UPDATES

ജിന്‍ഡല്‍ മോദിയുടെ ദൂതന്‍; കൂടിക്കാഴ്ചയെക്കുറിച്ച് പാക് സൈന്യത്തിന് വിശദീകരണം നല്‍കി നവാസ് ഷെരീഫ്

ഇരു പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാനാണ് ജിന്‍ഡല്‍ നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതനും ഇന്ത്യന്‍ വ്യവസായിയുമായ സജ്ജന്‍ ജിന്‍ഡലുമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തിയതില്‍ പാക് സൈന്യം അതൃപ്തരാണെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ മറുപടിയെന്നോണമാണ് കഴിഞ്ഞയാഴ്ച നിയന്ത്രണ രേഖയില്‍ പാക് സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതെന്നാണ് സൂചനകള്‍. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വളരെ മോശമായിരിക്കുന്ന സാഹചര്യത്തില്‍ ഇത് മെച്ചപ്പെടുത്തുന്നതിനുള്ള പിന്‍വാതില്‍ നയതന്ത്രമായിരുന്നു സജ്ജന്‍ ജിന്‍ഡലുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ന് നവാസ് ഷെരീഫ് പാക് സൈനിക മേധാവികളെ അറിയിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

ബി.ബി.സിയുടെ ഉറുദു സര്‍വീസാണ് ഷെരീഫ് -ജിന്‍ഡല്‍ കൂടിക്കാഴ്ചയയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. സമാധാന ശ്രമങ്ങളുടെ ഭാഗമായി മോദിയുടെ രഹസ്യ ദൂതുമായാണ് ജിന്‍ഡല്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. ഏപ്രില്‍ ഒടുവില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ഷെരീഫിന്റെ മകന്‍ ഹുസൈന്‍ നവാസാണ് ജിന്‍ഡലിനെ ഇസ്ലാമാബാദില്‍ നിന്ന് കൂടിക്കാഴച നടന്ന രഹസ്യ സ്ഥലത്തേക്ക് കൊണ്ടു പോയത്. മോദിയുടെ ദൂതനായി ജിന്‍ഡല്‍ പ്രവര്‍ത്തിക്കുന്നത് ആദ്യമായല്ല. 2014-ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിക്കിടെ മോദിയും നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് ജിന്‍ഡലാണെന്ന വിവരം പുറത്തു വന്നിരുന്നു. ഇതിനു പുറമെ 2015- ഡിസംബറില്‍ നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ കല്യാണത്തിന് അപ്രതീക്ഷിത അതിഥിയായി മോദി ലാഹോറില്‍ എത്തിയപ്പോഴും ജിന്‍ഡല്‍ കൂടെയുണ്ടായിരുന്നു. പാക്കിസ്ഥാനില്‍ നിരവധി ബിസിനസ് താത്പര്യങ്ങളുള്ള വ്യക്തി കൂടിയാണ് ജിന്‍ഡല്‍. നവാസ് ഷെരീഫിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് ജിന്‍ഡല്‍ കുടുംബം. ഷെരീഫിനെ കുടുബവുമായി ചേര്‍ന്ന് ഇവര്‍ പാക്കിസ്ഥാനില്‍ ബിസിനസ് നടത്തുന്നു എന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തു വന്നിരുന്നു.

അതേ സമയം, ഇത്തരത്തില്‍ കൂടിക്കാഴ്ച നടത്തിയത് പാക് സൈന്യത്തിന് ദഹിച്ചിട്ടില്ലെന്നും ഇതിനെ തുടര്‍ന്ന് നവാസ് ഷെരീഫ് സൈന്യത്തിന് വിശദീകരണം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായി ഏതെങ്കിലും വിധത്തിലുള്ള സമാധാന ശ്രമങ്ങള്‍ ഉണ്ടാക്കുന്നതിനെ എതിര്‍ക്കുന്നവരാണ് പാക് സൈന്യം. നവാസ് ഷെരീഫ് – മോദി കൂടിക്കാഴ്ചയോടുള്ള എതിര്‍പ്പാണ് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിലൂടെ പാക് സൈന്യം പ്രകടിപ്പിച്ചതെന്നുമാണ് വിവരം. ഇതിനു തൊട്ടു മുമ്പ് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വ നിയന്ത്രണ രേഖ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

റോ ചാരനെന്ന് ആരോപിച്ച് മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ ഗുല്‍ഭൂഷന്‍ ജാദവിനെ പാക്‌ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത് മുതല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നു. വധശിക്ഷക്കെതിരെ കടുത്ത നിലപാടെടുത്ത ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പോയാണ് വധശിക്ഷ റദ്ദ് ചെയ്തത്. ഇതിനോടും പാകിസ്താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് നിയന്ത്രണ രേഖയില്‍ നടക്കുന്ന ഏറ്റുമുട്ടലുകളും. കൂടിക്കാഴ്ചയ്ക്കെതിരെ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് – ഇ – ഇന്‍സാഫും രംഗത്തു വന്നിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവു വരുത്താനും ഇരു പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാനുമാണ് ജിന്‍ഡല്‍ നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ തയാറാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് തങ്ങള്‍ ഒരുക്കമാണെന്ന് വിദേശകാര്യങ്ങളിലുള്ള ഷെരീഫിന്റെ ഉപദേശകന്‍ സര്‍താജ് അസീസ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കസാക്ക്സ്ഥാനില്‍ ജൂണ്‍ 8-9 തീയതികളില്‍ നടക്കുന്ന SCO ഉച്ചകോടിയില്‍ മോദിയും ഷെരീഫും പങ്കെടുക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍