UPDATES

വിദേശം

‘ഷമീമ ബീഗം ബംഗ്ലാദേശിയല്ല; രാജ്യത്തേക്ക് കടക്കാൻ അനുവദിക്കുന്ന പ്രശ്നമില്ല’: ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം

പതിനഞ്ചാം വയസ്സിൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ യുകെയിൽ നിന്ന് സിറിയയിലേക്കെത്തിയ ഷമീമ ബീഗം ബംഗ്ലാദേശുകാരിയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് തെറ്റാണെന്നും അവരെ രാജ്യത്ത് അനുവദിക്കുന്ന പ്രശ്നമില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബീഗത്തിന് ഇരട്ട പൗരത്വമുണ്ടെന്നത് തെറ്റായ വാദമാണ്. അവർക്ക് ബംഗ്ലാദേശ് പൗരത്വമില്ലെന്ന് വിദേശകാര്യസഹമന്ത്രി ഷാഹ്രിയാർ ആലം പറഞ്ഞു.

ബീഗത്തിന്റെ പൗരത്വം നീക്കം ചെയ്യാനുള്ള യുകെയുടെ തീരുമാനം മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് തങ്ങളറിഞ്ഞതെന്നും ആലം കൂട്ടിച്ചേർത്തു. “ബീഗം ബ്രിട്ടീഷ് പൗരയാണ്. ഒരിക്കൽപ്പോലും അവർ ബംഗ്ലാദേശ് പൗരത്വത്തിനായി അപേക്ഷിച്ചിട്ടില്ല. അവരെ ബംഗ്ലാദേശിൽ കടക്കാൻ അനുവദിക്കുന്ന പ്രശ്നമില്ല” -ആലം വിശദീകരിച്ചു.

ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി സാജിദ് ജാവേദാണ് ബീഗത്തിന് ബംഗ്ലാദേശിലേക്ക് പോകാമെന്ന തരത്തിൽ പാർലമെന്റിൽ സംസാരിച്ചത്. ബീഗത്തിന്റെ മാതാപിതാക്കൾ ബംഗ്ലാദേശികളാണെന്ന് അദ്ദേഹം പറയുകയുണ്ടായി. ബ്രിട്ടനിലേക്ക് ഇനി കടക്കാനാകില്ലെന്ന ഉറച്ച നിലപാടും അദ്ദേഹം പ്രഖ്യാപിച്ചു. പതിനഞ്ചാം വയസ്സിൽ സിറിയയിലേക്ക് ഐഎസ്സിൽ ചേരാൻ പോയകാണ് ഷമീമ ബീഗം. ഇപ്പോൾ 19 വയസ്സുള്ള ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. യുകെയിലേക്ക് തിരിച്ചുവരാൻ ഇവർ ആഗ്രഹിക്കുന്നു. എന്നാൽ ഇത് അനുവദിക്കില്ലെന്നും 1981 ലെ ബ്രിട്ടീഷ് പൗരത്വ നിയമത്തിന്റെ സെക്ഷൻ 40(2) പ്രകാരം അവരുടെ പൗരത്വം നീക്കം ചെയ്യുമെന്നുമാണ് ബ്രിട്ടൻ പറയുന്നത്.

എന്തെങ്കിലും വ്യക്തിവൈരാഗ്യം കൊണ്ടല്ല, ബ്രിട്ടന്റെയും അവിടുത്തെ ജനങ്ങളുടെയും സുരക്ഷിതത്വവും സമാധാനവുമാണ് പ്രധാനമെന്നാണ് ആഭ്യന്തരവകുപ്പിന്റെ പക്ഷം. “ഒരു തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളവരിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും പല മാർഗ്ഗങ്ങളുണ്ട് പൗരത്വം റദ്ദ് ചെയ്യുക എന്നതാണ് ഏറ്റവും ഒടുവിലത്തേത്.” ബ്രിട്ടീഷ് വക്താക്കൾ പറയുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സിറിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് ഇപ്പോൾ ബീഗവും കുഞ്ഞും കഴിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍