UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യം കൊടുംവരള്‍ച്ചയുടെ പിടിയില്‍; നൂറുകണക്കിനു ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു, ജനങ്ങള്‍ പലായനം ചെയ്യുന്നു

മഹാരാഷ്ട്രയിലെ ഹട്കര്‍വാടി ഗ്രാമം ഏതാണ്ട് പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്

രാജ്യം കൊടുംവരള്‍ച്ചയുടെ പിടിയില്‍. ജലക്ഷാമം രൂക്ഷമായതിനാല്‍ നൂറുകണക്കിന് ഗ്രാമങ്ങൾ ഇതിനകം ഒഴിപ്പിച്ചു. ആന്ധ്രപ്രദേശ‌്, തെലങ്കാന, മഹാരാഷ്ട്ര, കർണാടകം, ബിഹാർ, ഗുജറാത്ത‌്, ജാർഖണ്ഡ‌് എന്നീ സംസ്ഥാനങ്ങൾ പൂർണമായും പശ്ചിമബംഗാൾ, തമിഴ‌്നാട‌്, രാജസ്ഥാൻ, ഒഡിഷ സംസ്ഥാനങ്ങൾ ഭാഗികമായും അതിരൂക്ഷമായ വരൾച്ച നേരിടുകയാണ‌്.

കഴിഞ്ഞ ആഴ്ച്ചകളിൽ രാജ്യത്ത് വളരെ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. തലസ്ഥാന നഗരമായ ഡൽഹിയില്‍ ഈ മാസം രേഖപ്പെടുത്തിയ 48 ഡിഗ്രി സെല്‍ഷ്യസ് ആണ്. ജൂണിലെ എക്കാലത്തേയും ഉയർന്ന താപനിലയാണ്. രാജസ്ഥാനിലെ ‘ചുരു’ നഗരത്തില്‍ അനുഭവപ്പെട്ട 50.8 ഡിഗ്രി സെല്‍ഷ്യസ് ഭൂമിയിലെ ഏറ്റവും ഉയർന്ന താപനിലയാണ്. രാജ്യത്തെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ നിന്നും 250 മൈൽ മാത്രം അകലെയുള്ള ഗ്രാമങ്ങളെല്ലാം മരുഭൂമിയായിരിക്കുകയാണ്.

ഈ പ്രദേശങ്ങളിലെ 90% ജനങ്ങളും പലായനം ചെയ്തെന്നാണ് അനുമാനിക്കുന്നത്. മഹാരാഷ്ട്രയിലെ ഹട്കര്‍വാടി ഗ്രാമം ഏതാണ്ട് പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഉള്ളത്. 45 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ കിണറുകളെല്ലാം വറ്റിവരണ്ടു. കഴിഞ്ഞ 65 വർഷത്തെ ഏറ്റവും രൂക്ഷമായ രണ്ടാമത്തെ വരൾച്ചയാണ‌് അനുഭവിക്കുന്നത്. കർണ്ണാടകയിലെ 80 ശതമാനം ജില്ലകളും, മഹാരാഷ്ട്രയിൽ 72 ശതമാനം ജില്ലകളും വരൾച്ചയുടേയും വിളനാശത്തിന്‍റെയും പിടിയിലാണ്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം എട്ട് മില്ല്യൻ കര്‍ഷകരാണ് അതിജീവനത്തിനായി പൊരുതുന്നത്. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലേക്കും കുഗ്രാമങ്ങളിലേക്കും ദിവസവും 6000 ടാങ്കറുകളിൽ ജലം വിതരണം ചെയ്യുന്നുണ്ട്.

കൃഷിയെ ഉപജീവനമാര്‍ഗ്ഗമാക്കിയവരെയാണ് രൂക്ഷമായ ജലക്ഷാമം ബാധിച്ചിരിക്കുന്നത്. വിളകള്‍ കരിഞ്ഞ് ഇല്ലാതായി. കന്നുകാലികൾ പട്ടിണിയിലാണ്. ചോളം, സോയ, കോട്ടൺ, മധുര നാരങ്ങ, പയർ വർഗ്ഗങ്ങൾ, നിലക്കടല തുടങ്ങിയ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലക ശക്തിയായ വിലകളാണ് നശിച്ചുപോയത്.

ലോകമെമ്പാടും പ്രകടമാകുന്ന ശക്തമായ എൽ നിനോ പ്രതിഭാസമാണ് കാലാവസ്ഥാ തകർച്ചക്ക് ആക്കം കൂട്ടുന്നത്. ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളെ അത് കൂടുതല്‍ ബാധിക്കുന്നു. ആഗോള താപനവും ജനസംഖ്യാ വര്‍ധനവും ഉയരുമ്പോള്‍ ആവശ്യത്തിന് ജലം ഉറപ്പുവരുത്താൻ ബുദ്ധിപൂർവ്വമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച ബാധിച്ച പ്രദേശമായ മറാത്ത്വാഡയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 4,700 കർഷക ആത്മഹത്യകളാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തെ ആത്മഹത്യാ നിരക്ക് 947 ആയിരുന്നു. നിർജ്ജലീകരണം കാരണം ചികിത്സതേടുന്നവരെക്കൊണ്ട് ആശുപത്രികൾ നിറയുകയാണ്.

മെയ് അവസാനത്തില്‍ ഇന്ത്യയിലെ 43% പ്രദേശങ്ങളും വരൾച്ചയെ നേരിട്ടു. 2017 ഒഴികെയുള്ള എല്ലാ വർഷവും രാജ്യത്ത് വ്യാപകമായ വരൾച്ചയുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ജലവിതരണത്തിന്‍റെ 40 ശതമാനവും നല്‍കുന്ന ‘ഭൂഗർഭജലം’ ഭീതിപ്പെടുത്തുന്ന വിധം കുറഞ്ഞുവരികയാണ് എന്ന് 2018 ലെ നീതി അയോഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020-ഓടെ ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാനപ്പെട്ട 20 നഗരങ്ങളില്‍ ഭൂഗർഭജലം പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും, 2030-ഓടെ ഇന്ത്യയിലെ ജനസംഖ്യയുടെ 40% ആളുകക്കും കുടിവെള്ളം ലഭ്യമാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More: പ്രളയത്തില്‍ നിന്ന് ആരെയാണ് കൈപിടിച്ചുയര്‍ത്തിയത്? പുനര്‍നിര്‍മ്മാണ വായ്ത്താരികള്‍ എത്താത്ത കൈനകരിയിലെ വലിയ തുരുത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍