UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാവിരാജ്യത്തെ മനുഷ്യര്‍ എന്ന ജീവിതം

Avatar

 വി കെ അജിത്‌ കുമാര്‍

ഞാന്‍ തിരഞ്ഞത് പുസ്തകമല്ല; എന്‍റെയിഷ്ടത്തിനുള്ള വായനയും പ്രതികരണവും തടസപ്പെടുന്ന ഈ നവഫാസിസ്റ്റ് കാലത്ത് ഞാന്‍ തിരയുന്നത് അത്തരം സംഘികളുടെ മന്ദിരങ്ങളാണ്. എന്‍റെ പ്രവര്‍ത്തനത്തിന്റെ പരിപ്രേക്ഷ്യം എത്രമാത്രമാകാം എന്ന നിബന്ധന ലഭിക്കുവാന്‍. കലാകാരന്മാരെയും സ്വതന്ത്ര ചിന്തകരെയും എഴുത്തുകാരെയും ചരിത്രപുരുഷന്‍മാരെയും ഭക്ഷണപ്രിയരെയും  ഒരുപോലെ കാവിപുതപ്പിക്കുന്ന ഈ നവ ഇന്ത്യന്‍ ഫാസിസ്റ്റ് കാലത്ത് ഇനിയെന്ത് ചെയ്യാന്‍.

 

നിയാണ്ടര്‍താലില്‍ നിന്നും യാത്രയാരംഭിച്ച മനുഷ്യന്‍ ഭൂഖണ്ഢങ്ങള്‍ കടന്നും മഞ്ഞുമലകള്‍ കടന്നും കടല്‍കടന്നും നടത്തിയ മഹാപ്രയാണത്തില്‍ വികസിച്ചത് അവന്‍റെ പ്രായോഗികബുദ്ധി മാത്രമല്ല. സൗന്ദര്യാസ്വാദനബുദ്ധിയും കൂടിയായിരുന്നു. ചന്ദ്രശോഭയും നീര്‍ത്തടങ്ങളും അവന് വെളിച്ചവും ജലവും മാത്രമായിരുന്നില്ല; കവിതയും കഥകളും മെനയാനുള്ള കളിത്തട്ട് കൂടിയായിരുന്നു. മതവും ശാസ്ത്രവും ജനിക്കും മുന്‍പുതന്നെ ഭാവനയുടെ അവകാശികളായിരുന്നുഅവര്‍. നിരന്തരമായി വ്രതമെടുത്ത് രൂപപ്പെടുത്തിയ ആ കഴിവിനെ തിളച്ചു പൊന്തുന്ന മണല്‍ക്കാട്ടില്‍ താമസിക്കുമ്പോഴും കൊടുംശൈത്യത്തില്‍ ഒറ്റപ്പെടുമ്പോഴും അവന്‍ കത്തുസുക്ഷിച്ച് അടുത്ത തലമുറയ്ക് അറിയാതെ കൈമാറി. ഭാവനകള്‍ സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനങ്ങളായി. സ്വാതന്ത്ര്യം അങ്ങനെ വ്യക്തിനിഷ്ഠമായ ഒരു സ്വഭാവമായും മാറി.

 

ഞാനും എന്‍റെ ഭാര്യയും മക്കളും ഈ  ഭുമിയില്‍ വ്യത്യസ്തരാണ് എന്ന കാഴ്ചപ്പാടിലാണ് മാനവികതയുടെ കേവലഭാവം ജനിക്കുന്നത്. അത് മാധവസേവയില്‍ നിന്നും ജനിക്കുന്നതല്ല. ഭവനവും ഗ്രാമവും കടന്ന് പോകുന്ന ജനാധിപത്യ ഭരണക്രമത്തില്‍ കുടെ ജീവിക്കുന്നവന്‍റെ അവകാശങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതും അതിനെ നിരാകരിക്കുന്നതും മാനവികതയെ തിരസ്കരിക്കലാകുന്നു. അതിനാല്‍ എന്‍റെ ജീവിതത്തിന്‍റെയും ഭാവനയുടെയും അവകാശി ഞാന്‍ തന്നെയല്ലേ? എന്ന നിഷ്കളങ്കമായ ചോദ്യത്തിനു മുന്‍പില്‍ കാര്‍ക്കിച്ചു തുപ്പാതിരിക്കുക.

 

 

ഇനി ഞാന്‍ ബഷീറിനെ വായിക്കാതിരിക്കാം; കേശവദേവിനെയും പുനത്തിലിനെയും എഴുത്ത് നിര്‍ത്തിയ പെരുമാള്‍ മുരുഗനെയും ഉപേക്ഷിക്കാം; അയന്‍ ഹിര്സി അലിയെയും കെയ്റോയിലെ നവല്‍ എല്‍ സാദാവിയെയും ഉപേക്ഷിക്കാം; ഷാര്‍ലി ഹെബ്ദോയുടെ പതിപ്പുകള്‍ നോക്കാതിരിക്കാം; നിങ്ങള്‍ക്ക് പ്രിയമായവരെ എന്നിലേക്ക്‌ തള്ളിവിടാതിരിക്കുക. തുറന്നിട്ടിരുന്ന ജാലകങ്ങള്‍ അടച്ചിടാം; എന്നാല്‍ ഇരുട്ടില്‍ വളരുന്ന എന്‍റെ സര്‍ഗാത്മകതയുടെ വിശപ്പിനെ നിങ്ങള്‍ എങ്ങനെ സ്വികരിക്കും. അടച്ചിട്ട വാതിലിന്‍ താക്കോല്‍ പഴുതിലൂടെ നിങ്ങള്‍ എന്നെ നോക്കുമ്പോള്‍ പുറത്ത് തുങ്ങുന്നത് you are under surveilliance എന്ന വാക്കുകള്‍ മാത്രം.

 

എഴുത്തുകൈകളും ശരീരവും വെട്ടിമാറ്റുമ്പോഴും ബുദ്ധിയിലേക്ക് കടന്ന് കയറുമ്പോഴും ചെറുതാകുന്നത് ഐഡിയോളജികള്‍ മാത്രമാണ്. എനിക്ക് കാണണ്ട; കലയും എന്‍റെ ഇഷ്ടനടന്മാരെയും നിങ്ങള്‍ തിരുമാനിക്കുമ്പോള്‍ പിന്നെ എനിക്ക് എന്ത് അസ്ത്വിത്വം. എന്‍റെ കൈയടികള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്‍റെ ഇഷ്ടം പരിഗണിക്കുകയല്ലേ? അതല്ലേ ജനാധിപത്യം എന്ന സങ്കല്പം. ഞാന്‍ കണ്ണ് തുറന്നു കാണുന്ന നീലാകാശം നിങ്ങള്‍ കൊള്ളയടിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി എന്തിനു കൈയടിക്കണം. വാനരജന്മങ്ങള്‍ പോലും മനുഷ്യന്‍റെ സഹായികളായ കഥ നമ്മള്‍ പഠിച്ചതും സൂഫിസംഗീതം ഉണര്‍ത്തിയ അലകളും നിങ്ങള്‍ മറന്നത് എന്നാണു്.

 

അല്ലയോ മതവക്താക്കളെ ഇവിടെ നിങ്ങള്‍ക്ക് നിര്‍മ്മിക്കുവാന്‍ സാധിക്കുന്നത് പുതിയ ഗലീലിയോകളെ മാത്രമാണ്. സത്യം മനസ്സില്‍ ഒളിപ്പിച്ച് നിങ്ങള്‍ക്ക് മുന്‍പില്‍ പരിഹാസത്തോടെ ഏറ്റുപറച്ചില്‍ നടത്തിയ പ്രായോഗിക വാദി. നിത്ഷേയും ക്ലൈസ്റ്റനിസും ആരുമറിയാതെ ഇവിടെ നിങ്ങള്‍ക്കൊപ്പം ഉണ്ട്. അവര്‍ അതിന്‍റെ കൃത്യതകളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും നിങ്ങളെ തേടിയെത്തുകയും ചെയ്യും; കാരണം ജനത്തെ മറന്നുള്ള ഒരു ഭരണക്രമവും ലോകചരിത്രത്തില്‍ നിലനിന്നിട്ടില്ല എന്നതുകൊണ്ട് തന്നെ. 

 

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍