UPDATES

വിദേശം

ഇറാന്റെ വിക്ഷേപണ സജ്ജമായ റോക്കറ്റ് പൊട്ടിത്തെറിച്ച സംഭവം: പരിഹാസത്തോടെ ട്വീറ്റ് ചെയ്ത് ട്രംപ്

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് യുഎസ്സിന്റെ അട്ടിമറിശ്രമം സംബന്ധിച്ചുള്ള വാദങ്ങളെ തള്ളിയത്.

ഇറാന്റെ ബഹിരാകാശ വാഹന വിക്ഷേപണ കേന്ദ്രത്തിൽ വിക്ഷേപണ സജ്ജമായി നിന്നിരുന്ന ഒരു റോക്കറ്റ് പൊട്ടിത്തെറിച്ച സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുഎസ് വ്യക്തമായി. ഈ റോക്കറ്റുപയോഗിച്ചുള്ള സാറ്റലൈറ്റ് വിക്ഷേപണത്തെ വിമർശിച്ച് യുഎസ് രംഗത്തുണ്ടായിരുന്നത് സംഭവത്തിൽ അവർക്ക് പങ്കുണ്ടാകാമെന്ന അനുമാനത്തിന് വഴി വെച്ചിരുന്നു. ഇറാനെ സംബന്ധിച്ചിടത്തോളം ഈ വർഷം ഇത് മൂന്നാംതവണയാണ് വ്യാഴാഴ്ചയാണ് വിക്ഷേപണ കേന്ദ്രത്തിൽ പൊട്ടിത്തെറിയുണ്ടായത്. സാറ്റലൈറ്റുകളെ ഭ്രമണപഥത്തിലെത്തിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് തെളിയിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ തുടർച്ചയായി പാളുകയാണ്.

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് യുഎസ്സിന്റെ അട്ടിമറിശ്രമം സംബന്ധിച്ചുള്ള വാദങ്ങളെ തള്ളിയത്. അതെസമയം ഈ നടപടി ഏറെ വിചിത്രമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പൊട്ടിത്തെറി നടന്നതിൽ യുഎസ്സിന് പങ്കുണ്ടെന്ന് ഇതുവരെ ഇറാൻ ആരോപിച്ചിട്ടില്ല എന്നിരിക്കെ യുഎസ് പ്രസിഡണ്ട് ആർക്കാണ് മറുപടി പറയുന്നതെന്ന സംശയമാണ് ഉയരുന്നത്.

“എന്താണ് സംഭവിച്ചതെന്ന് തീരുമാനിക്കാൻ ഇറാന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു” എന്ന വാക്കുകളോടെയാണ് ട്രംപിന്റെ ട്വീറ്റ് അവസാനിക്കുന്നത്. പൊട്ടിത്തെറിയുടെ ഒരു ചിത്രവും ട്രംപ് കുടെ ചേർത്തിട്ടുണ്ടെന്ന് ശ്രദ്ധേയമാണ്. ഒരു സ്വകാര്യ സ്പേസ് ഏജൻസി പകർത്തിയതാണ് ഈ ചിത്രമെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച ഇന്റലിജൻസ് വിവരങ്ങളിൽ അറ്റാച്ച് ചെയ്തിരുന്ന ചിത്രം ട്രംപ് എടുത്തുപയോഗിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. “ഞങ്ങളുടെ കൈയിലൊരു ചിത്രമുണ്ടായിരുന്നു. അത് പുറത്തു വിട്ടു. അതിനുള്ള അവകാശം എനിക്കുണ്ട്,” ഇതെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങളുടെ ബഹിരാകാശ പരിപാടികളിന്മേൽ യുഎസ് ചാരപ്പണി നടത്തുന്നതു സംബന്ധിച്ച ചോദ്യങ്ങളും ഈ ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.

സാറ്റലൈറ്റ് തങ്ങളുടെ ലാബിൽ സുരക്ഷിതമാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ചയായിരുന്നു ഈ ട്വീറ്റ്. ഇതിനു പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍