UPDATES

ട്രെന്‍ഡിങ്ങ്

രണ്ട് വള്ളത്തില്‍ കാലൂന്നി ശരദ് പവാര്‍ എത്ര കാലം മുന്നോട്ട് പോകും?

ഏതാനും നാളുകളായി എന്‍ഡിഎയിലും യുപിഎയിലും ഒരേസമയത്ത് തന്നെ ചവിട്ടി നില്‍ക്കാന്‍ ശ്രമിക്കുകയാണ് ശരദ് പവാര്‍

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി)യുടെ രണ്ട് ഘടകങ്ങളിലെയും നേതാക്കന്മാര്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന് മുന്നില്‍ വലിയൊരു പ്രശ്‌നമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണോ അതോ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണോ എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ബിജെപിയെ പരസ്യമായി തന്നെ പിന്തുണയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ മതേതര, സോഷ്യലിസ്റ്റ് അടിത്തറയെ ബാധിക്കുന്ന എല്ലാ ശ്രമങ്ങളെയും എതിര്‍ക്കണമെന്ന് എതിര്‍ വിഭാഗം ആവശ്യപ്പെടുന്നു. ബിജെപിയും ശിവസേനയും നേതൃത്വം നല്‍കുന്ന കാവിരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതോടെ ഈ പ്രതിച്ഛായ നഷ്ടമാകുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

മഹാരാഷ്ട്രയിലെ ഭൂരിഭാഗം എന്‍സിപി എംഎല്‍എമാരും സംവരണ സീറ്റുകളില്‍ നിന്നുള്ളവരാണ്. തങ്ങളുടെ മണ്ഡലങ്ങളില്‍ സ്വാധീനം നിലനിര്‍ത്താന്‍ അവര്‍ക്ക് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ അനിവാര്യമാണ്. അതേസമയം പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളില്‍ പലര്‍ക്കും താഴേക്കിടയിലെ ജനങ്ങളുമായി ബന്ധമൊന്നുമില്ല. രാജ്യസഭയിലേക്കും ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരാണ് ഇവര്‍. മുന്‍കാലങ്ങളില്‍ നടത്തിയ ചില ക്രമക്കേടുകളില്‍ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാനും തങ്ങളുടെ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഇവര്‍ക്ക് ബിജെപിക്കൊപ്പം നില്‍ക്കണമെന്ന അവസ്ഥയാണ് ഉള്ളത്.

എന്‍സിപിയ്ക്ക് രണ്ട് എംഎല്‍എമാരുള്ള ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നു. ഓഗസ്റ്റ് എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു എന്‍സിപി എംഎല്‍എ കോണ്‍ഗ്രസിനും ഒരാള്‍ ബിജെപിക്കുമാണ് വോട്ട് ചെയ്തത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലുമായുള്ള വ്യക്തിപരമായ ഏറ്റുമുട്ടലായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്. അഹമ്മദ് പട്ടേല്‍ ഗുജറാത്തില്‍ നിന്നും അഞ്ചാമതും രാജ്യസഭയിലെത്താതിരിക്കാന്‍ അമിത് ഷാ ശക്തമായ രാഷ്ട്രീയ കളികള്‍ പുറത്തെടുത്തെങ്കിലും അവസാന നിമിഷം കാര്യങ്ങള്‍ പട്ടേലിന് അനുകൂലമായി മാറി. ഷായും സമൃതി ഇറാനിയും ബിജെപിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഒരു എന്‍സിപി എംഎല്‍എയുടെ വോട്ട് നേടിയതാണ് അഹമ്മദ് പട്ടേലിന്റെ ജയത്തില്‍ നിര്‍ണായകമായത്. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ വാക്കിന്റെ അടിസ്ഥാനത്തില്‍ എന്‍സിപി നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നാണ് അഹമ്മദ് പട്ടേല്‍ അറിയിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി വിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ താന്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഒരു എന്‍സിപി എംഎല്‍എ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഗുജറാത്തില്‍ എന്‍സിപിയുടെ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍ ഈ വിഷയത്തില്‍ എടുത്ത നിലപാട് കഴിഞ്ഞ ദിവസം പുറത്തുവന്നതാണ് എന്‍സിപി ഏതു ചേരിയില്‍ എന്നത് സംബന്ധിച്ച സംശയമുയര്‍ത്തുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ സഹകരിച്ചു മത്സരിക്കാമെന്ന് എന്‍സിപിയും ജെഡി-യുവും തമ്മില്‍ തീരുമാനിച്ചിരുന്നെന്നും എന്നാല്‍ രാജ്യസഭ തെരഞ്ഞെടുപ്പിന്റെ തലേന്ന് തന്നെ വിളിച്ച പ്രഫുല്‍ പട്ടേല്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നാണ് തന്നോടു പറഞ്ഞതെന്നും താനത് നിഷേധിച്ചെന്നും ജെഡി-യു എംഎല്‍എ ചോട്ടു വാസവ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഏതാനും നാളുകളായി ശരദ് പവാര്‍ എന്‍ഡിഎയിലും യുപിഎയിലും ഒരേസമയത്ത് തന്നെ ചവിട്ടി നില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഒരേസമയത്ത് രണ്ട് വള്ളത്തിലുള്ള ഈ നില്‍പ്പ് അദ്ദേഹത്തെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിടുമെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഖിപ്പിച്ച് നിര്‍ത്തുന്ന ശരദ് പവാറിന്റെ നിലപാട് മൂലം ഈ വര്‍ഷമാദ്യം മഹാരാഷ്ട്രയില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പല സീറ്റുകളിലും എന്‍സിപി പരാജയപ്പെട്ടിരുന്നു. നോട്ട് അസാധുവാക്കലിലും പവാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കാതിരുന്നത് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ആശയക്കുഴപ്പം നീക്കണമെന്ന് അണികള്‍ തന്നെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം ബിജെപിയുടെ മുഖ്യ സഖ്യകക്ഷിയായ ശിവസേന പ്രതിപക്ഷത്തിന്റെ ചുമതല കൂടി ഏറ്റെടുക്കുന്നത് മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് ചെറിയ തലവേദനയല്ല സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഒരേസമയം കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒപ്പം നില്‍ക്കേണ്ട അവസ്ഥയിലാണ് എന്‍സിപി. എന്നാല്‍ ആര്‍ക്കൊപ്പമാണ് തങ്ങള്‍ നില്‍ക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് എന്‍സിപിയിലെ പല നേതാക്കളും. താനും തന്റെ സമാന മനസ്‌കരായ ഏതാനും പേര്‍ പാര്‍ട്ടിയുടെ നിലപാടില്‍ സ്ഥിരീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് തന്നെ സമ്മതിക്കുന്നു. തന്റെ പാര്‍ട്ടിയില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസത്തോട്, നരേന്ദ്ര മോദി മഹാനായ നേതാവാണെന്നും രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും അധികാരമുറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും മാത്രമാണ് ശരദ് പവാര്‍ പ്രതികരിക്കുന്നത്. അതേസമയം ഇത് അദ്ദേഹം ഗൗരവകരമായാണോ അതോ പരിഹസിച്ചാണോ പറയുന്നതെന്നതാണ് നേതാക്കളുടെ മറ്റൊരു സംശയം. ഒരേസമയം പവാര്‍ മോദിയെ പുകഴ്ത്തുകയും രാജ്യത്തെ ഐക്യം തകരുന്നതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് അവരെ ആശയക്കുഴപ്പത്തിലാക്കുന്നത്.

തന്റെ പാര്‍ട്ടിയുടെ ശക്തമായ തിരിച്ചു വരവിന് താഴേക്കിടയിലുള്ള ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് പവാറിന് അറിയാം. തെരഞ്ഞെടുപ്പില്‍ തനിക്ക് ഏറ്റവുമധികം നേട്ടം ലഭിക്കുന്ന പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ബിജെപിയുമായി പരസ്യമായി ധാരണയിലേര്‍പ്പെടുന്നത് അദ്ദേഹത്തിന് ഒരിക്കലും ഗുണം ചെയ്യില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഛത്രപതി ശിവജി മേഖല, മറാത്ത എന്നിവ ഉള്‍പ്പെടുന്ന ഈ മേഖലയിലെ നിലവിലുള്ള ഏറ്റവും വലിയ പ്രശ്‌നം കൊപാര്‍ഡി ബലാത്സംഗ കേസ് ആണ്.

1994ല്‍ ഔറംഗബാദിലെ മറാത്ത്‌വാഡ സര്‍വകലാശാലയ്ക്ക് ബിആര്‍ അംബേദ്കറിന്റെ പേര് നല്‍കിയതിനെ തുടര്‍ന്ന് മറാത്ത്‌വാഡയില്‍ ദലിത് വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ഇതേ കാരണത്താല്‍ തന്നെ ഈ മേഖലയില്‍ ശിവസേനയ്ക്കും ബിജെപിയ്ക്കും നേട്ടംകൊയ്യാന്‍ സാധിച്ചിരുന്നു. എന്നാല്‍ സമീപകാലത്തായി ഈ രണ്ട് പാര്‍ട്ടികള്‍ക്കുമുള്ള പിന്തുണയ്ക്ക് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് മഹാരാഷ്ട്രയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ എന്‍സിപി ശ്രമിക്കുന്നത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന് പവാര്‍ തിരിച്ചറിയേണ്ടതുണ്ടെന്നാണ് രണ്ടാം നിര നേതാക്കള്‍ പറയുന്നത്.

കോണ്‍ഗ്രസ് പിന്തുണയോടെ 80 മുതല്‍ 85 സീറ്റുകളില്‍ വരെ എന്‍സിപിയ്ക്ക് ജയം ഉറപ്പാണെന്ന് പാര്‍ട്ടി വക്താവ് നവാബ് മാലിക് പറയുന്നു. എന്നാല്‍ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ബാക്കി 60-70 സീറ്റുകളില്‍ ജയിക്കാനായി കഠിനാധ്വാനം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഒറ്റയ്ക്ക് ജയം ഉറപ്പാക്കാനാകില്ലെന്നാണ് ഈ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കാവി ശക്തികേന്ദ്രങ്ങളിലും എന്‍സിപിയ്ക്ക് യാതൊന്നും ഒറ്റയ്ക്ക് ചെയ്യാനാകില്ല.

അടുത്തകാലത്ത് ശിവസേന നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസ് ഗ്രാമീണമേഖലകളിലും ബിജെപി നഗരപ്രദേശങ്ങളിലും ആധിപത്യം നേടുമെന്നാണ് തെളിഞ്ഞത്. ശിവസേനയുടെ പ്രാദേശിക ആധിപത്യത്തെ പൊളിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിക്കണമെന്ന വെല്ലുവിളി ഇവിടെ എന്‍സിപിയ്ക്ക് മുന്നിലുണ്ട്. ഇതിനിടെയാണ് സഹകരണ മേഖലയില്‍ നിന്നും എന്‍സിപിയെ നീക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നത്. മുന്‍കാലങ്ങളിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താമെന്ന ബിജെപി സര്‍ക്കാരിന്റെ വാഗ്ദാനവും എന്‍സിപിയെ പ്രതിരോധത്തിലാക്കുന്നു.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മാത്രമാണ് എന്‍സിപിയുടെ ഏക മിത്രം. എന്നാല്‍ തുടര്‍ച്ചയായി എന്‍സിപിയുടെ ഭാഗത്തുനിന്നുണ്ടായ അവഗണന മുതലെടുത്ത് കോണ്‍ഗ്രസ് ഇനി കളിക്കുമോയെന്ന് കാത്തിരുന്ന് കാണാം. കഴിഞ്ഞയാഴ്ച 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രൂപീകരിക്കേണ്ട മഹാസഖ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും എന്‍സിപി വിട്ടുനിന്നിരുന്നു. എന്‍സിപിയെ ഇനിയും കൂടെ നിര്‍ത്തേണ്ടതില്ലെന്ന് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ അഭിപ്രായമുണ്ട്.

എന്നിരുന്നാലും എന്‍സിപിയുമായുള്ള സഖ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയില്ലെന്ന് പവാറിന് ഉറപ്പുണ്ട്. എന്നാല്‍ വിരുദ്ധ ദിശകളിലേക്ക് ഓടുന്ന രണ്ട് കുതിരകളെയും ഒരേ സമയം പായിക്കാനുള്ള തന്റെ ശ്രമം പവാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ പതനം നിശ്ചയമാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍