UPDATES

ട്രെന്‍ഡിങ്ങ്

‘പ്രിയങ്ക ഗാന്ധിയെ മോചിപ്പിക്കുംവരെ ബിജെപിക്കെതിരെ പ്രതിഷേധിക്കുക’; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള ഷീലാ ദീക്ഷിതിന്റെ അവസാന നിര്‍ദേശം

മൂന്നു വട്ടം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ശനിയാഴ്ച വൈകിട്ടാണ് അന്തരിച്ചത്

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഏറ്റവുമൊടുവിലെ നിര്‍ദേശം പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍ പ്രദേശില്‍ തടഞ്ഞു വച്ചതിനെതിരെ ബിജെപി ഓഫീസ് ഉപരോധിക്കുക എന്നതായിരുന്നു. യുപിയിലെ സോന്‍ഭദ്ര ജില്ലയില്‍ ഒബിസി വിഭാഗക്കാരായ ഗുജ്ജാറുകളുടെ വെടിയേറ്റ് ആദിവാസി വിഭാഗമായ ഗോണ്ട് സമുദായത്തിലെ മൂന്ന് സ്ത്രീകളടക്കം പത്തു പേര്‍ കൊല്ലപ്പെട്ട വിഷയത്തിലായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ അവസാന ഇടപെടല്‍.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ വെള്ളിയാഴ്ച രാവിലെ വാരണാസിയില്‍ നിന്ന് സോന്‍ഭദ്രയിലേക്ക് തിരിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്കയെ അതിര്‍ത്തി ജില്ലയായ മിര്‍സാപ്പൂരില്‍ വച്ച് പോലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മരിച്ചവരുടെ ഉറ്റവരെ കാണാതെ മടങ്ങില്ലെന്ന് പ്രിയങ്കയും അവിടേക്ക് സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥിന്റെ സര്‍ക്കാരും നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ആരംഭിക്കുന്നത്. തുടര്‍ന്ന് എഐസിസി സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാല്‍ വൈകിട്ട് മുന്നു മണിയോടെ രാജ്യമെമ്പാടും പ്രതിഷേധം ആരംഭിക്കാനുള്ള നിര്‍ദേശം നല്‍കി. എല്ലാ സംംസ്ഥാനങ്ങളിലേയും നിയമസഭാ നേതാക്കള്‍ക്കും പി.സി.സി അധ്യക്ഷന്മാര്‍ക്കും എഐസിസി ഭാരവാഹികള്‍ക്കുമായിരുന്നു നിര്‍ദേശം.

തുടര്‍ന്ന് ഡല്‍ഹി പിസിസി അധ്യക്ഷ കൂടിയായ ഷീലാ ദീക്ഷിതിന്റെ പേരില്‍ ഡല്‍ഹി കോണ്‍ഗ്രസില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം പുറത്തിറങ്ങി. ഇതിനു പിന്നാലെ വര്‍ക്കിംഗ് പ്രസിഡന്റ് ഹാരൂണ്‍ യൂസഫിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലുള്ള ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി നീങ്ങി.

Also Read: ഷീല ദീക്ഷിത് – ‘ആം ആദ്മി’യോട് തോറ്റ ‘ഡല്‍ഹി സിറ്റിസണ്‍’

“യുപിയില്‍ പ്രിയങ്കയെ തടഞ്ഞു വച്ചത് തുടരുകയാണെങ്കില്‍ ശനിയാഴ്ച രാവിലെയും പ്രതിഷേധം നടന്നിരിക്കണം”– ഇതായിരുന്നു ഷീലാ ദീക്ഷിത് അവസാനമായി നിര്‍ദേശിച്ചത്, ഷീലാ ദീക്ഷിതിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന കിരണ്‍ വാലിയ പറഞ്ഞു. ശനിയാഴ്ച രാവിലെ തന്നെ സുഖമില്ലാതായ ഷീലാ ദീക്ഷിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകിട്ട് 3.55-ന് മരണം സംഭവിക്കുകയുമായിരുന്നു.

തങ്ങളെ കാണാനെത്തിയ പ്രിയങ്കാ ഗാന്ധിയെ തടഞ്ഞു വച്ചിരിക്കുന്നു എന്നറിഞ്ഞ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം സോന്‍ഭദ്രയില്‍ നിന്നുള്ളവര്‍ 20 കിലോ മീറ്റര്‍ ട്രാക്ടറിലും 75 കിലോ മീറ്റര്‍ നടന്നും ശനിയാഴ്ച കോണ്‍ഗ്രസ് നേതാവിനെ തടഞ്ഞുവച്ചിരുന്ന ഗസ്റ്റ് ഹൗസിലെത്തി. എന്നാല്‍ ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ജില്ലാ ഭരണകൂടം ആദ്യം അനുവദിച്ചില്ലെങ്കിലും രണ്ടു പേരുടെ മാത്രം ബന്ധുക്കളെ കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചതോടെയാണ് 24 മണിക്കൂറിലധികം നീണ്ടു നിന്ന പ്രതിസന്ധി അയഞ്ഞത് പ്രിയങ്ക അതിനു പിന്നാലെ ഡല്‍ഹിക്ക് മടങ്ങി. ഷീലാ ദീക്ഷിത് അപ്പോഴേക്കും വിടവാങ്ങിയിരുന്നു.

Also Read: സോന്‍ഭദ്ര കൂട്ടക്കൊല: രക്ഷപെടാന്‍ പൈപ്പിനുള്ളില്‍ കയറിയവരെ കുത്തി പുറത്തു ചാടിച്ച് വെടിവച്ചു, ആക്രമണം ഉണ്ടാകുമെന്ന് പോലീസിന് അറിയാമായിരുന്നു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍