UPDATES

ഒന്നുകില്‍ തര്‍ക്കം തീര്‍ത്ത് വകുപ്പുകള്‍ തീരുമാനിക്കുക, ഇല്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുക – യെദിയൂരപ്പയോട് ബിജെപി

മന്ത്രിസ്ഥാനം കിട്ടാത്തതില്‍ കലാപക്കൊടിയുമായി പല ബിജെപി എംഎല്‍എമാരും രംഗത്തുണ്ട്.

ഒന്നുകില്‍ തര്‍ക്കം തീര്‍ത്ത് മന്ത്രിസഭയുടെ വകുപ്പ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കുക, ഇല്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് ബിജെപി ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന അന്ത്യശാസനം. മുതിര്‍ന്ന ബിജെപി നേതാക്കളെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസത്തിന് ശേഷമാണ് 16 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ വകുപ്പ് വിഭജനം ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. മന്ത്രിസ്ഥാനം കിട്ടാത്തതില്‍ കലാപക്കൊടിയുമായി പല ബിജെപി എംഎല്‍എമാരും രംഗത്തുണ്ട്.

മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഒക്ടോബറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കില്‍ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം കര്‍ണാടകയിലും തിരഞ്ഞെടുപ്പ് വേണ്ടി വരുമെന്നാണ് ബിജെപി നേതാക്കള്‍ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞത്.

യെദിയൂരപ്പയുടെ ചിരവൈരിയായ കര്‍ണാടക നേതാവ് ബിഎല്‍ സന്തോഷ് ആണ് നിലവില്‍ ബിജെപിയുടെ സംഘടനാകാര്യ സെക്രട്ടറി, മോദി – അമിത് ഷാ നേതൃത്വത്തിന് അത്ര പ്രിയപ്പെട്ട നേതാവുമല്ല യെദിയൂരപ്പ. സംസ്ഥാനത്തെ ഏറ്റവും പ്രബല സമുദായങ്ങളിലൊന്നായ ലിംഗായത്തുകള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവ് എന്നതാണ് യെദിയൂരപ്പയെ കയ്യൊഴിയാതിരിക്കാന്‍ കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

പാര്‍ട്ടി അധ്യക്ഷനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയേയും കണ്ട് വകുപ്പുവിഭജന ചര്‍ച്ച നടത്താനായി വ്യാഴാഴ്ച തിരക്കിട്ട് യെദിയൂരപ്പ ഡല്‍ഹിയിലേയ്ക്ക് പറന്നെങ്കിലും യെദിയൂരപ്പയ്ക്ക് കാണാന്‍ ഇരു നേതാക്കളും സമയം നല്‍കിയില്ല. പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ പരിഹരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

യെദിയൂരപ്പയും മകന്‍ ബി വൈ വിജയേന്ദ്രയും മന്ത്രി സി എന്‍ അശ്വഥ്‌നാരായണും അയോഗ്യരാക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. എട്ട് വിമത നേതാക്കള്‍ രണ്ട് ദിവസം ഡല്‍ഹിയിലുണ്ടായിരുന്നു. സുപ്രീം കോടതി തങ്ങളുടെ അയോഗ്യത നീക്കി എംഎല്‍എമാരായി തുടരാന്‍ കഴിയുന്ന പക്ഷം മന്ത്രി സ്ഥാനങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല എന്നാണ് എട്ട് വിമത നേതാക്കള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍