വെള്ളിയാഴ്ചയാണ് ശത്രുഘ്നന്‍ സിൻഹ വിവാദപ്രസ്താവന നടത്തിയത്.
മഹാത്മാഗാന്ധിയും മുഹമ്മദലി ജിന്നയും സ്വാതന്ത്ര്യ ലബ്ധിക്കായി പ്രയത്നിച്ചിട്ടുണ്ടെന്ന് താൻ പറഞ്ഞത് നാക്കുപിഴയായിരുന്നെന്ന് പാറ്റ്ന സാഹിബിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി ശത്രുഘനന്‍ സിൻഹ. ‘മൗലാന ആസാദ്’ എന്ന് പറയാനാണ് താൻ ഒരുങ്ങിയത്. നാക്കുപിഴയാൽ ‘മുഹമ്മദലി ജിന്ന’ എന്ന് വന്നുപോകുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് സിൻഹ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ശത്രുഘ്നന്‍ സിൻഹ വിവാദപ്രസ്താവന നടത്തിയത്. ‘മഹാത്മാഗാന്ധി മുതൽ മുഹമ്മദലി ജിന്ന വരെയുള്ളവർക്കും സർദാർ പട്ടേൽ മുതൽ ജവഹർലാൽ നെഹ്റു വരെയുള്ളവർക്കും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ അവരവരുടേതായ പങ്ക് വഹിക്കാനുണ്ടായിരുന്നു’ എന്നായിരുന്നു സിൻഹയുടെ പ്രസ്താവന. കോൺഗ്രസ്സിനാണ് സ്വാതന്ത്ര്യസമരത്തിൽ സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടായിരുന്നത് എന്നും രാജ്യത്തിന്റെ ഇന്നേവരെയുള്ള വികസനത്തിലും അവർക്കാണ് പങ്ക് എന്നും ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. താൻ കോൺഗ്രസ്സിലേക്ക് വന്നതിനു കാരണം ഈ പാരമ്പര്യത്തോടുള്ള ബഹുമാനമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനിടയിലാണ് ജിന്നയുടെ പേര് പരാമർശിക്കപ്പെട്ടത്. 1906 മുതൽ 1920 വരെ ജിന്ന കോൺഗ്രസ്സിലുണ്ടായിരുന്നു. പിന്നീട് ആൾ ഇന്ത്യ മുസ്ലിം ലീഗിലും സ്വാതന്ത്ര്യാനന്തരം പാകിസ്താൻ മുസ്ലിം ലീഗിലുമാണ് ജിന്ന പ്രവർത്തിച്ചത്.
പാറ്റ്നയിൽ ബിജെപി സീറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് ശത്രുഘ്നൻ സിൻഹ പാർട്ടി വിട്ടത്. കേന്ദ്രമന്ത്രി സ്ഥാനം കൊടുക്കാൻ ബിജെപി തയ്യാറാകാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ കുറെ വർഷങ്ങളിൽ കടുത്ത മോദി വിമർശകനായി മാറിയിരുന്നു ശത്രുഘ്നൻ സിൻഹ.
#WATCH Shatrughan Sinha, Congress candidate from Bihar’s Patna Sahib on his statement,”from Mahatma Gandhi to Muhammad Ali Jinnah, all part of Congress Parivar”: Whatever I said yesterday was slip of tongue. I wanted to say Maulana Azad but uttered Muhammad Ali Jinnah. pic.twitter.com/N2s63aOufj
— ANI (@ANI) April 27, 2019