ്ടായ മാറ്റത്തെ തുടര്‍ന്ന് ഉടലെടുത്ത തിളയ്ക്കുന്ന സാമൂഹിക ബന്ധങ്ങളിലേക്കും സാംസ്‌കാരിക അവകാശവാദങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്കുമാണ് ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ സമീപകാലത്തുണ്ടായ ഠാക്കൂറുകളും ദളിതരും തമ്മിലുള്ള കലാപങ്ങള്‍ വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞ 15 വര്‍ഷങ്ങളായി മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും (എസ്പി) യുപിയിലെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ പടിപടിയായ ജനാധിപത്യവത്കരണത്തിന് ശ്രമിച്ചിരുന്നു; ദളിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും ഏറ്റവും ചുരുങ്ങിയ സാമൂഹിക അന്തസ് നേടിക്കൊടുക്കുന്നതില്‍ അവര്‍ വിജയിച്ചു. ആഭ്യന്തരവൈരുദ്ധ്യങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ലെങ്കില്‍ കൂടിയും. എന്നാല്‍ സമീപകാലത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയവും ഒരു ഠാക്കൂറായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടതും സംസ്ഥാനത്തിന്റെ രാഷ്ട്രീയ അധികാരസ്ഥാനത്തേക്ക് ഉന്നതജാതിക്കാരെ പുനഃപ്രതിഷ്ഠിക്കുന്നതിന് കാരണമായി. ഇതില്‍ നിന്നും ധൈര്യം ഉള്‍ക്കൊണ്ട ഠാക്കൂര്‍മാരും മറ്റ് മുന്നോക്ക ജാതിക്കാരും തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്നതിനുള്ള ചാലകശക്തിയായി ഈ വിജയത്തെ മാറ്റാന്‍ ശ്രമിക്കുകയാണ്.

അംബേദ്ക്കറുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സഹറന്‍പൂരിലെ ഷബിര്‍പൂര്‍ ഗ്രാമത്തില്‍ അംബേദ്ക്കറുടെ പ്രതിമ സ്ഥാപിക്കാന്‍ യാദവ-ദളിതര്‍ ശ്രമിച്ച 2017 ഏപ്രില്‍ 20നാണ് ആദ്യ സംഘര്‍ഷം ഉടലെടുത്തത്. ആഘോഷങ്ങള്‍ക്ക് ഭരണാധികാരികളുടെ അനുവാദം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ദളിതരുടെ പദ്ധതിക്ക് ഠാക്കൂര്‍മാര്‍ തടസം സൃഷ്ടിച്ചു. മാത്രമല്ല അംബേദ്ക്കര്‍ പ്രതിമയുടെ ചൂണ്ടുവിരല്‍ ഉന്നത ജാതിക്കാരുടെ പാര്‍പ്പിടങ്ങള്‍ക്ക് നേരെ ചൂണ്ടിയിരിക്കുന്നതും അവരുടെ എതിര്‍പ്പിന് കാരണമായി. മധ്യകാല രജപുത്ര രാജാവ് മഹാറാണ പ്രതാപിന്റെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഠാക്കൂര്‍മാര്‍ 2017 മേയ് അഞ്ചിന് പ്രകോപനപരമായ പ്രകടനം നടത്തിയപ്പോഴാണ് രണ്ടാമത്തെ സംഘര്‍ഷം ഉണ്ടായത്. തങ്ങളുടെ വേര്‍തിരിക്കപ്പെട്ട കോളനിയില്‍ പ്രകടനം പ്രവേശിച്ചപ്പോള്‍ ദളിതര്‍ അതിനെ എതിര്‍ത്തു. അധികാരികളുടെ അനുവാദം ലഭിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ പ്രകടനം തടഞ്ഞത്. ഇത്തവണ പക്ഷെ ഇരുകൂട്ടരും പരസ്പരം കല്ലേറ് നടത്തുന്നതിന് അപ്പുറത്തേക്ക് സംഘര്‍ഷം വളര്‍ന്നു. ഠാക്കൂര്‍മാര്‍ നിരവധി ദളിത് ഭവനങ്ങളും കടകളും തീവെച്ച് നശിപ്പിക്കുകയും ദളിത് വിഗ്രഹങ്ങളും ആരാധനാലയങ്ങളും അശുദ്ധമാക്കുകയും ചെയ്തു. ഒരു ഠാക്കൂര്‍ യുവാവ് മരിക്കുകയും ഇരുസമുദായങ്ങളിലേയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം ആവര്‍ത്തിക്കുമെന്ന് ഭയന്ന ദളിതര്‍ ഗ്രാമത്തില്‍ നിന്നും കൂട്ടപ്പലായനം ചെയ്തു.

ദളിതരും ഠാക്കൂര്‍മാരും തമ്മില്‍ എന്ന പോലെ തന്നെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലും തുടര്‍ച്ചയായി നടക്കുന്ന ഏറ്റുമുട്ടലുകളുടെയും സംഘര്‍ഷങ്ങളുടെയും പേരില്‍ കുപ്രസിദ്ധമാണ് സഹറന്‍പൂര്‍. ഈ സംഘര്‍ഷങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തിലും പ്രതിഫലിക്കുന്നുണ്ട്. ബിജെപിയാണ് പാര്‍ലമെന്റ് സീറ്റില്‍ വിജയിച്ചത്. നിയമസഭ സീറ്റ് കോണ്‍ഗ്രസ്-എസ്പി സംഖ്യത്തിന്റെ കൈയിലാണ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സമ്പൂര്‍ണ തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കുന്നു. സഹറന്‍പൂരിലെ ജനസംഖ്യയില്‍ 26 ശതമാനമുള്ള ദളിതര്‍ക്കാണ് മേധാവിത്വം. ഠാക്കൂര്‍മാര്‍ വെറും പത്ത് ശതമാനം മാത്രമേയുള്ളു. എന്നാല്‍ ഷാബിര്‍പൂര്‍ ഗ്രാമത്തില്‍ 60 ശതമാനമുള്ള ഠാക്കൂര്‍മാര്‍ക്കാണ് മേധാവിത്വം. ഇവിടെ ദളിതര്‍ 15 ശതമാനം മാത്രമേയുള്ളു. എന്നാല്‍ ബിഎസ്പിയുടെയും എസ്പിയുടെയും വളര്‍ച്ചയോടെ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് അടിത്തറ ബലപ്പെടുകയും സാമൂഹിക ചലനത്മകതയ്ക്ക് കളമൊരുങ്ങുകയും ചെയ്തു. ഈ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇപ്പോള്‍ തളര്‍ച്ചയിലാണെങ്കിലും സുസ്ഥിരമായ രാഷ്ട്രീയ ധ്രുവീകരണത്തിലൂടെ പ്രാന്തവല്‍കൃത സമൂഹങ്ങള്‍ക്ക് സ്വയംഭരണാധികാരമുള്ളതും പ്രത്യശാസ്ത്ര പ്രചോദിതവുമായ ഒരു സ്വത്വനിര്‍ദ്ധാരണം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു ദളിത് ഭക്തി സന്യാസിയായിരുന്ന സന്ത് രവിദാസിന്റെ പരമ്പരാഗത ആരാധകരായിരുന്ന ജാദവര്‍ക്കിടിയില്‍ നിര്‍ണായമായ രീതിയില്‍ അംബേദ്ക്കറുടെ സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്. അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍, അംബേദ്ക്കര്‍ പ്രതിമകളുടെയും പോസ്റ്ററുകളുടെയും വ്യാപനം, ഹിന്ദുമതത്തിന് പുറത്തുള്ള മതം മാറ്റങ്ങള്‍ എന്നിവയിലൊക്കെ ഈ പ്രവണത സ്പഷ്ടമാണ്.

ജാതി അധിഷ്ടിതമായ കലാപങ്ങള്‍ക്കെതിരായ ദളിത് പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഷേങ്ങള്‍ക്കും പൊതുവിലും ഷബിര്‍പൂരില്‍ പ്രത്യേകിച്ചും നേതൃത്വം നല്‍കുന്ന ഭീം സേനയുടെ വളര്‍ച്ചയാണ് ശ്രദ്ധേയമായിട്ടുള്ള കാര്യം. സര്‍ക്കാര്‍ അനാസ്ഥയ്ക്കും മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കും എതിരെ അവര്‍ പ്രതികരിക്കുന്നു. ചന്ദ്രശേഖര്‍ ആസാദ് ‘രാവണന്‍’ എന്ന യുവഅഭിഭാഷകന്‍ സ്ഥാപിച്ച ഭീം സേന, അതിക്രമങ്ങളോട് പെട്ടെന്ന് പ്രതികരിക്കുകയും അക്രമികളോടും പോലീസിനോടും ശാരീരികമായി തന്നെ ഏറ്റുമുട്ടുകയും ചെയ്യുന്നതിന്റെ പേരില്‍ ദളിത് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം നേടിയിട്ടുണ്ട്. രാഷ്ട്രീയ തീക്ഷണതയും സ്പഷ്ടതയും മാധ്യമ വിവേകവും ജാതീയ വിവേചനങ്ങളോട് അസഹിഷ്ണുതയും പ്രദര്‍ശിപ്പിക്കുന്ന ഭീം സേന 1970കളില്‍ മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിച്ചിരുന്ന ദളിത് പാന്തേഴ്‌സിനെ ഓര്‍മ്മിപ്പിക്കുന്നു. ബിഎസ്പിയുടെ പാരമ്പര്യത്തെയും അതിന്റെ ശക്തി, ദൗര്‍ബല്യങ്ങളെയും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതിനൊപ്പം, പാര്‍ട്ടിയുമായി സഹവര്‍ത്തിത്വത്തിനാണ് അല്ലാതെ വിഘടിച്ച് പോകാനല്ല ഭീം സേന ശ്രമിക്കുന്നത്. ഭീം സേന ഒരു സാമൂഹ്യവിരുദ്ധ സംഘടനയാണെന്നും ദേശവിരുദ്ധ സംഘടനയാണെന്നും വരെ യുപി പോലീസ് പറയുമ്പോഴും, ദളിതര്‍ അനുഭവിക്കുന്ന ദൈനംദിന ആക്രമണങ്ങളുടെയും ബഹിഷ്‌കരണങ്ങളുടെയും ഫലവും ജാതി, വര്‍ഗ്ഗ, സര്‍ക്കാര്‍ വ്യവസ്ഥിതികളുടെ അനുഗ്രഹാശിസുകളോടെ യുപിയിലെ പൊതുമണ്ഡലത്തില്‍ അരങ്ങേറുന്ന ക്രിമിനല്‍വല്‍ക്കരണത്തിന്റെ ബാക്കിപത്രവുമാണ് ഈ ഉയിര്‍പ്പ് എന്ന് തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു.

യുപിയിലെ മുന്നോക്ക വര്‍ഗ്ഗക്കാരെ സംബന്ധിച്ചിടിത്തോളം അവരുടെ സമയം ആഗതമായിരിക്കുകയാണ്. ധാര്‍ഷ്ട്യത്തിന്റെ മൂര്‍ത്തീമത്ഭാവമായ ഒരു നേതാവ് കാര്യങ്ങള്‍ നിയന്ത്രിക്കുമ്പോള്‍, തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഇടവും ആചാരപരവും സാമ്പത്തികവുമായുള്ള മേല്‍ക്കോയ്മയും തിരികെ പിടിക്കാനുള്ള ഒരു രാഷ്ട്രീയ പ്രേരകത്വത്തെ ഠാക്കൂറുകളെ പോലുള്ള മേല്‍ജാതിക്കാര്‍ ഒടുവില്‍ കണ്ടെത്തിയിരിക്കുന്നു. മഹാറാണ പ്രതാപിന്റെ ജന്മവാര്‍ഷികം പ്രാദേശികവും സാംസ്‌കാരികവുമായ ഒരു ബിംബമാക്കിക്കൊണ്ട് സമുദായത്തെ ഏകോപിപ്പിക്കാനും സംഘടിപ്പിക്കാനുമുള്ള നീക്കത്തിന് മുന്‍കൈയെടുത്തത് ബിജെപിയായിരുന്നു. കാര്‍ഷിക രംഗത്തെ പ്രതിസന്ധികളും കീഴ്ജാതിക്കാരുടെ ഉയിര്‍പ്പും മൂലം അസംതൃപ്തരായ വരേണ്യവര്‍ഗ്ഗങ്ങളെ രാജ്യവ്യാപകമായി രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കവും. ജാദവരുടെ സ്വത്വവും സഞ്ചാരപദവും നിര്‍ണയിക്കുന്ന സാമ്പത്തിക ആസ്തികള്‍ക്കും സാംസ്‌കാരിക ചിഹ്നങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട ഷാബിര്‍പൂര്‍ സംഭവങ്ങള്‍ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമായി മാറുന്നു. ഭീം സേനയുടെ ഇടപെടലുകളും നീതി നടപ്പിലാക്കുന്നതുവരെ ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്ന ഷാബിര്‍പൂരിലെ ദളിതരുടെ തീരമാനവും കൊണ്ട് മാത്രമാണ്, ദളിതരെ നിലയ്ക്കുനിറുത്താനുള്ള പതിവ് കലാപരിപാടി എന്ന നിലയില്‍ നിന്നും കാര്യങ്ങളെ മാറ്റിമറിച്ചത്.

ആദിത്യനാഥിന്റെ മുസ്ലീം വിരുദ്ധ പ്രഘോഷണങ്ങളുടെ വെളിച്ചത്തില്‍ യുപിയിലെ ബിജെപി വിജയത്തിന് പിന്നാലെ സാമുദായിക സംഘര്‍ഷങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടതാണ്. പക്ഷെ അദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടാവുന്ന ഈ ജാതീയ സംഘര്‍ഷങ്ങള്‍ യുപിയിലെ ജനങ്ങള്‍ക്ക് മാത്രമല്ല ബിജെപിക്കും ആശങ്കയും ആകുലതയും സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സംഭവവികാസങ്ങളുടെ ദീര്‍ഘകാല ഫലങ്ങള്‍ എന്തായിരിക്കും എന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ സാധ്യമല്ലെങ്കിലും, ‘തിരഞ്ഞെടുപ്പ് വരെ ഞങ്ങള്‍ ഹിന്ദുക്കളാണ്, അത് കഴിഞ്ഞാല്‍ ദളിതരും’ എന്ന ചന്ദ്രശേഖറിന്റെ പ്രസ്താവന തന്നെ അസംതൃപ്തരായ ദളിതരുടെ രോഷത്തെ പ്രതിഫലിപ്പിക്കുന്നു. ചെയ്യുന്ന പ്രവൃത്തികള്‍ ബിജെപിക്ക് തന്നെ തിരിച്ചടിയാവുന്നതിനുള്ള സാധ്യതകള്‍ കൂടിയാണ് അത് തുറന്നുവെക്കുന്നത്.

(ഇകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍