UPDATES

ന്യൂസ് അപ്ഡേറ്റ്സ്

16 ദിവസങ്ങൾക്കൊടുവിൽ കോടതി ഇടപെട്ടു; സഞ്ജീവ് ഭട്ടിനെ കാണാൻ വക്കീലിനെ അനുവദിച്ചു

22 വർഷം പഴക്കമുള്ള ഈ കേസിൽ സഞ്ജീവിനെ ക്രിമിനൽ കുറ്റവിചാരണ ചെയ്യാനുള്ള യാതൊന്നും തന്നെയില്ലെന്ന് ശ്വേത ചൂണ്ടിക്കാട്ടി.

പതിനാറ് ദിവസമായി ഗുജറാത്ത് പൊലീസ് അജ്ഞാത കേന്ദ്രത്തിൽ പാര്‍പ്പിച്ചിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടുമായി പലൻപൂർ കോടതിയുടെ ഉത്തരവിന്റെ പിൻബലത്തോടെ അദ്ദേഹത്തിന്റെ വക്കീലിന് കൂടിക്കാഴ്ച നടത്താൻ അവസരമൊരുങ്ങി. 1998ലെ ഒരു മയക്കുമരുന്ന് കേസിൽ ഒരാളെ കുടുക്കിയെന്ന ആരോപണത്തിന്മേലാണ് ഗുജറാത്ത് പൊലീസിന്റെ സിഐഡി വിഭാഗം സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. പിന്നീടിദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അറസ്റ്റിനു ശേഷം സഞ്ജീവ് ഭട്ടിനെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭ്യമായിരുന്നില്ല. ഭട്ടിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതിരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് രംഗത്തു വന്നിരുന്നു.

കോടതിയുത്തരവിനെ തുടർന്ന് വക്കീലിനെ കാണാൻ സഞ്ജീവിനെ പൊലീസ് അനുവദിച്ചെന്ന് ശ്വേത ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സഞ്ജീവ് ഭട്ടിന്റെ പേജ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ശ്വേത ഭട്ടാണ്. സഞ്ജീവ് ഇനി ജുഡീഷ്യൽ കസ്റ്റഡിയിലാണ് കഴിയുകയെന്ന് ശ്വേത പറഞ്ഞു.

22 വർഷം പഴക്കമുള്ള ഈ കേസിൽ സഞ്ജീവിനെ ക്രിമിനൽ കുറ്റവിചാരണ ചെയ്യാനുള്ള യാതൊന്നും തന്നെയില്ലെന്ന് ശ്വേത ചൂണ്ടിക്കാട്ടി. സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ ഇതധികകാലം തുടരാനാകില്ലെന്നും ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും ശ്വേത പറഞ്ഞു.

“സഞ്ജീവ് ഒറ്റയ്ക്കല്ല. അദ്ദേഹത്തെ പിന്തുടരുന്ന ആയിരക്കണക്കിനാളുകളുണ്ട്. സത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് അവര്‍ക്കറിയാം. ഞങ്ങൾ സഞ്ജീവിനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരും. ആർക്കു മുമ്പിലും നട്ടെല്ല് വളയ്ക്കാതെ നീതിക്കു വേണ്ടി അദ്ദേഹം നടത്തിവന്നിരുന്ന പോരാട്ടം തുടരും.” -ശ്വേത ഭട്ട് പറഞ്ഞു.

സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് എന്ത് ചെയ്തു? ഈ ചോദ്യത്തിന്റെ ഉത്തരത്തിന് നമ്മുടെ ജീവന്റെ വിലയുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍