UPDATES

നിയമസഭാ പ്രതിസന്ധി നേരിടാൻ കൂടുതൽ സമയം വേണമെന്ന് കർണാടക സ്പീക്കർ; ആവശ്യം ഇന്ന് പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി

വിമത എംഎൽഎമാർ ഇന്ന് വൈകീട്ട് ആറുമണിക്ക് മുമ്പായി സ്പീക്കറെ കാണണമെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.

കർണാടക നിയമസഭയിലെ നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യാൻ കൂടുതൽ സമയം നൽകണമെന്നാവശ്യപ്പെട്ട് സ്പീക്കർ കെആർ രമേഷ് കുമാർ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ ഈ വിഷയം ഇന്ന് പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഈ പ്രശ്നത്തിൽ അടുത്ത വാദം നാളേക്ക് മാറ്റിയിട്ടുള്ളതാണെന്നാണ് കോടതി രമേഷ് കുമാറിന്റെ അഭിഭാഷകനെ അറിയിച്ചത്. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ്‌വിയാണ് പ്രശ്നം കോടതിക്കു മുമ്പാകെ അവതരിപ്പിച്ച് വാദം കേൾക്കലിന് അനുമതി വാങ്ങാൻ തീരുമാനിച്ചത്.

വിമത എംഎൽഎമാർ ഇന്ന് വൈകീട്ട് ആറുമണിക്ക് മുമ്പായി സ്പീക്കറെ കാണണമെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. എന്നാൽ, വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കണമെന്ന് വിധിക്കാൻ കോടതിക്ക് സാധിക്കില്ലെന്ന വാദമാണ് അഭിഷേക് മനു സംഘ്‌വി ഉന്നയിക്കാൻ ശ്രമിച്ചത്.

രാജി വെക്കാനുള്ള തങ്ങളുടെ തീരുമാനത്തിന്മേലുള്ള നടപടിക്രമങ്ങൾ സ്പീക്കർ മനപ്പൂർവം വൈകിക്കുന്നെന്ന് കാട്ടി വിമത എഎൽഎമാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സഭാകാര്യങ്ങളിലുള്ള കോടതിയുടെ ഇടപെടലാണെന്നാണ് കോൺഗ്രസ്സിന്റെ നിലപാട്.

മുംബൈയിലുള്ള നിയമസഭാംഗങ്ങൾക്ക് ബംളൂരുവിലെത്തുന്നതിന് മതിയായ സുരക്ഷ ഒരുക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കർണാടക ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജി വെക്കാനുദ്ദേശിക്കുന്ന പത്ത് പേരുമായും ഒരുമിച്ച് കൂടിക്കാഴ്ച നടത്താനും നാളെ തീരുമാനം അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ മുംബൈയിൽ കഴിയുന്ന കര്‍ണാടകയിലെ വിമത കോൺഗ്രസ് എംഎല്‍എമാർ ബംഗളൂരുവിലേക്ക് യാത്രയായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ നാലുമണിയോടെ ഇവർ ബംഗളൂരുവിൽ എത്തുമെന്നാണ് വിവരം. ഇതിനായി 9 എംഎൽഎമാർക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ രണ്ട് അംഗങ്ങൾ മുംബൈയിൽ തുടരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍