UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ലാസിക് കോഹ്‌ലി ; ഇന്ത്യ സെമിയില്‍

അഴിമുഖം പ്രതിനിധി

ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ ട്വന്റി-20 ലോകകപ്പിന്റെ സെമിയില്‍ കടന്നു. ആറുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. കോഹ്ലി 51 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്നു. 9 ഫോറും രണ്ടു സിക്‌സും അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്. 10 പന്തില്‍ 18 റണ്‍സുമായി ക്യാപ്റ്റന്‍ ധോണിയും പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ ആറു വിക്കറ്റിന് 160 റണ്‍സ് എടുത്തു. 43 റണ്‍സ് എടുത്ത ആരോണ്‍ ഫിഞ്ചാണ് അവരുടെ ടോപ്‌സ്‌കോറര്‍. മാക്‌സവെല്‍ 31 ഉം ഉസ്മാന്‍ ഖ്വാജ 26 റണ്‍സും നേടി. തകര്‍പ്പന്‍ തുടക്കമായിരുന്നു ഓസീസിന്റേത്. ബുംമ്ര എറിഞ്ഞ രണ്ടാം ഓവറില്‍ ഖ്വാജ അടിച്ചു കൂട്ടിയത് 17 റണ്‍സ്. വന്‍സ്‌കോറിലേക്ക് ഓസീസ് കുതിക്കുമെന്ന് തോന്നിയ സാഹചര്യത്തില്‍ നെഹ്‌റ ഇന്ത്യക്ക് ആശ്വാസമേകി. 26 റണ്‍സ് നേടിയ ഖ്വാജയെ നെഹ്‌റ ധോണിയുടെ കൈകളില്‍ എത്തിച്ചു. തുടക്കത്തിലെ തിരിച്ചടികള്‍ മറന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ കളിയിലേക്ക് തിരിച്ചുവന്നതോടെ ഓസീസ് സ്‌കോറിന്റെ വേഗത കുറഞ്ഞു. പിന്നീട് മാക്‌സ്വെല്‍ വിനാശകാരിയാകുമെന്ന ഘട്ടത്തിലേക്ക് വന്നെങ്കിലും അവസാന ഓവറുകളില്‍ കുടുതല്‍ അപകടം വരുത്താതെ ബുംമ്ര മാക്‌സ്വെല്ലിന്റെ കുറ്റി തെറിപ്പിച്ചു. ഓസീസ് സ്‌കോര്‍ 150 ല്‍ താഴെ നിര്‍ത്താമെന്നു ഇന്ത്യ കണക്കു കൂട്ടിയെങ്കിലും വാട്‌സണ്‍ അവസാനം നടത്തിയ ആക്രമണം അവരുടെ സ്‌കോര്‍ 160 ല്‍ എത്തിച്ചു. ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണിംഗ് ജോടി ഒരിക്കല്‍ കൂടി പരാജയപ്പെടുന്നതാണ് കണ്ടത്. 13 റണ്‍സ് എടുത്ത ധവാനാണ് ആദ്യം പുറത്തായത്. പിന്നാലെ 12 റണ്‍സ് എടുത്ത രോഹിത് ശര്‍മയും പോയി. സ്‌കോര്‍ 49 ല്‍ എത്തിയപ്പോള്‍ 10 റണ്‍സ് എടുത്ത റെയ്‌നയും പുറത്തായതോടെ ഇന്ത്യ തകരുകയാണെന്നു തോന്നി. പക്ഷേ ലക്ഷ്യങ്ങള്‍ പിന്നിടുമ്പോള്‍ എന്നും ഇന്ത്യയുടെ കരുത്താകുന്ന വിരാട് കോഹ്ലി ക്രിസില്‍ ഉള്ളത് ഇന്ത്യന്‍ ആരാധകരെ ആശ്വസിപ്പിച്ചു. വെല്ലുവിളികള്‍ പിന്തുടരാന്‍ തങ്ങള്‍ തയ്യാറാണെന്നു കളിക്കു മുന്നേ പറഞ്ഞ കോഹ്ലി കളിക്കളത്തില്‍ അതു നടപ്പാക്കുന്നതാണ് മൊഹാലിയിലെ കാണികള്‍ കണ്ടത്. 18 പന്തില്‍ 21 റണ്‍സ് എടുത്ത യുവരാജ് ഒരറ്റത്ത് പിടിച്ചു നിന്നു കോഹ്ലിക്കു പിന്തുണ നല്‍കിയത് നിര്‍ണായകമായി. ഒടുവില്‍ 14 ആം ഓവറില്‍ യുവരാജ് പുറത്താകുമ്പോള്‍ 36 പന്തില്‍ 61 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യന്‍ വിജയം. ക്യാപ്റ്റന്‍ കൂട്ടിനെത്തിയതോടെ കോഹ്ലി കൂടുതല്‍ അക്രമണകാരിയായി. ഓസീസിന്റെ മുഖത്തുണ്ടായിരുന്ന സകല പ്രതീക്ഷകളും കളയുന്ന കളിയായിരുന്നു കോഹ്ലി കാഴ്ച്ചവച്ചത്. ഫുള്‍ക്കനറെയും നീലിനെയും തകര്‍ത്തടിച്ച് അവസാന ഓവറില്‍ നാലു റണ്‍സ് മതിയെന്ന നിലയിലേക്ക് കോഹ്ലി ഇന്ത്യയെ എത്തിച്ചു. ഒടുവില്‍ എപ്പോഴുമെന്ന പോലെ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ചു ക്യാപറ്റന്‍ ഇന്ത്യയുടെ വിജയം കുറിച്ചു. കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യയുടെ വിജയത്തോടെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ണമായി. ഇന്ത്യ വെസ്റ്റിന്‍ഡീസുമായാണ് സെമിയില്‍ ഏറ്റുമുട്ടുക. ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് ആണ് രണ്ടാം സെമിയില്‍ മത്സരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍