UPDATES

വാര്‍ത്തകള്‍

വേണമെങ്കില്‍ സഖ്യമാകാമെന്ന് കോണ്‍ഗ്രസ്, ഓ വേണ്ട എന്ന് ആം ആദ്മി പാര്‍ട്ടി

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ഇടപെടലുകളാണ് ഷീല ദീക്ഷിത് നിലപാടില്‍ അയവ് വരുത്താന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന കടുത്ത നിലപാടില്‍ നിന്ന് അയഞ്ഞ് പാര്‍ട്ടി ദേശീയ നേതൃത്വം ഇക്കാര്യം തീരുമാനിക്കട്ടെ എന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്. താന്‍ ഇപ്പോളും എഎപിയുമായി സഖ്യമുണ്ടാക്കുന്നതിന് എതിരാണെന്നും ഇത് കോണ്‍ഗ്രസിന്റെ താല്‍പര്യത്തിന് എതിരാണെന്നും അതേസമയം ദേശീയ നേതൃത്വം തീരുമാനിക്കണം എന്നുമാണ് ഷീല ദീക്ഷിത് പറയുന്നത്. നേതൃത്വം എന്ത് തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം സമയം വളരെ വൈകിപ്പോയെന്നും തങ്ങള്‍ പ്രഖ്യാപിച്ച ഏഴ് സ്ഥാനാര്‍ത്ഥികളില്‍ ആരെയും പിന്‍വലിക്കില്ലെന്നും എഎപി വ്യക്തമാക്കി. നേരത്തെ തങ്ങള്‍ സഖ്യത്തിന് തയ്യാറാണെന്ന് എഎപി നേതാക്കള്‍ പല തവണ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയായ ഷീല ദീക്ഷിതും മുന്‍ പിസിസി പ്രസിഡന്റ് അജയ് മാക്കനും എഎപിയുമായി സഖ്യമുണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ഇടപെടലുകളാണ് ഷീല ദീക്ഷിത് നിലപാടില്‍ അയവ് വരുത്താന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയടക്കമുള്ളവര്‍ സഖ്യത്തിന്റെ കാര്യത്തില്‍ പുനരാലോചന നടത്താന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. 13 കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാര്‍ എഎപിയുമായി സഖ്യം വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ പറഞ്ഞത് എഎപിയുമായി സഖ്യം വേണോ എന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത ഷീല ദീക്ഷിത് അല്ല എന്നാണ്. ശരദ് പവാര്‍ രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും എഎപിയുടെ സഞ്ജയ് സിംഗിനേയും കണ്ടിരുന്നു. ശരദ് പവാര്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച പ്രതിപക്ഷ യോഗത്തില്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മമത ബാനര്‍ജിയും പങ്കെടുത്തിരുന്നു.

ബിജെപിയെ തോല്‍പ്പിക്കാന്‍ എഎപിയുമായി സഖ്യം അനിവാര്യമാണ് എന്നാണ് ഡല്‍ഹിയിലെ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും കരുതുന്നത് എന്നാണ് പിസി ചാക്കോ പറഞ്ഞത്. നേരത്തെ കെജ്രിവാള്‍ അടക്കമുള്ള എഎപി നേതാക്കള്‍ പല തവണ കോണ്‍ഗ്രസിനോട് സഖ്യം ആവശ്യപ്പെട്ടിരുന്നു. അതേസമയം ഡല്‍ഹി പാര്‍ട്ടിയുടെ അഭിപ്രായം പരിഗണിച്ച് സഖ്യമുണ്ടാകില്ല എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്. മേയ് 12ന്റെ ആറാം ഘട്ടത്തിലാണ് ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങള്‍ വിധിയെഴുതുക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ബിജെപി നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍