UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരെ മൊഴി കൊടുത്തയാള്‍, സംഘപരിവാറിന്റെ രൂക്ഷവിമര്‍ശകന്‍; സഞ്ജീവ് ഭട്ടിനെ കാത്ത് ഇനിയും കേസുകള്‍

എല്‍കെ അദ്വാനിയുടെ രഥയാത്രയുടെ ഭാഗമായി രാജ്യവ്യാപകമായ സംഘര്‍ഷങ്ങളുടെ സമയത്താണ് മുന്‍കരുതലിന്റെ ഭാഗമായി പ്രഭുദാസ് വൈഷ്ണാണി അടക്കമുള്ളവരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്

30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണ കേസില്‍ മുന്‍ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജാംനഗറിലെ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നു. 1990ലെ കസ്റ്റഡി മരണ കേസിലാണ് സഞ്ജീവ് ഭട്ടിന് ശിക്ഷ വിധിച്ചിരിക്കുന്നത്. എല്‍കെ അദ്വാനിയുടെ രഥയാത്രയുടെ ഭാഗമായി രാജ്യവ്യാപകമായ സംഘര്‍ഷങ്ങളുടെ സമയത്താണ് സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കരുതലിന്റെ ഭാഗമായി പ്രഭുദാസ് വൈഷ്ണാണി അടക്കമുള്ളവരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ നിന്ന് വിട്ട് 10 ദിവസത്തിനകം പ്രഭുദാസ് വൈഷ്ണാനി മരിച്ചു. അന്ന് ജാംനഗര്‍ എ എസ് പി ആയിരുന്നു സഞ്ജീവ് ഭട്ട്. സഞ്ജീവ് ഭട്ട് അടക്കമുള്ളവരുടെ കസ്റ്റഡി പീഡനം മൂലമാണ് പ്രഭുദാസ് വൈഷ്ണാനി മരിച്ചത് എന്നായിരുന്നു കേസ്.

സഞ്ജീവ് ഭട്ട് ഐപിഎസില്‍ ചേര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വര്‍ഗീയ സംഘര്‍ഷം ഉണ്ടായത് എല്‍കെ അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ടും. ജംജോധ്പൂരിലെ വര്‍ഗീയ കലാപം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഭുദാസ് വൈഷ്ണാനി അടക്കം 133 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രഭുദാസ് വൈഷ്ണാനിയുടെ സഹോദരന്‍ അമൃത് ലാല്‍ വൈഷ്ണാനി ഫയല്‍ ചെയ്ത കസ്റ്റഡി മരണ കേസില്‍ സഞ്ജീവ് ഭട്ട് അടക്കം എട്ട് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതി ചേര്‍ക്കപ്പെട്ടത്.

കേസിലെ വിചാരണ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ ജാംനഗര്‍ കോടതിയോട് ഗുജറാത്ത് ഹൈക്കോടതി 2019 ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് സഞ്ജിവ് ഭട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സുപ്രീം കോടതി തള്ളുകയായിരുന്നു. 300 സാക്ഷികള്‍ പട്ടികയിലുണ്ടാരുന്നിട്ടും 32 സാക്ഷികളെ മാത്രമാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത് എന്നും സഞ്ജീവ് ഭട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

2018 സെപ്റ്റംബര്‍ മുതല്‍ പോലീസ് കസ്റ്റഡിയിലും പാലന്‍പൂര്‍ ജയിലിലുമായി തടവിലാണ് സഞ്ജീവ് ഭട്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. എന്നാല്‍ അറസ്റ്റ് ചെയ്തത് 1990ലെ കേസിലല്ല, 1996ല്‍ ബാനസ്‌കന്ദ എസ് പിയായിരിക്കെ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസില്‍ അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. എന്നാല്‍ സംഭവം നടന്ന വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജീവ ഭട്ട് മോദിയുടെ നിശിത വിമര്‍ശകനായി മാറിയപ്പോളാണ് ഗുജറാത്ത് പോലീസും സര്‍ക്കാരും ഈ കേസുകള്‍ സജീവമാക്കിയത്. ഈ കേസിലെ കോടതി നടപടികള്‍ വരാനിരിക്കുന്നു. കേസുകളില്‍ നിന്നും അറസ്റ്റുകളില്‍ നിന്നും സഞ്ജീവ് ഭട്ടിന് പെട്ടെന്ന് മോചനമുണ്ടാകില്ല എന്ന തരത്തിലാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കങ്ങള്‍. നേരത്തെ തന്നെ ഭട്ടിനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായുള്ള ആരോപണമുണ്ട്. ഇതിന്റെ ഭാഗമായാണ് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.

ഒരു കസ്റ്റഡി മരണ കേസിലെ സ്വാഭാവിക നിയമനടപടികള്‍ എന്നതിനപ്പുറമുള്ള മാനങ്ങള്‍ ജാംനഗര്‍ കോടതിയുടെ വിധിക്കുണ്ട്. 2002ല്‍ ഗുജറാത്തില്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ച് നടന്ന
വര്‍ഗീയ കലാപത്തേയും കൂട്ടക്കൊലകളേയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാര്‍ സംവിധാനവും സഹായിച്ചു എന്ന ഗുരുതരമായ ആരോപണം ഉന്നയിക്കുകയും അതുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും അന്വേഷണ കമ്മീഷനും കോടയ്ക്കും മുമ്പാകെ മൊഴി നല്‍കുകയും ചെയ്തിരുന്നു സഞ്ജീവ് ഭട്ട്. ഇത് സംബന്ധിച്ച് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് സഞ്ജീവ് ഭട്ട് എന്ന ഐപിഎസ് ഉദ്യാഗസ്ഥന്‍ നരേന്ദ്ര മോദിയുടേയും ബിജെപി – സംഘപരിവാര്‍ ശക്തികളുടേയും ശത്രുവായി മാറുന്നത്.

Also Read: 30 വർഷം പഴക്കമുള്ള കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്

ഗോധ്ര ട്രെയിന്‍ തീവയ്പില്‍ കര്‍സേവകര്‍ കൊല്ലപ്പെട്ടതിലെ രോഷം പ്രകടിപ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണം എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പറഞ്ഞതായി സഞ്ജീവ് ഭട്ട് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഗോധ്രയില്‍ കത്തിയ സബര്‍മതി എക്‌സ്പ്രസിലുണ്ടായിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി അഹമ്മദാബാദിലേക്ക് പ്രകടനമായി കൊണ്ടുവരാന്‍ അനുവാദം വേണമെന്ന ആവശ്യം താനടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തതായും എന്നാല്‍ രാഷ്ട്രീയ നേതൃത്വം ഇത് ചെവിക്കൊണ്ടില്ലെന്നും സഞ്ജീവ് ഭട്ട് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഈ പ്രകടനത്തിനു പിന്നാലെയായിരുന്നു 2000-ത്തോളം പേര്‍ കൊല്ലപ്പെട്ട കലാപം പൊട്ടിപ്പുറപ്പെട്ടത്.

സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു കലാപം നടക്കുമ്പോള്‍ സഞ്ജീവ് ഭട്ട്. ജസ്റ്റിസ് നാനാവതി കമ്മീഷന് മുമ്പാകെ മോദിക്കെതിരെ ഭട്ട് മൊഴി നല്‍കിയിരുന്നു. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ജീവന് ഭീഷണിയുണ്ട് എന്ന് മുഖ്യമന്ത്രി മോദിയെ താന്‍ അറിയിച്ചിരുന്നതായും സഞ്ജീവ് ഭട്ട് പറയുന്നു. എഹ്‌സാന്‍ ജാഫ്രിയും മോദിയെ ഫോണില്‍ ബന്ധപ്പെട്ട് മരണത്തിന് തൊട്ടുമുമ്പ് ഇക്കാര്യം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 2011ലാണ് ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാണിച്ച് സഞ്ജീവ് ഭട്ട് സത്യവാങ്മൂലം നല്‍കിയത്. 2018 ഒക്ടോബറില്‍ ഗുജറാത്ത് സര്‍ക്കാരിന് സമര്‍പ്പിച്ച നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

മോദിയുടെ മറ്റൊരു ശത്രുവെന്ന് കരുതപ്പെടുന്ന,  ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ഹിരണ്‍ പാണ്ഡ്യ ആദ്യം മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും 2003ല്‍ ഒരു പ്രഭാത നടത്തത്തിനിടെ അഹമ്മദാബാദില്‍ അജ്ഞാതരുടെ വെടിയേറ്റ് വീഴുകയായിരുന്നു. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ സിറ്റിസണ്‍സ് കമ്മിറ്റിക്ക് മുമ്പാകെ അടക്കം മോദിക്കെതിരെ ഹിരണ്‍ പാണ്ഡ്യ മൊഴി നല്‍കിയിരുന്നു. ഹിരണ്‍ പാണ്ഡ്യയുടെ കൊലപാതകവും പിന്നീട് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയും അന്ന് ഗുജറാത്തില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ പ്രതിയായിരുന്ന സൊഹാറ്ബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസുമെല്ലാം തമ്മില്‍ ബന്ധമുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

2002ലെ വര്‍ഗീയ കലാപത്തിന് ശേഷം മോദിയുടേയും ബിജെപിയുടേയും നിശിത വിമര്‍ശകനായി മാറിയ സഞ്ജീവ് ഭട്ട് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ രൂക്ഷമായ പരിഹാസവും വിമര്‍ശനവും കടന്നാക്രമണവും അഴിച്ചുവിട്ടിരുന്നു. 2014ല്‍ മോദി പ്രധാനമന്ത്രിയായ ശേഷം മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തില്‍ സഞ്ജീവ് ഭട്ടിന്റെ വിമര്‍ശനം അതിരൂക്ഷമായി. 2015ല്‍ ഗുജറാത്ത് സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഭട്ടിനെതിരെ നിരവധി കേസുകള്‍ പൊക്കിയെടുത്തു. തനിക്കെതിരായ കേസുകള്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഭട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇങ്ങനെ പോകുമ്പോളാണ് 2018 സെപ്റ്റംബറില്‍ സഞ്ജീവ് ഭട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഈ കേസില്‍ ഡിസംബര്‍ എട്ടിന് ബാനസ്‌കന്ദ കോടതി ഭട്ടിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഭട്ടിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ ശ്വേത ഭട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ കഴിയില്ല എന്ന് പറഞ്ഞ് സുപ്രീം കോടതി ആവശ്യം തള്ളുകയായിരുന്നു. ജാമ്യം തുടര്‍ച്ചയായി നിഷേധിക്കപ്പെട്ടു. അറസ്റ്റിന്റെ ആദ്യ ദിവസങ്ങളില്‍ അഭിഭാഷകനെ പോലും കാണാന്‍ അനുവദിക്കുന്നില്ല എന്ന പരാതിയുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍