UPDATES

ട്രെന്‍ഡിങ്ങ്

“ഒരൊറ്റ സിഖുകാരനും ജീവനോടെയുണ്ടാകരുത്, ഇവരെ കൊല്ലൂ, ഇവര്‍ നമ്മുടെ അമ്മയെ കൊന്നിരിക്കുന്നു”

1984ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ 72കാരനായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ് ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ മറ്റൊരു കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ (73) ജയിലില്‍ പോകാനൊരുങ്ങുന്നു

ജഗദീഷ് ടൈറ്റ്‌ലറും സജ്ജന്‍ കുമാറും – 1984ലെ ഡല്‍ഹി സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ എന്നും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്ന രണ്ട് പ്രധാന പേരുകളാണ്. 2013ല്‍ വിചാരണ കോടതി വെറുതെവിട്ട സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു. 1984ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ 72കാരനായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ് ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ മറ്റൊരു കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ (73) ജയിലില്‍ പോകാനൊരുങ്ങുന്നു. ഡിസംബര്‍ 31നകം കീഴടങ്ങാനാണ് സജ്ജന്‍ കുമാറിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഔട്ടര്‍ ഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്ന സജ്ജന്‍ കുമാര്‍ സിഖുകാരെ ആക്രമിക്കാനും കൊലപ്പെടുത്താനും അക്രമി സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് ദൃക്‌സാക്ഷികള്‍ എ്ന്ന് പറയുന്നവര്‍ കോടതിയില്‍ മൊഴി നല്‍കി. “ഏക് ഭി സര്‍ദാര്‍ സിന്ദാ നഹി ബച്ച്ന ചാഹിയേ, ഇന്‍ സര്‍ദാരോം കോ മാരോ, ഇനോംനേ ഹമാരീ മാ കോ മാരാ ഹേ” (ഒരൊറ്റ സിഖുകാരനും ജീവനോടെയുണ്ടാകരുത്, ഇവരെ കൊല്ലൂ, ഇവര്‍ നമ്മുടെ അമ്മയെ കൊന്നിരിക്കുന്നു) എന്ന് സജ്ജന്‍ കുമാര്‍ പറയുന്നത് കേട്ടതായാണ് ഇരകളുടെ ബന്ധുക്കളുടെ സാക്ഷിമൊഴി.

സഞ്ജയ് ഗാന്ധിയുമായുള്ള അടുപ്പമാണ് ജഗദീഷ് ടൈറ്റ്‌ലറേയും സജ്ജന്‍ കുമാറിനേയും കമല്‍നാഥിനേയുമെല്ലാം കോണ്‍ഗ്രസ് നേതൃനിരയിലേക്കുയര്‍ത്തിയത്. തന്റെ മൂന്നാമത്തെ മകന്‍ എന്ന് തിരഞ്ഞെടുപ്പ് വേദിയില്‍ ഇന്ദിര ഗാന്ധി വിളിച്ച കമല്‍നാഥ് സഞ്ജയിന്റെ സ്‌കൂള്‍കാലം മുതലുള്ള സുഹൃത്തായിരുന്നു. സജ്ജന്‍ കുമാര്‍, ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ജാട്ട് സമുദായക്കാരന്‍. 1977ല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ സജ്ജന്‍ കുമാര്‍ 1980ല്‍ ആദ്യമായി എംപിയായി. ടൈറ്റ്ലറും അത്തവണ എംപിയായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിന്റേയും ഇന്ദിര ഗാന്ധിയുടെ ശക്തമായ തിരിച്ചുവരവൊരുക്കിയ 1980ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഞ്ജയ് ഗാന്ധിയോടൊപ്പം സജ്ജന്‍ കുമാറും ജഗദീഷ് ടൈറ്റ്‌ലറും കമല്‍നാഥും ലോക്‌സഭയിലെത്തി. സജ്ജന്‍ കുമാര്‍ ഔട്ടര്‍ ഡല്‍ഹിയില്‍ നിന്നും ജഗദീഷ് ടൈറ്റ്‌ലര്‍ ഡല്‍ഹി സദറില്‍ നിന്നും കമല്‍നാഥ് മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നിന്നും.

പിന്നീട് 1991ലും 2004ലും സിഖ് വിരുദ്ധ കലാപത്തിന്റെ കറ പുരണ്ട സജ്ജന്‍ കുമാറിനെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നിന്ന് തന്നെ ലോക്‌സഭയിലെത്തിച്ചു. ജഗദീഷ് ടൈറ്റ്‌ലര്‍ 84, 91, 2004 വര്‍ഷങ്ങളില്‍ ലോക് സഭയിലെത്തി. 1991ല്‍ വിദേശകാര്യ സഹമന്ത്രിയായി. 2004ല്‍ സജ്ജന്‍ കുമാറിനും ജഗദീഷ് ടൈറ്റ്‌ലറിനും ലോക്‌സഭ ടിക്കറ്റ് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനം വലിയ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ “വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങാനിടയുള്ളത്” പോലെ കോണ്‍ഗ്രസ് കുലുങ്ങിയില്ല. ഇരുവരും ലോക്‌സഭയിലെത്തി. 2009ല്‍ പക്ഷെ പ്രതിഷേധമേറ്റു. കോണ്‍ഗ്രസ് വഴങ്ങി. സജ്ജന്‍ കുമാറിനും ജഗദീഷ് ടൈറ്റ്‌ലര്‍ക്കും സീറ്റ് നല്‍കിയില്ല. ഇരുവരും സ്വയം പിന്മാറി എന്നാണ് കോണ്‍ഗ്രസ് അന്ന് വിശദീകരിച്ചത്. സജ്ജന്‍കുമാറും ജഗദീഷ് ടൈറ്റ്‌ലറും എച്ച്‌കെഎല്‍ ഭഗതുമെല്ലാം കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ടെങ്കിലും കമല്‍നാഥ് ദേശീയ നേതൃത്വത്തിലേയ്ക്ക് ഉയര്‍ന്നു.

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകുമെന്ന സൂചന വന്നുതുടങ്ങിയതിന് പിന്നാലെ പഞ്ചാബിലെ ലുധിയാനയില്‍ സിഖ് കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ബന്ധുക്കള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഡല്‍ഹിയിലെ ഗുരുദ്വാര രഖ്ബാഗഞ്ചിന് നേരെയുള്ള ആക്രമണം അടക്കമുള്ളവയില്‍ കമല്‍നാഥിന് പങ്കുണ്ടെന്നാണ് ആരോപണം. കൊലയ്ക്കും കൊള്ളയ്ക്കുമായെത്തിയ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും അക്രമം നടന്ന പലയിടങ്ങളിലും വെള്ള കുര്‍ത്തയും പൈജാമയും ധരിച്ച കമല്‍നാഥിനെ കണ്ടിരുന്നതായും ആരോപണമുണ്ട്. എന്നാല്‍ സിഖ് വിരുദ്ധ കലാപകാലത്ത് ഇരകള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു താന്‍ എന്നാണ് ആരോപണങ്ങളോട് കമല്‍നാഥ് പ്രതികരിച്ചത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടക്കമുള്ള ബിജെപി നേതാക്കള്‍ കമല്‍നാഥിന് സിഖ് കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ മറുപടി ശ്രദ്ധേയമാണ് – 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം കൂട്ടക്കൊലയില്‍ നരേന്ദ്ര മോദിക്ക് നല്‍കിയ ഇളവ് 1984ലെ സിഖ് കൂട്ടക്കൊലയില്‍ കമല്‍നാഥിന് നല്‍കണമെന്നും കമല്‍നാഥിനെതിരെ ഒരു കോടതിയും ഒരു കുറ്റവും കണ്ടെത്തിയിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ജസ്റ്റിസ് നാനാവതി കമ്മീഷന്‍ കമല്‍നാഥിനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി ഒഴിവാക്കിയിരുന്നു. കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ദിവസം തന്നെ സിഖ് കൂട്ടക്കൊല കേസില്‍ കോടതി വിധി വന്നതിലെ വൈരുദ്ധ്യമാണ് അരുണ്‍ ജയ്റ്റ്‌ലി പേരെടുത്ത് പറയാതെ ചൂണ്ടിക്കാട്ടിയത്. കമല്‍നാഥിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് എഎപി എംഎല്‍എ എച്എസ് ഫൂല്‍ക്ക പറഞ്ഞത്.

2013ല്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സജ്ജന്‍ കുമാറിനെ വെറുതെവിട്ടത് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ്. സാക്ഷികളിലൊരാളായ ജഗ്ദീഷ് കൗര്‍ 1985ല്‍ ജസ്റ്റിസ് ജഗന്നാഥ് മിശ്ര കമ്മീഷന് നല്‍കിയ മൊഴിയില്‍ സജ്ജന്‍ കുമാറിന്റെ പേരുണ്ടായിരുന്നില്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. സിബിഐ ഇതിനെതിരെ അപ്പീല്‍ നല്‍കി. സജ്ജന്‍ കുമാറിന്റെ വിചാരണ തുടര്‍ന്നു. കേസ് ഡല്‍ഹിക്ക് പുറത്തെ കോടതിയിലേയ്ക്ക് മാറ്റണമെന്ന സജ്ജന്‍ കുമാര്‍ അടക്കമുള്ളവരുടെ ആവശ്യം 2016ല്‍ ഹൈക്കോടതി തള്ളി. നീതി വൈകിയാണെങ്കിലും ലഭ്യമായിരിക്കുന്നു എന്നാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍, സജ്ജന്‍കുമാര്‍ ശിക്ഷിക്കപ്പെട്ടതിനോട് പ്രതികരിച്ചത്.

ഗുജറാത്ത് കലാപം എങ്ങനെ സിഖ് കൂട്ടക്കൊലയില്‍ സജ്ജന്‍ കുമാറിന്റെ ശിക്ഷാവിധിയില്‍ വന്നു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍