UPDATES

ബീഫ് രാഷ്ട്രീയം

നിങ്ങളുടെ തീന്മേശയും അടുക്കളയും ചന്തയുമൊക്കെ അവരെടുത്ത് ഘര്‍ വാപ്പസി നടത്തുകയാണ്

മലയാളികള്‍ ഈ ചെകുത്താന്മാരെ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇതാണ് അവസരം

മായ ലീല

മായ ലീല

കശാപ്പ് ചെയ്യാന്‍ വില്‍ക്കേണ്ട, മൃഗങ്ങളെ കശാപ്പ് ചെയ്യാന്‍ വില്‍ക്കേണ്ട എന്ന് ശംഖനാദം കേള്‍ക്കുന്നുണ്ട് കേന്ദ്രത്തില്‍ നിന്ന്. ഏതൊക്കെയാണ് മൃഗങ്ങള്‍ എന്നതിന് അവര് തരുന്ന വിശദീകരണത്തിന് ഇങ്ങനൊരു അര്‍ഥം ഉണ്ട്, ബ്രാഹ്മണര്‍ തിന്നുകയോ കൊല്ലുകയോ ചെയ്യാത്ത, ബ്രാഹ്മണര്‍ ദൈവമായി കണ്ട് ആരാധിക്കുന്ന മൃഗങ്ങള്‍ എന്ന്. ഇത്രയും കാലം ഒരുവന് ബ്രാഹ്മണരുടെ പാത പിന്തുടരുകയോ ചെയ്യാതിരിക്കുകയോ ആകാമെന്ന സ്വാതന്ത്ര്യത്തില്‍ നിന്നും അവര് തിന്നുകയും കൊല്ലുകയും ചെയ്യാത്ത ഒന്നിനേയും ഒരുത്തനും തിന്നുകയും കൊല്ലുകയും ചെയ്യണ്ട എന്നാണു കേന്ദ്രം നിയമം കൊണ്ടുവന്നിരിക്കുന്നത്.

നോക്കൂ നേരിട്ട് അവര്‍ നിങ്ങളുടെ ജീവിതത്തില്‍ വിലങ്ങുതടികള്‍ കൊണ്ട് വന്നിടുന്നത് കണ്ടോ! നിങ്ങളുടെ തീന്മേശയില്‍ എന്തുണ്ടാവണം എന്ന് വരെ ഫാഷിസത്തിന് തീരുമാനിക്കാം. അതെങ്ങനെ സാധിക്കുമെന്ന് ഇനി അത്ഭുതപ്പെട്ടിട്ടു കാര്യമില്ല, അവര്‍ക്ക് സാധിക്കും. അതും കൂടെ ഉള്‍പ്പെട്ടതാണ് ഫാഷിസമെന്ന ആശയത്തിന്‍റെ അര്‍ഥം. ജനാധിപത്യ വ്യവസ്ഥയില്‍ അവരെ തിരഞ്ഞെടുത്ത് ഭരണം കൊടുക്കുമ്പോള്‍ ചിന്തിക്കണമായിരുന്നു. കേരളത്തിന്‌ ഇനിയും പ്രതീക്ഷയുണ്ട് എന്നതൊഴിച്ചാല്‍ ഇന്ത്യയിലെ മറ്റു സകല ഇടങ്ങളിലും ദളിതരും മുസ്ലീമും ക്രിസ്ത്യാനിയും – അഥവാ ബ്രാഹമണ ഹിന്ദു അല്ലാത്ത സകലരും – കൃത്യമായ ഉന്മൂലനത്തിനാണ് കാത്തിരിക്കുന്നത്. കേന്ദ്രം അവരുടെ കച്ചവട വ്യവഹാരങ്ങളെയും ഭക്ഷണരീതിയെയും നിയന്ത്രിക്കും. അത് മൃഗങ്ങളോടുള്ള അടങ്ങാത്ത സ്നേഹവും അനുകമ്പയും കാരണമാണെന്ന് ധരിക്കണ്ട. ആടിനും കോഴിയ്ക്കും താറാവിനും പന്നിയ്ക്കും കിട്ടാത്ത അനുകമ്പയെ മൃഗസ്നേഹം എന്ന് വിളിക്കാന്‍ കഴിയില്ലല്ലോ. പശു, കാള, എരുമ, പോത്ത് എന്നിങ്ങനെ കൂടുതലും മുസ്ലീം കച്ചവടക്കാര്‍ കൈകാര്യം ചെയ്യുന്നവയെ ആണ് നിഷ്കളങ്കമായി കേന്ദ്രം മൃഗസ്നേഹത്തിന്‍റെ പേരും കൊടുത്തു പരിരക്ഷിക്കുന്നത്.

പച്ചയായ ഫാഷിസം, പകല്‍ വെളിച്ചത്തിലെ ഫാഷിസം. സവര്‍ണ്ണ അധികാരിയുടെ കൈകള്‍ നിങ്ങളുടെ തൊണ്ടക്കുഴിയില്‍ കുത്തിപ്പിടിച്ച് നിര്‍ത്തിയിരിക്കുന്നു. കശാപ്പ് ചെയ്യാന്‍ വില്‍ക്കാന്‍ പാടില്ലാത്ത സ്ഥിതിയ്ക്ക് ഇനി അവയെ പാകം ചെയ്യാനുള്ള മാംസമായി കിട്ടുകയും ഇല്ലല്ലോ. ആരോഗ്യത്തിനു ഹാനികരമല്ലാത്ത മാംസം കഴിക്കുന്നതില്‍ നിന്നും പൌരനെ തടയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല എന്ന് അലഹബാദ് കോടതി യോഗി ആദിത്യനാഥനോട് പറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടില്ല. യോഗി പ്രതികാരവുമായി കേന്ദ്രത്തില്‍ നിന്ന് നിയമവും കൊണ്ട് ബോളിവുഡ് സിനിമകളിലെ പോലെ പാശ്ചാത്തല സംഗീതവുമായി തിരിച്ചു ചെല്ലുന്ന സീന്‍ ആയിരിക്കണം ഇപ്പോള്‍ യുപിയില്‍.

ബീഫ് കയറ്റി അയയ്ക്കുന്ന ഹിന്ദുക്കള്‍ ആരും ഇതുവരെ റോഡില്‍ കിടന്നു അടികൊണ്ടു ചത്തിട്ടില്ല, ബീഫ് കഴിക്കുന്ന ഹിന്ദുക്കളും. പശുവിനെ വില്‍ക്കാനോ വളര്‍ത്താനോ ഒക്കെ കൂടെ കൊണ്ടുനടന്നാല്‍ മാത്രം മതി എന്ന കുറ്റത്തിന് ദളിതനും ഇസ്ലാമും അടികൊള്ളുന്നുണ്ട്, ചാകുന്നുണ്ട്. മൃഗസ്നേഹമല്ല എന്നൊക്കെ ആര്‍ക്കും മനസ്സിലാകും, ഭക്ഷിക്കുന്നത് നിര്‍ത്തിക്കണം അത്ര തന്നെ. അതിലും ഉപരി സെക്കുലര്‍ എന്നൊക്കെ പറഞ്ഞ് ബ്രാഹ്മണ സംസ്കാരം കുളം തോണ്ടുന്ന ഏര്‍പ്പാടുകള്‍ പാടേ മായ്ച്ചു കളയണം. ഇതര വിഭാഗങ്ങളുടെ നിലനില്‍പ്പിനെ ഉന്മൂലനം ചെയ്യുകയാണ്. നിങ്ങളുടെ തീന്മേശയും കച്ചവട സ്ഥലങ്ങളും അടുക്കളയും ചന്തയുമൊക്കെ അവരെടുത്ത് ഘര്‍ വാപ്പസി നടത്തിക്കുന്നു.

സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ കൂടി കൂച്ചുവിലങ്ങിട്ടാണ് കേന്ദ്രം മൃഗസ്നേഹം നടപ്പിലാക്കുന്നത്. ഈ നൂറ്റാണ്ടിലും പാടത്തും പറമ്പിലും ഉള്ള പെരുച്ചാഴിയെ പിടിച്ചു തിന്ന് ജീവന്‍ നിലനിര്‍ത്തുന്ന ദളിത്‌, ആദിവാസി വിഭാഗങ്ങള്‍ ഉള്ള ഇന്ത്യയിലാണ് മറ്റൊന്നിനും ഉപയോഗമില്ലാത്ത എന്നാല്‍ ഭക്ഷണം ആക്കാന്‍ കഴിയുന്ന മൃഗങ്ങളെ സ്നേഹത്തിന്‍റെ പേരിട്ട് ബ്രാഹ്മണമതം കാവിയുടുപ്പിച്ചു കൊണ്ടുപോകുന്നത്. ഇതുകേട്ട് സന്തോഷിക്കുന്നവര്‍ നിങ്ങളുടെ ഇടയില്‍ ഉണ്ട്. ഇങ്ങനൊരു നിയമം കൊണ്ട് യാതൊന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത ബ്രാഹ്മണ നിര്‍മ്മിത അടിമത്വം നൊട്ടിനുണഞ്ഞ് സവിസ്താരം കഴിയുന്ന ആളുകള്‍. കണക്കായിപ്പോയി എന്നൊരു അഭിമാനം തോന്നുന്നവര്‍. എന്താണ് നിങ്ങള്‍ക്ക് ബീഫ് കഴിക്കാതിരുന്നാല്‍ എന്നാണവര്‍ കണ്ണ് ചിമ്മി നിഷ്കളങ്കമായി ചോദിക്കുന്നത്. പക്ഷെ അവര്‍ ഒരുപടി മുന്നോട്ട് നീങ്ങി വെളിച്ചത്ത് നിന്നാല്‍, നിങ്ങളുടെ ജീവിതത്തില്‍ സവര്‍ണ്ണ ആധിപത്യം തീരുമാനങ്ങള്‍ എടുത്താല്‍, നിങ്ങള്‍ക്ക് അനുസരിച്ചാല്‍ എന്താ എന്നാണാ ചോദ്യം യാഥാര്‍ത്ഥത്തില്‍ തെളിഞ്ഞു വരിക.

അതുതന്നെയാണ് ആത്യന്തികമായ പ്രശ്നവും. ഗോമാതാവിന്റെ ചരിത്രവും ജീവശാസ്ത്രവും പരിസ്ഥിതി ആഘാതങ്ങളും ഒന്നും ഇതിന്മേല്‍ ചര്‍ച്ച ചെയ്യണ്ട ആവശ്യം തന്നെ വരുന്നില്ല. ജനാധിപത്യവാഹകര്‍ക്ക് സ്വന്തം താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കാന്‍ അവകാശമില്ല. അതാണ്‌ കടന്നുകയറ്റത്തിന്റെ രൂപത്തില്‍ നിയമമായി ഒപ്പിട്ട് നിങ്ങളുടെ നെറ്റിയില്‍ ഒട്ടിച്ചു തരുന്നത്. രൂപ റദ്ദാക്കിയപ്പോഴും സംവരണത്തില്‍ കൈയ്യിട്ടു വാരാന്‍ തുടങ്ങുമ്പോഴും ഇതേ കടന്നുകയറ്റമാണ് ഹൈന്ദവ ഫാഷിസം അവരുടെ സ്വതസിദ്ധമായ സ്വഭാവം പ്രകടിപ്പിക്കുന്നത്. യാഥാസ്ഥിതിക മതത്തിന്‍റെ തിട്ടൂരങ്ങള്‍ മാത്രമല്ല ഫാഷിസത്തില്‍, മുതലാളിത്തത്തിന്‍റെ അകമ്പടിയും അതിനുണ്ട്. അതെല്ലാം മൂന്ന് കൊല്ലം കൊണ്ട് ഇന്ത്യയിലെ ഇതര ജാതി, ഇതര മത, ഇതര വര്‍ഗ്ഗങ്ങള്‍ അനുഭവിക്കുന്നും ഉണ്ട്.

വംശഹത്യയുടെ സ്വഭാവത്തില്‍ ആണീ നിയമങ്ങള്‍ നടപ്പിലാവുക. ബ്രാഹ്മണന്‍റെ ശീലങ്ങളും ദൈവങ്ങളും ശുദ്ധവും വൃത്തിയും അധികാരവും മാത്രം നിലനിന്നാല്‍ മതിയാകും, ബാക്കിയുള്ളതൊക്കെ ശുദ്ധീകരിച്ച് പണമുള്ളവന് ഭരിക്കാന്‍ ഒരുകൂട്ടം കന്നാലികളായി നിന്ന് കൊടുക്കുക. കന്നാലി എന്ന് സ്വയം വിളിച്ചാല്‍ കൂടെയും ഇന്ത്യയില്‍ ഒരു ഇസ്ലാമിനോ ദളിതനോ സ്ത്രീയ്ക്കോ ഒരു പശുവിന്‍റെ സ്റ്റാറ്റസ് ഇല്ല, ഇല്ലതന്നെ. മേല്‍പ്പറഞ്ഞ ലിസ്റ്റ്, ഹീനജന്മങ്ങളുടെ ലിസ്റ്റ് ആണെന്നത് ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുണ്ട്. അതനുസരിക്കണമല്ലോ കേന്ദ്ര സര്‍ക്കാരിന്.

എത്ര കച്ചവടക്കാരാണ് വഴിയാധാരമാകാന്‍ പോകുന്നത്, അതില്‍ കൂടുതലും ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെട്ടവരാണ്. അവരുടെ ജീവിതമാര്‍ഗ്ഗമാണ്‌ മൃഗസ്നേഹം മുട്ടി സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. കറവ വറ്റിയ, കൃ ഷിയ്ക്ക് ഉപയോഗശൂന്യമായ കന്നുകാലികളെ അറക്കാതെ കൊണ്ടുപോയി ലോക്സഭയില്‍ കെട്ടിയിടണോക്കാര്‍ ചിലവില്‍? 1970കളില്‍ തന്നെ ഇന്ത്യയില്‍ ഉപയോഗശൂന്യമായ മുപ്പതു കോടി പശുക്കള്‍ ഉണ്ടെന്നായിരുന്നു കണക്ക്. അതായത് വിശന്നു ചാകുന്ന മനുഷ്യന് ഒരുപയോഗവും ഇല്ലാതെ, കൃഷിയ്ക്കോ പാലിനോ ഉപയോഗപ്പെടാതെ, എന്നാല്‍ ഭക്ഷണവും മറ്റു പ്രകൃതി വിഭവങ്ങളും തിന്നു മുടിയ്ക്കുന്ന കന്നുകാലികളുടെ എണ്ണം ആണിത്. ഒന്നാലോചിച്ചു നോക്കൂ, ഒരു വര്‍ഷം ഇരുപതു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്ന ഇന്ത്യയില്‍ ആണ് ഇങ്ങനെ ഒരു ഭക്ഷണസ്രോതസ്സിനെ ഒറ്റടയിക്ക് ഇല്ലാതാക്കുന്നത്. എന്തിനു വേണ്ടി? രാജ്യത്തിന്‍റെ സാമ്പത്തികമായതോ സമൂഹ്യമായതോ ആയ എന്തെങ്കിലും പുരോഗതിയില്‍ ഊന്നിയാണോ ഇത്? അല്ല. ആരുടേയും കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാരിന് കഴിയില്ല, കള്ളത്തരം ചെയ്യാനിരിക്കുന്നവര്‍ക്ക് ഒരു മുട്ടാപ്പോക്ക് എന്നതായി മാത്രം ഒരു കാരണം ആണീ മൃഗസ്നേഹം. കര്‍ഷകന് ആത്മഹത്യ ചെയ്യാനൊരു കാരണം കൂടെ, അയാളുടെ അരചാണ്‍ വയറിനുള്ളത് പോലുമില്ലെങ്കില്‍ അയാലെങ്ങനെയാണ് ഈ നാല്‍ക്കാലികളെ പോറ്റുന്നത്?

പിന്നെ ഒന്നുണ്ട്, കന്നുകാലികളെ തീറ്റിപ്പോറ്റാന്‍ പാങ്ങുള്ളവര്‍ മാത്രമേ ഇനി പാലുത്പാദനം മുതലായ അതിസാഹസ വ്യവസായങ്ങള്‍ക്ക് തലവെച്ചു കൊടുക്കൂ. അങ്ങനെ മുതലാളിത്തത്തിനുള്ള ക്ഷീരവിപ്ലവമായി പുതിയ നിയമം എഴുതപ്പെട്ടു. ചെറുകിട വ്യവസായികളും മറ്റും എന്തെങ്കിലും കാണിക്കട്ടെ, ആര്‍ക്ക് ചേതം!

മലയാളികള്‍ ഈ ചെകുത്താന്മാരെ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇതാണ് അവസരം. ആദ്യം ഇങ്ങനെ, നിങ്ങള്‍ക്ക് വേണമെങ്കില്‍ വഴങ്ങാം എന്ന രീതിയിലെ കടന്നുകയറ്റങ്ങള്‍ വരും; അതിനു പിന്നാലെ ശ്വാസം മുട്ടിക്കുന്ന അടിമത്വവും. സവര്‍ണ്ണ ഹിന്ദു രക്ഷപെട്ടു നില്‍ക്കും എന്നതൊരു വെറും തോന്നലാണ്. സവര്‍ണ്ണത, മൂലധനം, അധികാരം, പുരുഷലിംഗം ഇത് നാലും ഇല്ലെങ്കില്‍ ഹൈന്ദവ ഫാഷിസത്തില്‍ നിങ്ങള്‍ക്കോ തലമുറകള്‍ക്കോ പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല. എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഒരു രാജ്യത്തെ ജനങ്ങള്‍ എന്ത് കഴിക്കണം അവരുടെ പക്കലുള്ള കന്നുകാലികളെ എന്ത് ചെയ്യണം എന്നത്! ഗോ രക്ഷക്ക് എന്നൊക്കെ വിളിച്ചു കുറുവടിയും കൊണ്ട് നടക്കുന്ന നായ്ക്കളെ പെരുവഴിയിലെയ്ക്ക് ഇറക്കി വിടുന്ന നീക്കമാണിത്. നിയമപരമായി കോടതി വഴിയൊന്നും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പേ പിടിച്ചവന്മാര്‍ക്ക് ക്ഷമയുണ്ടാകില്ല, പകരം ഷൂട്ട്‌ അറ്റ്‌ സൈറ്റ് എന്നപോലായിരിക്കും. ഇപ്പോഴും അങ്ങനെ തന്നയല്ല എന്നല്ല.

ചെറുത്തുനില്‍പ്പുകള്‍ ഏറ്റവും ശക്തമായി തന്നെ തുടരണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇത്ര ഭീകരമായി ഫാഷിസം അഴിഞ്ഞാടിയ മറ്റൊരു കാലം ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്, അന്നും വംശഹത്യയും ശുദ്ധീകരണവും എന്ന ചക്രങ്ങള്‍ തന്നെയാണ് ഇന്ത്യയില്‍ ഉരുണ്ടത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. നിങ്ങളുടെ മതം നിങ്ങളുടെ വിശ്വാസം നിങ്ങളുടെ ഭക്ഷണം ഇതൊക്കെ നിങ്ങളുടെ മാത്രം ഉത്തരവാദിത്തം ആണ്, അത് മറ്റൊരാളുടെ മേലും അടിച്ചേല്‍പ്പിക്കാന്‍ സാധ്യമല്ല. ഇടിയും മിന്നലും ദൈവം ആകാശത്തിരുന്നു ഫ്ലാഷ് അടിപ്പിക്കുന്നതാണെന്നു വിശ്വസിച്ചിരുന്ന കാലമല്ല ഇന്ന്, ആ ലോകമല്ല ഇന്ന്, ഇത്തരം കെട്ടുകഥകള്‍ പറഞ്ഞ് ആളുകളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ സമൂഹത്തെ മുഴുവനായും പിന്നോട്ടടിക്കുകയാണ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍