UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“രാജീവിന്റെയോ ഇന്ദിരയുടെയോ ധൈര്യം മോദിക്കില്ല”; ‘അർബൻ നക്സലു’കളെ അറസ്റ്റ് ചെയ്തതിൽ പരിഹാസവുമായി ശിവസേന മുഖപത്രം

പൂനെ പൊലീസ് പറയുന്നതെല്ലാം അബദ്ധങ്ങളാണെന്നും ഒരു സർക്കാർ പൊലീസിനെ ഇത്തരം വിഡ്ഢിത്തങ്ങൾ പുലമ്പുന്നതിൽ നിന്നും വിലക്കേണ്ടതുണ്ടെന്നും മുഖപ്രസംഗം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ടെന്നാരോപിച്ച് പൊതുപ്രവർത്തകരെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്ത നടപടിയെ കളിയാക്കി ശിവസേന മുഖപത്രമായ സാമ്ന. അറസ്റ്റിനു കാരണമായി പൊലീസ് ഉന്നയിക്കുന്ന കാര്യങ്ങൾ പരിഹാസ്യമാണെന്ന് സാമ്ന പറഞ്ഞു. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെ വോട്ട് ചെയ്ത് മറിച്ചിട്ടത് മാവോയിസ്റ്റുകളല്ല, ജനങ്ങളാണെന്ന് സാമ്നയിലെ ലേഖനം ചൂണ്ടിക്കാട്ടി. ജനാധിപത്യപ്രക്രിയയിലൂടെ ഇപ്പോഴത്തെ സർ‍ക്കാരിനെ മറിച്ചിടാനും ജനങ്ങൾക്ക് കഴിയുമെന്നും ലേഖനം പരിഹാസത്തോടെ പറഞ്ഞു.

പൂനെ പൊലീസ് പറയുന്നതെല്ലാം അബദ്ധങ്ങളാണെന്നും ഒരു സർക്കാർ പൊലീസിനെ ഇത്തരം വിഡ്ഢിത്തങ്ങൾ പുലമ്പുന്നതിൽ നിന്നും വിലക്കേണ്ടതുണ്ടെന്നും മുഖപ്രസംഗം പറയുന്നു.

രാജീവ് ഗാന്ധിയെ കൊന്ന ശൈലിയിൽ മോദിയെ കൊല്ലാനാണ് പിടിയിലായ പൊതുപ്രവർത്തകർ പദ്ധതിയിട്ടതെന്ന ആരോപണത്തെയും സാമ്ന കളിയാക്കി. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ധീരതയുള്ളവരായിരുന്നു. അവരുടെ ധീരതയും സ്ഥൈര്യവുമാണ് അവര്‍ക്ക് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. അത്തരമൊരു ധൈര്യവും സാഹസവും ഒരുകാലത്തും മോദിക്കുണ്ടായിരുന്നില്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനമാണ് മോദിക്ക് ഇന്നുള്ളത്. ഒരു കിളിപോലും അതിനു മുകളിലൂടെ പറക്കുകയില്ല. ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ധൈഷണികർ സമൂൂഹത്തിൽ ഉയർന്ന സ്വാധീനമുള്ളവരാണെന്നും ലേഖനം മുന്നറിയിപ്പ് നല്‍കി. ഈ അറസ്റ്റുകളിൽ ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും ബിജെപി ലോകത്തിനു മുന്നിൽ പരിഹാസ കഥാപാത്രമാകുന്നതിനു മുമ്പ് സത്യം പുറത്തു വരുന്നതാണ് നല്ലതെന്നും ലേഖനം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍