UPDATES

25,000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശരത് പവാറിന്റെ പേര്; നീക്കം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

എഫ്ഐആറില്‍ ചേര്‍ത്തിട്ടുള്ള പരാതിയിലാണ് ശരദ് പവാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അതെസമയം, പവാര്‍ കുറ്റാരോപിതരുടെ പട്ടികയിലില്ല.

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിപി നേതാവ് ശരദ് പവാറിന്റെ പേരും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഈ നീക്കം. എഫ്ഐആറില്‍ ചേര്‍ത്തിട്ടുള്ള പരാതിയിലാണ് ശരദ് പവാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അതെസമയം, പവാര്‍ കുറ്റാരോപിതരുടെ പട്ടികയിലില്ല.

മഹാരാഷ്ട്ര സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് കുംഭകോണത്തിലാണ് പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പവാറിന്റെ സഹോദരപുത്രനായ അജിത് പവാറിന്റെ പേരും പരാതിയിലുണ്ട്.

അതെസമയം, സംസ്ഥാന കോഓപ്പറേറ്റീ ബാങ്കില്‍ ഒരു മെമ്പര്‍ പോലുമല്ലാത്ത തന്റെ പേരാണ് എഫ്ഐആറില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതെന്ന് ശരദ് പവാര്‍ പ്രതികരിച്ചു. ഇലക്ഷന്‍ കാലത്ത് ഇത്തരം എഫ്ഐആറുകള്‍ തയ്യാറാക്കുന്നത് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സര്‍ക്കാരിന്റെ നീക്കത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും പവാര്‍ വ്യക്തമാക്കി.

25,000 കോടി രൂപയുടെ കുംഭകോണമാണ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു. നിയമവിരുദ്ധമായ രീതിയില്‍ ലോണുകള്‍ പാസ്സാക്കിയും മറ്റുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ പ്രക്രിയ നടന്നിരിക്കുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു.

രാജ്യത്തെല്ലായിടത്തും കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന നടപടിയാണ് ഇലക്ഷന്‍ കാലത്ത് പ്രതിയോഗികള്‍ക്കെതിരെ അഴിമതിക്കേസുകള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാര്‍ പ്രതികരിച്ചു. തങ്ങള്‍ക്കിതില്‍ ഞെട്ടലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ കുംഭകോണത്തില്‍ അജിത് പവാറിനും മറ്റ് 75 പേര്‍ക്കുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ കഴിഞ്ഞമാസം ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്‍സിപി നേതാക്കളാണ് കുറ്റാരോപിതമായ ബാങ്കിന്റെ നിയന്ത്രണ സ്ഥാനങ്ങളിലുള്ളത്.

മറ്റ് നിരവധി എന്‍സിപി നേതാക്കള്‍ ഈ കേസില്‍ കുറ്റാരോപിതരാണ്. നബാര്‍‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടും ഈ ബാങ്കിനെതിരെ നിലപാടെടുത്തിരുന്നു. ആര്‍ബിഐ മാനദണ്ഡങ്ങളും ബാങ്കിങ് നിയമങ്ങളും ഈ ബാങ്ക് ലംഘിച്ചതായി റിപ്പോര്‍ട്ട് പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍