UPDATES

ട്രെന്‍ഡിങ്ങ്

വാദം പൂര്‍ത്തിയാകുന്നതിന് മുമ്പ് കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കുമെന്ന് ആശങ്കയുണ്ടെന്ന് ഇന്ത്യ

ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ വാദം തുടരുകയാണ്

ഇന്ത്യയുടെ വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ പാകിസ്ഥാന്‍ നടപ്പാക്കുമെന്ന് ആശങ്കയുണ്ടെന്ന് ഇന്ത്യ രാജ്യാന്തര കോടതിയില്‍. യാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹേഗിലെ കോടതിയില്‍ വാദം ഉന്നയിക്കുമ്പോഴാണ് ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഈ ആശങ്ക ഉന്നയിച്ചത്. ഹര്‍ജി അന്താരാഷ്ട്ര കോടതി പരിഗണിക്കുന്നതിന് മുമ്പ് തന്നെ പാകിസ്ഥാന്‍ വധശിക്ഷ നടപ്പാക്കിയെന്ന് സംശയിക്കുന്നതായാണ് ഇന്ത്യ അറിയിച്ചത്.

ഹേഗിലെ കോടതിയില്‍ വാദം തുടരുകയാണ്. പതിനൊന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും വാദം ഉന്നയിക്കാന്‍ 90 മിനിറ്റ് വീതമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇന്ത്യയുടെ വാദമാണ് കോടതി ആദ്യം കേട്ടത്. ഇന്നുതന്നെ കേസിലെ അന്തിമവാദവും ഉണ്ടായേക്കും.

കുല്‍ഭൂഷണെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ ഇന്ത്യ നിരന്തരം ബന്ധപ്പെട്ടെങ്കിലും പാകിസ്ഥാന്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെ ഇന്ത്യന്‍ പ്രതിനിധി ഡോ. ദീപക് മിത്തല്‍ കോടതിയെ അറിയിച്ചു. കുല്‍ഭൂഷണെതിരായ തെളിവുകളോ ചാര്‍ജ്ജ് ഷീറ്റോ ആവശ്യപ്പെട്ടിട്ടും ലഭ്യമാക്കിയിരുന്നില്ല. ഇദ്ദേഹത്തിന്റെ വിസയെക്കുറിച്ചും യാതൊരു വിവരങ്ങളും നല്‍കിയിട്ടില്ല. അപഹാസ്യമായ നടപടികളാണ് പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

പാകിസ്ഥാന്‍ സൈനികര്‍ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചുമാണ് യാദവിന്റെ മൊഴിയെടുത്തത്. പാകിസ്ഥാന്‍ സൈനിക കോടതിയുടെ നിയന്ത്രണത്തില്‍ നിരവധി വധശിക്ഷകള്‍ നടപ്പായിട്ടുണ്ട്. യാദവിന്റെ ശിക്ഷയും ഉടനുണ്ടാകുമെന്നാണ് ആശങ്ക. അതിനാല്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്നും ദീപക് മിത്തല്‍ ആവശ്യപ്പെട്ടു.

ഹര്‍ജി ഉടന്‍ പരിഗണിക്കാന്‍ തീരുമാനിച്ചതില്‍ ഇന്ത്യയുടെ നന്ദി അറിയിക്കുന്നതായി ഹരീഷ് സാല്‍വെ അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ വളരെ പ്രധാനപ്പെട്ടതും ഗൗരവുമാണ്. യാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യ ഒട്ടേറെ ശ്രമിച്ചിട്ടും പാകിസ്ഥാന്‍ അത് അനുവദിക്കാന്‍ തയ്യാറായില്ല. വിയന്ന കരാറിലെ ആര്‍ട്ടിക്കിള്‍ 36ന്റെ ലംഘനമാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാദവിന്റെ അറസ്റ്റിനെക്കുറിച്ച് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കുല്‍ഭൂഷണിന്റെ കുടുംബം നല്‍കിയ വിസ അപേക്ഷയും ഇതുവരെ പരിഗണിച്ചിട്ടില്ല.

2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ യാദവ് പിടിയിലായത്. അതിന് ശേഷം ഒട്ടേറെ തവണ ഇന്ത്യ വിവരം അന്വേഷിച്ചെങ്കിലും പാകിസ്ഥാനില്‍ നിന്നും അനുകൂലമായ മറുപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ ഉപപ്രതിനിധി വിഡി ശര്‍മ്മയും കോടതിയില്‍ പറഞ്ഞു.

മഹാരാഷ്ട്ര സ്വദേശിയായ കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ നാവിക സേനയില്‍ നിന്നും കമാന്‍ഡറായി വിരമിച്ചയാളാണ്. തുടര്‍ന്ന് ഇറാനില്‍ വ്യാപാരം നടത്തുകയായിരുന്നു. 2016 മാര്‍ച്ച് മൂന്നിനാണ് ഇദ്ദേഹത്തെ ഇവിടെ നിന്നും പിടികൂടിയത്. എന്നാല്‍ യാദവിനെ ബലൂചിസ്ഥാനില്‍ ചാരപ്രവര്‍ത്തനം നടത്തുന്നതിനിടെ പിടികൂടിയെന്നാണ് പാകിസ്ഥാന്റെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍