UPDATES

ഗുജറാത്തില്‍ 16 വര്‍ഷത്തിനിടെ നടന്നത് 180 കസ്റ്റഡി മരണങ്ങള്‍, ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല; സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷിച്ച സംസ്ഥാനത്തെ യാഥാര്‍ഥ്യം

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് 30 വര്‍ഷം മുമ്പ് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗുജറാത്തിലെ കസ്റ്റഡിമരണങ്ങള്‍ വീണ്ടും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്

ഗുജറാത്തില്‍ 2001 മുതല്‍ 2016 വരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊല്ലപ്പെട്ടത് 180 പേര്‍ എന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കാലയളവില്‍ കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട ഒരു പൊലീസ് കാരന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരമാണിത്.

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് 30 വര്‍ഷം മുമ്പ് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗുജറാത്തിലെ കസ്റ്റഡിമരണങ്ങള്‍ വീണ്ടും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. രാജ്യത്താകമാനം ഈ കാലയളവില്‍ 1557 പേര്‍ കസ്റ്റഡിയില്‍ മരിച്ചു. ഇതിലേറെയും സംഭവിച്ചത് ഉത്തര്‍പ്രദേശിലാണ്. 26 പൊലീസുകാരെയാണ് ഈ മരണങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിച്ചത്.

ഇന്ത്യയിലെ പൊലീസുകാരുടെ നിയമലംഘനങ്ങളെ പറ്റി നേരത്തയെും മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2010 മുതല്‍ 2015 വരെ രാജ്യത്ത് 591 പേര്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് 2016 ലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയില്‍ പ്രതികള്‍ മരിച്ചാല്‍ അത് ആത്മഹത്യയായോ അസുഖം മൂലം മരണപ്പെട്ടുവെന്നോ ആണ് ചിത്രീകരിക്കുകയാണ് പലപ്പോഴും പൊലീസ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
1985-91 കാലത്ത് ഇന്ത്യയില്‍ 415 കസ്റ്റഡി മരണങ്ങള്‍ നടന്നുവെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ക്കാലയളവില്‍ രണ്ട് സംഭവങ്ങളില്‍ മാത്രമാണ് നടപടികള്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

1990 ല്‍ നടന്ന സംഭവത്തിലാണ് സഞ്ജീവ് ഭട്ട് കഴിഞ്ഞ ദിവസം ശിക്ഷിക്കപ്പെട്ടത്. ഭാരത് ബന്ദിനോടനുബന്ധിച്ചുണ്ടായ കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവിയാണ് മരിച്ചത്. കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചതിന് ശേഷമാണ് വൈഷ്ണവി മരിച്ചത്. മരണം വൃക്ക തകരാറുമൂലമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായത്. എന്നാല്‍ ഇദ്ദേഹത്തിന്റെ സഹോദരന്റെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും ഹൈക്കോടതി കേസിന്റെ വിചാരണ സ്‌റ്റെ ചെയ്യുകയായിരുന്നു. 2011 ലാണ് കേസിന്റെ വിചാരണ പുനഃരാരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ വിസ്തരിക്കണമെന്ന് സഞ്ജീവ് ഭട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതിയടക്കം ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിധി വരുകയും അന്ന് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചത്.

സഞ്ജീവ് ഭട്ടിനെതിരായ രാഷ്ട്രീയ വിരോധമൂലം അദ്ദേഹത്തിനെതിരെ കേസ് കുത്തിപ്പൊക്കിയെടുക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 2011 ല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ്ഭട്ട് ബിജെപിയുടെ കണ്ണിലെ കരടായത്. ഗോധ്ര സംഭവത്തെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അദ്ദേഹം ഹിന്ദുക്കള്‍ക്ക് അവരുടെ രോഷം പ്രകടിപ്പിക്കാന്‍ അവസരമുണ്ടാക്കണമെന്ന് പറഞ്ഞതായിട്ടാണ് സഞ്ജീവ് ഭട്ട് സത്യവാങ് മലം നല്‍കിയത്. ഗോധ്ര സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദില്‍ കൊണ്ടുവരുന്നതിനെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇതാണ് കലാപം വ്യാപകമായി പടരാന്‍ കാരണമായതെന്നാണ്, സഞ്ജീവ് ഭട്ടിന്റെ നിലപാട്. ഗുജറാത്ത് കലാപത്തിന് കാരണം സര്‍ക്കാരിന്റെ നിഷ്‌കൃിയത ആണെന്ന നാനാവതി കമ്മീഷന് മുന്നില്‍ മൊഴിനല്‍കിയ രാഹുല്‍ ശര്‍മ, ആര്‍ ബി ശ്രികുമാര്‍ എന്നിവര്‍ക്കെതിരെയും ഗുജറാത്ത് സര്‍ക്കാര്‍ പല തരത്തിലുള്ള നടപടികള്‍ എടുത്തിരുന്നു. ഷോറാഹുബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ ആദ്യം അന്വേഷിച്ച രജനീഷ് റായ് എന്ന ഐപിഎസ് ഉദ്യോഗസഥന്‍ പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെന്റ് ചെയ്തിരുന്നു.

Read More: കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍