UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിക്കെതിരെ മുന്നണിക്കായി നീക്കം തുടര്‍ന്ന് ശരദ് പവാര്‍: ജഗനുമായും കെസിആറുമായും നവീന്‍ പട്‌നായികുമായും ചര്‍ച്ച നടത്തി

എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനായുള്ള നീക്കങ്ങളാണ് ശരദ് പവാറും ചന്ദ്രബാബു നായിഡുവും മമത ബാനര്‍ജിയും അടക്കമുള്ളവര്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ശ്രമം. ബിജെപി, കോണ്‍ഗ്രസ് ചേരികളില്‍ നില്‍ക്കാതെ മാറിനില്‍ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി എന്നീ പാര്‍ട്ടികളെ സഖ്യത്തിലേയ്ക്ക് കൊണ്ടുവരാനാണ് പവാറിന്റെ ശ്രമം.

വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി, ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവു, ബിജെഡി (ബിജു ജനതാദള്‍) അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് എന്നിവരുമായാണ് പവാര്‍ സംസാരിച്ചത്. എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും പ്രവചിച്ചിരിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനായുള്ള നീക്കങ്ങളാണ് ശരദ് പവാറും ചന്ദ്രബാബു നായിഡുവും മമത ബാനര്‍ജിയും അടക്കമുള്ളവര്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

യുപി കഴിഞ്ഞാല്‍ ഏറ്റവുമധികം ലോക്‌സഭ സീറ്റുകളുള്ള മഹാരാഷ്ട്രയിലെ ബിജെപി – ശിവസേന സഖ്യത്തിന് വന്‍ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തിന് കാര്യമായ നേട്ടം പ്രവചിക്കുന്നില്ല. തെലങ്കാനയില്‍ ടിആര്‍എസും ആന്ധ്രയില്‍ വൈഎസ്ആറും വന്‍ വിജയം നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പറയുന്നത്. ഒഡീഷയില്‍ ബിജെപി നേട്ടമുണ്ടാക്കും എന്ന് ചിലത് പറയുമ്പോള്‍ ബിജെഡിയായിരിക്കും കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന് മറ്റ് ചില സര്‍വേകള്‍ പറയുന്നു.

ഡല്‍ഹിയില്‍ എഎപിയുമായി സഖ്യമുണ്ടാക്കാന്‍ പവാര്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അത് സാധ്യമായിരുന്നില്ല. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ പവാര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന് സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെങ്കില്‍ പിന്തുണ നല്‍കാമെന്ന് പവാറിനോട് നവീന്‍ പട്‌നായികും ചന്ദ്രശേഖര്‍ റാവുവും പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ ബിജെപിക്കെതിരെ ഉറച്ചുനില്‍ക്കുന്ന നേതാക്കളുമായും രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും പവാര്‍ ചര്‍ച്ച നടത്തി.

നേരത്തെ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബിജെപി ഇതര മുന്നണിക്കായി ശക്തമായി രംഗത്തുണ്ടായിരുന്ന ചന്ദ്രശേഖര്‍ റാവു കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായും ചര്‍ച്ച നടത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസിന് ഒഴിവാക്കിക്കൊണ്ടുള്ള മുന്നണിക്കില്ലെന്ന് വ്യക്തമാക്കിയ സ്റ്റാലിന്‍ കോണ്‍ഗ്രസിനെ പിന്തുണക്കാനാണ് ടിആര്‍എസിനോട് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് വഴങ്ങിയ കെസിആര്‍ ഉപാധികളോടെ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിരുന്നു. എന്നാല്‍ എക്‌സിറ്റ് പോളുകല്‍ പ്രതിപക്ഷ ക്യാമ്പില്‍ വലിയ ആശങ്കയുണ്ടാക്കി. മുന്‍ നിശ്ചയപ്രകാരമുള്ള പ്രതിപക്ഷ യോഗങ്ങള്‍ അനിശ്ചിതത്വത്തിലാണ്.

വ്യത്യാസം വന്നാല്‍ വോട്ടിംഗ് യന്ത്രത്തിനല്ല വിവിപാറ്റുകള്‍ക്കാണ് മുന്‍ഗണനയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍