UPDATES

ചിന്മയാനന്ദിനെതിരെ പീഡനക്കേസ് കൊടുത്ത പെൺകുട്ടിയെ കവർച്ചാ കേസിൽ ജയിലിലയച്ചു

കഴിഞ്ഞദിവസമാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഉത്തര്‍പ്രദേശിലെ മുതിർന്ന ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ പീഡനക്കേസ് കൊടുത്ത നിയമ വിദ്യാർത്ഥിനിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കവർച്ചക്കേസിൽ പെടുത്തിയാണ് പെൺകുട്ടിയെ കോടതിയുടെ നിരീക്ഷണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തന്റെ സുഹൃത്തുക്കൾക്കൊപ്പം കവര്‍ച്ചാ ആസൂത്രണം നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.

കഴിഞ്ഞദിവസമാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതേ കേസിൽ സച്ചിൻ, വിക്രം എന്നീ രണ്ടുപേര്‍ റിമാൻഡിലുണ്ട്. പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുമ്പോൾ അവരുടെ അച്ഛനും സഹോദരനും കൂടെയുണ്ടായിരുന്നു.

പ്രത്യേക ഡിവിഷൻ ബഞ്ച് മുമ്പാകെ പെൺകുട്ടി നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, കേസന്വേഷണം നിരീക്ഷിക്കാൻ രൂപീകരിച്ച ബഞ്ചിന് ജാമ്യാപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇതോടെ പൊലീസ് പെൺകുട്ടിയെ കസ്റ്റഡ‍ിയിലെടുക്കുകയും പിന്നീടേ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒരു വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ സുഹൃത്തുക്കളെ കവർച്ചാ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മൂന്നുപേരും തങ്ങൾക്ക് കേസിൽ പങ്കുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ പെൺകുട്ടി സമ്മതിച്ചിട്ടില്ല.

ചിന്മയാനന്ദിൽ നിന്നും തന്നെ രക്ഷപ്പെടുത്താൻ കൂടെ നിന്ന കൂട്ടുകാർ തന്നെ ഉപയോഗിക്കുകയായിരുന്നോയെന്ന് അറിയില്ലെന്ന് പെൺകുട്ടി പ്രതികരിച്ചു. തനിക്ക് കവർച്ചാ കേസുമായി ബന്ധമൊന്നുമില്ല. താനുന്നയിച്ച ബലാൽസംഗക്കേസ് നേർപ്പിക്കാനായി അന്വേഷകർ നടത്തുന്ന നാടകമാണിതെന്ന് പെൺകുട്ടി ആരോപിച്ചു.

അതെസമയം ചിന്മയാനന്ദ് നിലവിൽ ജയിലിലാണുള്ളത്. ഇയാൾ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സത്യമാണെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍