UPDATES

ട്രെന്‍ഡിങ്ങ്

‘മുസ്ലീം സംഘടനയ്ക്ക് വേണ്ടി ഹാജരാകുന്നതിനാല്‍ നിരന്തര ഭീഷണി, ജഡ്ജിമാര്‍ എന്തെങ്കിലും പറയണം’; സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍

അഭിഭാഷകനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടി

ബാബറി മസ്ജിദ് – അയോധ്യ കേസില്‍ മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരാകുന്നതിനെതിരെ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ രാജീവ് ധവാന് നിരന്തര ഭീഷണി. ഇക്കാര്യം കഴിഞ്ഞ ദിവസം രാജീവ് ധവാന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സുപ്രീം കോടതി തങ്ങളുടെ സ്വന്തമാണെന്ന യുപിയിലെ ബിജെപി മന്ത്രിയുടെ പരാമര്‍ശത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.

ഇന്നലെ കേസിൻ്റെ 22 -ാം ദിവസത്തെ വാദത്തിനിടയിലാണ് രാജീവ് ധവാന്‍ മുസ്ലീം വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരാകുന്നതു കൊണ്ട് നേരിടേണ്ടിവരുന്ന ഭീഷണിയെക്കുറിച്ച് കോടതിയില്‍ വിശദമാക്കിയത്. ഇതുപോലുള്ള കേസുകള്‍ വിചാരണ ചെയ്യുന്നതിന് ഉചിതമായ സാഹചര്യമല്ല രാജ്യത്തുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “കഴിഞ്ഞയാഴ്ച ഫേസ്ബുക്കില്‍ ഒരു ഭീഷണി സന്ദേശം ലഭിച്ചു. ഹിന്ദു ദേവതകള്‍ക്കെതിരായാണ് താങ്കളുടെ ബോസ് വാദിക്കുന്നതെന്ന് പറഞ്ഞ് എൻ്റെ ക്ലാര്‍ക്കിനും ഭീഷണി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട വാക്കേറ്റവുമുണ്ടായി”, രാജീവ് ധവാന്‍ കോടതിയില്‍ പറഞ്ഞു. പിന്നീടാണ് അദ്ദേഹം ഉത്തര്‍പ്രദേശില്‍ ബിജെപി മന്ത്രി മുക്തി ബിഹാരി വര്‍മ നടത്തിയ പരാമര്‍ശം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഭൂമിയും ക്ഷേത്രവും സുപ്രീം കോടതിയും എല്ലാം തങ്ങളുടെതാണ്, അതുകൊണ്ട് തന്നെ രാമക്ഷേത്രം പണിയുമെന്നായിരുന്നു ഉത്തര്‍പ്രദേശ് മന്ത്രിയുടെ പ്രസ്താവന.

ഒരോ തവണയും ഇത്തരത്തിലുള്ള സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കുക പ്രയാസമാണെന്ന് രാജീവ് ധവാന്‍ പറഞ്ഞു. കോടതിക്കുള്ളില്‍ സൗഹാര്‍ദ്ദ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ പുറത്ത് ഇതിന് പറ്റിയ അന്തരീക്ഷമല്ല ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഹിന്ദു ദേവന്മാര്‍ക്കെതിരെയല്ല വാദിക്കുന്നതെന്നും നേരത്തെ കാശി കാമാഖ്യ കേസുകളില്‍ ഹാജാരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങളെ കുറിച്ച് ജഡ്ജിമാര്‍ എന്തെങ്കിലും പറയുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് മന്ത്രിയുടെ പ്രസ്താവനയെ കോടതി ശക്തമായി വിമര്‍ശിച്ചത്. “ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ല. ഇരുവിഭാഗത്തിനും അവരുടെ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കാന്‍ അവകാശമുണ്ട്”, കോടതി പറഞ്ഞു.

തുടര്‍ന്ന് രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയതിന് 88-കാരനായ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്‍. ഷണ്‍മുഖത്തിനെതിരെയും രാജസ്ഥാന്‍കാരനായ സഞ്ജയ് കലാല്‍ ബജ്രംഗിക്കെതിരെയും കോടതി നോട്ടീസ് അയച്ചു.

ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്തണമോ എന്ന് കോടതി രാജീവ് ധവാനോട് ചോദിച്ചെങ്കിലും അദ്ദേഹം നിരസിച്ചു.

ഹിന്ദുക്കള്‍ക്കെതിരെ എന്തിനാണ് താങ്കളുടെ ബോസ് വാദിക്കുന്നതെന്ന് ചോദിച്ചാണ് ഒരു സംഘം തന്നെ തടഞ്ഞതെന്ന് രാജീവ് ധവന്റെ സഹായി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ – ബാബ്‌റി മസ്ജിദ് കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുന്നത്.

Read Azhimukham: ഹീറോ അല്ല ഷീറോ; അപമാനിക്കപ്പെട്ടവരില്‍നിന്ന് അംഗീകാരം പൊരുതി നേടിയെടുത്ത ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയുടെ വിജയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍