UPDATES

ചില തീവ്രവാദികളുണ്ടെന്ന് കരുതി പാകിസ്താനെ മൊത്തം തള്ളിപ്പറയരുതെന്ന് സാം പിത്രോദ; 130 കോടി ജനങ്ങൾ ക്ഷമിക്കില്ലെന്ന് മോദി

ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടെന്ന അവകാശവാദത്തെയും സാം പിത്രോദ ചോദ്യം ചെയ്യുകയുണ്ടായി.

പാകിസ്താനില്‍ തീവ്രവാദികളുണ്ട് എന്ന ഒറ്റക്കാരണത്താൽ ആ ജനതയെ മൊത്തം തള്ളിപ്പറയരുതെന്ന് പ്രസ്താവിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നേതാവ് സാം പിത്രോദ വിവാദത്തിൽ. 26/11 ആക്രമണത്തിന്റെയും പുൽവാമ ആക്രമണത്തിന്റെയും പേരിൽ ഒരു രാജ്യത്തെ മൊത്തം ജനതയെയും കുറ്റപ്പെടുത്താനാകില്ലെന്നു പറഞ്ഞ പിത്രോദയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി രംഗത്തെത്തി. ഇന്ത്യയിലെ 130 കോടി ജനങ്ങൾ കോൺഗ്രസ്സിനോട് പൊറുക്കില്ലെന്ന് അദ്ദേഹം തന്റെ ‘ചൗക്കിദാർ നരേന്ദ്രമോദി’ ട്വിറ്റർ ഹാൻഡിലിൽ നിന്നും ട്വീറ്റ് ചെയ്തു. പാകിസ്താൻ നിരന്തരമായി പ്രകോപനം സൃഷ്ടിച്ചിട്ടും കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അനങ്ങാതിരുന്നെന്ന ആരോപണം മോദി വീണ്ടും ഉന്നയിച്ചു.

“ആക്രമണത്തെക്കുറിച്ച് അധികമൊന്നും അറിയില്ല. എല്ലാ സമയത്തും ഇത് സംഭവിക്കുന്നു. മുംബൈയിലും ആക്രമണം നടന്നിരുന്നു. അന്നും നമുക്ക് യുദ്ധവിമാനങ്ങളുമായി മറുപടി നൽകാമായിരുന്നു. പക്ഷെ അത് ശരിയായ സമീപനമല്ല. എപ്പോഴും യുദ്ധവിമാനങ്ങളുമായി ഇറങ്ങിത്തിരിക്കുന്നത് ശരിയായ സമീപനമല്ല. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ അങ്ങനെയല്ല സമീപിക്കേണ്ടത്.” പിത്രോദ പറഞ്ഞു.

ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടെന്ന അവകാശവാദത്തെയും സാം പിത്രോദ ചോദ്യം ചെയ്യുകയുണ്ടായി. താൻ ന്യൂയോർക്ക് ടൈംസും മറ്റു പത്രങ്ങളും വായിച്ചിരുന്നു. നമ്മൾ ശരിക്കും ആക്രമണം നടത്തിയോ, ആ ആക്രമണത്തിൽ 300 പേരെ കൊന്നുവോയെന്ന് എനിക്കറിയാൻ ആഗ്രഹമുണ്ട്: പിത്രോദ പറഞ്ഞു. ഇന്ത്യൻ സൈന്യത്തെ ചോദ്യം ചെയ്യുകയാണ് പിത്രോദ ഈ വാക്കുകളിലൂടെ ചെയ്തതെന്ന് മോദി ട്വീറ്റ് ചെയ്തു.

26/11 സംഭവത്തെക്കുറിച്ചുള്ള പിത്രോദയുടെ പരാമർശം ഇങ്ങനെയായിരുന്നു: “എട്ടുപേർ കടന്നുവന്ന് ആക്രമണം നടത്തിയതിന്റെ പേരിൽ പാകിസ്താനെതിരെ മൊത്തമായി നീക്കം നടത്തുന്നത് ശരിയല്ല.” രാഹുൽ ഗാന്ധിയുമായി ഏറ്റവുമടുത്ത് പ്രവർത്തിക്കുന്ന ബുദ്ധിജീവികളിലൊരാളായിട്ടാണ് പിത്രോദ അറിയപ്പെടുന്നത്. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ട്വീറ്റ്. ‘കോൺഗ്രസ് കൊട്ടാര കാര്യസ്ഥ’നെന്നാണ് ട്വീറ്റിൽ പിത്രോദയെ മോദി വിശേഷിപ്പിക്കുന്നത്.

താനൊരു ഗാന്ധിയനാണെന്നും ഭൂതദയയിലും പരസ്പരബഹുമാനത്തിലും വിശ്വാസമുള്ളയാളാണെന്നും പിത്രോദ പറയുകയുണ്ടായി. സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾക്ക് തീർപ്പുണ്ടാകണമെന്നാണ് താനാഗ്രഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍