UPDATES

ട്രെന്‍ഡിങ്ങ്

ഗഡ്കരി മാത്രമല്ല; ബിജെപിക്ക് ഇനിയും നേതാക്കളുണ്ട്; മുൻ തെരഞ്ഞെടുപ്പിനെക്കാൾ 100 സീറ്റ് കുറഞ്ഞാൽ പ്രധാനമന്ത്രിയെ എൻഡിഎ തീരുമാനിക്കും: ശിവസേന

പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് ശിവസേനയുടെ മറുപടി എന്തായിരിക്കും? ദേശീയരാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ മറുപടി പറയുന്നത് ശിവസേന എംപി സഞ്ജയ് റാവത്ത് ആണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയതിനെക്കാൾ 100 സീറ്റ് കുറവാണ് ഇത്തവണ നേടുന്നതെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദി വരില്ലെന്ന വ്യക്തമായ നിലപാടാണ് സഞ്ജയ് റാവത്ത് പ്രകടിപ്പിക്കുന്നത്. നേരത്തെ ശിവസേന മുഖപത്രമായ സാമ്നയിൽ നിതിൻ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന തരത്തിൽ ലേഖനമെഴുതിയയാളാണ് ഈ എംപി. വരുന്ന തെരഞ്ഞെടുപ്പിനു ശേഷം ഒരു തൂക്കു പാർലമെന്റാണ് വരുന്നതെങ്കിൽ ഗഡ്കരി അതിനായി കാത്തിരിക്കുന്നു എന്നായിരുന്നു പ്രസ്തുത ലേഖനത്തില്‍ സഞ്ജയ് റാവത്തിന്റെ വാക്കുകൾ. എന്നാൽ താൻ ഗഡ്കരിയെ ഉയർത്തിക്കാട്ടുകയായിരുന്നില്ലെന്ന് സാമ്നയുടെ എക്സിക്യുട്ടീവ് എഡിറ്റർ കൂടിയായ റാവത്ത് ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. എല്ലാവർക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥിമാരെ ഉയർത്തിക്കാട്ടാനുണ്ട്. “ബിഹാറിൽ ചെല്ലുമ്പോൾ നിതീഷ് കുമാറുണ്ട്. പഞ്ചാബിലാണെങ്കിൽ പ്രകാശ് സിങ് ബാദലുണ്ട്. മഹാരാഷ്ട്രയിലെത്തുമ്പോൾ ഉദ്ധവ് താക്കറെയുണ്ട്” -അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ തന്നെ ഗഡ്കരിയെക്കൂടാതെ പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി പേരുണ്ടെന്ന് പറഞ്ഞ സഞ്ജയ് റാവത്ത്, വെറുമൊരു വിജയത്തിന് മോദിയെ തിരികെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാൻ കഴിയില്ലെന്ന വ്യക്തമായ പ്രസ്താവനയും നടത്തി. മുൻ തെരഞ്ഞെടുപ്പിനെക്കാൾ 100 സീറ്റ് ബിജെപിക്ക് കുറഞ്ഞാൽ തീരുമാനം എൻഡിഎയുടേതായിരിക്കും!

തങ്ങൾ ബിജെപിയെ അനാവശ്യമായി ഒരിക്കലും ആക്രമിച്ചിട്ടില്ലെന്ന് സഞ്ജയ് റാവത്ത് അവകാശപ്പെട്ടു. ബുള്ളറ്റ് ട്രെയിനിനെ എതിർത്തത് അത് കർഷകരുടെ ഭൂമി തട്ടിയെടുക്കുന്ന പദ്ധതിയായിരുന്നതു കൊണ്ടാണ്. നോട്ടുനിരോധനത്തെയും ശിവസേന എതിർത്തു. രാജ്യത്തെ തൊഴിലില്ലായ്മ വർധിച്ചത് നോട്ടുനിരോധനം മൂലമാണ്. രാമക്ഷേത്ര നിർമാണം നടത്താതിരുന്നതിനെയും വിമർശിക്കുകയുണ്ടായി. എല്ലാം നയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിമർശനങ്ങളായിരുന്നെന്ന് സഞ്ജയ് ചൂണ്ടിക്കാട്ടി.

ബിജെപിക്ക് സേനയുടെ ഇടം കൈയടക്കാൻ ഒരിക്കലും സാധിക്കില്ലെന്ന് സഞ്ജീവ് റാവത്ത് ചൂണ്ടിക്കാട്ടി. സേനയുടെ ‘പൗരുഷം’ ഒരുകാലത്തും ബിജെപിക്കുണ്ടായിരുന്നില്ല. ഇപ്പോഴത്തെ ബിജെപി പഴയ ബിജെപിയല്ല. കോൺഗ്രസ്സിൽ നിന്നും എൻസിപിയിൽ നിന്നും പുറത്തുവന്ന അഴിമതിക്കാരാണ് ആ പാർട്ടിയിൽ മുഴുവനും. അവരെ കൂടെക്കൂട്ടുന്നു എന്നതിനർഥം അവർക്ക് തങ്ങളുടെ ഇടം കൈടയക്കാൻ അവസരം കിട്ടുന്നു എന്നല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നേരത്തെ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്ന പ്രഖ്യാപിച്ച ശിവസേന ഇക്കഴിഞ്ഞ ദിവസം എൻഡിഎ സഖ്യത്തോട് ചേരുകയായിരുന്നു. ഇതിനും സഞ്ജയ് റാവത്തിന്റെ പക്കൽ ഉത്തരമുണ്ട്. ഒറ്റയ്ക്ക് നിൽക്കണം എന്നതു തന്നെയായിരുന്നു പൊതുവികാരം. എന്നാൽ രാഷ്ട്രീയത്തിൽ അതാത് സന്ദർഭങ്ങൾക്ക് പ്രാധാന്യമുണ്ട്. രാഷ്ട്രീയതന്ത്രം എന്ന നിലയിലാണ് അങ്ങനെയ രു നിലപാടെടുക്കാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

അസംബ്ലി തെരഞ്ഞെടുപ്പിൽ സഖ്യം വിജയിക്കുകയാണെങ്കിൽ ഒരു ശിവസേന മുഖ്യമന്ത്രിയുണ്ടാകുമോ എന്ന ചോദ്യത്തിന് ‘നമുക്ക് കാണാം’ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഒരു കാര്യം സഞ്ജയ് റാവത്ത് ഉറപ്പുനൽകി. ഒരു ശിവസേന മുഖ്യമന്ത്രി എന്തായാലും ഉണ്ടാകും!

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഉയർന്നു വന്നിരുന്നു. ഇത് ശിവസേനയ്ക്ക് വലിയ ക്ഷീണമാണ് സംസ്ഥാനത്തുണ്ടാക്കിയത്. ബിജെപിയുമായുള്ള സഖ്യം കൊണ്ട് ഇക്കാലമത്രയും നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്ന് പാർട്ടിക്കുള്ളിൽ പൊതുവികാരമുണ്ട്. മറ്റു വഴികളില്ലാത്ത സർക്കാരിൽ പങ്കാളിയായെങ്കിലും നിരന്തരമായി പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു ശിവസേന. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സേന ഒറ്റയ്ക്ക് മത്സരിക്കുകയും ചെയ്തു. ഇത് വരുന്ന ലോകസഭ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ തുടർന്നാൽ ഇരു കക്ഷികൾക്കും വലിയ നഷ്ടമുണ്ടാക്കുന്ന ഒന്നായി മാറുമെന്ന് ഇരുവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 18നാണ് സീറ്റ് പങ്കിടലിൽ ധാരണയായത്. 25 സീറ്റുകളിൽ ബിജെപിയും 23 സീറ്റുകളിൽ ശിവസേനയും മത്സരിക്കുമെന്നാണ് തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍