UPDATES

ട്രെന്‍ഡിങ്ങ്

ഷീല ദീക്ഷിത് – ‘ആം ആദ്മി’യോട് തോറ്റ ‘ഡല്‍ഹി സിറ്റിസണ്‍’

കോണ്‍ഗ്രസിന് ഹാട്രിക് വിജയം നേടിക്കൊടുത്ത് 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിക്കാന്‍ കഴിഞ്ഞത് തനിക്ക് പോന്ന എതിരാളികളില്ലെന്ന് വിശ്വസിക്കാന്‍ ഷീല ദീക്ഷിതിനെ പ്രേരിപ്പിച്ചിരുന്നു.

ഷീല ദീക്ഷിതിനേക്കാള്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി പദം വഹിച്ചിട്ടുള്ള വനിതാ നേതാവ് ഇന്ത്യയില്‍ ജയലളിത മാത്രമാണ്. തുടര്‍ച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയാവുകയും 15 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുകയും ചെയ്ത മറ്റൊരു വനിത നേതാവ് രാജ്യത്തില്ല. സിറ്റിസണ്‍ ഡല്‍ഹി (Citizen Delhi – My Times, My Life) എന്നാണ് ഷീല ദീക്ഷിതിന്റെ ആത്മകഥയുടെ പേര്. കോണ്‍ഗ്രസിന് ഹാട്രിക് വിജയം നേടിക്കൊടുത്ത് 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിക്കാന്‍ കഴിഞ്ഞത്, തനിക്ക് പോന്ന എതിരാളികളില്ലെന്ന് വിശ്വസിക്കാന്‍ ഷീല ദീക്ഷിതിനെ പ്രേരിപ്പിച്ചിരുന്നു. അവിടെയാണ് അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടിയുമായി അരവിന്ദ് കെജ്രിവാള്‍ കടന്നുവന്നത്.

1952 മാര്‍ച്ച് മുതല്‍ 1956 നവംബര്‍ വരെയുള്ള കാലത്ത് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം വഹിച്ചത് രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് – ചൗധരി ബ്രാഹ്മ് പ്രകാശ് യാദവും ഗുര്‍മുഖ് സിംഗും. 1956 മുതല്‍ 1993 വരെ ഡല്‍ഹിയ്ക്ക് നിയമസഭയും മന്ത്രിസഭയുമുണ്ടായിരുന്നില്ല. 93ല്‍ ഡല്‍ഹി നിയമസഭ വീണ്ടും നിലവില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയായത് ബിജെപിയിലെ മദന്‍ലാല്‍ ഖുറാന. 1993-98 കാലത്തെ ബിജെപി സര്‍ക്കാരില്‍ മൂന്ന് മുഖ്യമന്ത്രിമാരുണ്ടായി. 93 ഡിസംബര്‍ മുതല്‍ 96 ഫെബ്രുവരി വരെ ഖുറാന. 96 ഫെബ്രുവരി മുതല്‍ 98 ഒക്ടോബര്‍ വരെ സാഹിബ് സിംഗ് വര്‍മ. 1998 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സുഷമ സ്വരാജ്. 1998 നവംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് ഡല്‍ഹി പിടിച്ചു.

നാല് തവണ തുടര്‍ച്ചയായി ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍ പരാജയമറിഞ്ഞ ശേഷമാണ് ഷീല ദീക്ഷിതിനെ സോണിയ ഗാന്ധി ഡല്‍ഹി രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരുന്നത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും 1984ലെ സിഖ് കൂട്ടക്കൊലയുടെ ആരോപണ നിഴലിലുള്ളവരായിരുന്നു. ഇക്കാര്യം ആത്മകഥയില്‍ ഷീല പറയുന്നുണ്ട്. ഇന്ദിര ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിലും കൂട്ടക്കാലകളിലും കൂടുതലും ആരോപണ വിധേയരായത് ജാട്ട്, ഗുജ്ജാര്‍ സമുദായങ്ങളില്‍ പെട്ടവരാണ്. ഈ സമുദായക്കാരോ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരോ ആയിരുന്നു ഡല്‍ഹിയിലെ നേതാക്കള്‍. ഇത് സിഖുകാരടക്കം വലിയൊരു വിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റാനിടയാക്കിയിരുന്നു. ഷീല ദീക്ഷിതിന്റെ ക്ലീന്‍ ഇമേജ് 1998ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തുണയായി.

തിരഞ്ഞെടുപ്പിന് മുമ്പ് നാഷണല്‍ സ്റ്റേഡയത്തിന് സമീപം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന സുഷമ സ്വരാജുമായി നടത്തിയ സംവാദം ഷീല ദീക്ഷിത് ഓര്‍ക്കുന്നുണ്ട്. താന്‍ രാത്രിയിലും പൊലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങി പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും ഡല്‍ഹിയിലെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും സുഷമ പറഞ്ഞിരുന്നു. എന്നാല്‍ ഡല്‍ഹി പൊലീസ് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല എന്നും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് എന്നും ഷീല ദീക്ഷിത് സുഷമ സ്വരാജിനെ ഓര്‍മ്മിപ്പിച്ചു. പിന്നെ എന്തിനാണ് താങ്കളുടെ വിലപ്പെട്ട ഉറക്കം വെറുതെ കളയുന്നത് എന്നും ഷീല ചോദിച്ചു. ഈ ചോദ്യത്തില്‍ സുഷമ സ്വരാജ് സ്തംഭിച്ചു. കാണികള്‍ കയ്യടിച്ചു. 1998 ഡിസംബര്‍ മൂന്നിന് മുഖ്യമന്ത്രിയായ ഷീല ദീക്ഷിത് 2013 ഡിസംബര്‍ 28 വരെ സ്ഥാനത്ത് തുടര്‍ന്നു. നഗര മധ്യവര്‍ഗത്തിന്റെ വികസന ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഭരണാധികാരിയായാണ് ഷീല ദീക്ഷിത് അറിയപ്പെട്ടത്. എന്നാല്‍ കെജ്രിവാളിന്റേയും ആം ആദ്മി പാര്‍ട്ടിയുടേയും വരവോടെ ഷീല ദീക്ഷിതിന് ഈ സ്ഥാനം നഷ്ടമായി.

READ ALSO: ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സിനഡിന്റെ ഉറപ്പ്; കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി, സമരത്തില്‍ നിന്നും താത്കാലികമായി പിന്മാറുന്നതായി വൈദികര്‍

ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ തനിക്കുള്ള വിശ്വാസ്യത സംബന്ധിച്ച് പഞ്ചാബിയായ, എന്നാല്‍ ഡല്‍ഹിയില്‍ വളര്ന്ന ഷീല ദീക്ഷിതിന് വലിയ വിശ്വാസമായിരുന്നു. ഈ ആത്മ വിശ്വാസമാണ് പ്രായത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും 2019ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവരെ പ്രേരിപ്പിച്ചതും കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനിയും ഒറ്റയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയും എന്ന് അവരെ വിശ്വസിപ്പിച്ചതും. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം ഗുണം ചെയ്യില്ലെന്നും ദോഷം ചെയ്യുമെന്നും അവര്‍ കരുതി. എന്നാല്‍ വ്യക്തിപരമായ താല്‍പര്യങ്ങളും വിരോധവുമാണ് ആം ആദ്മി പാര്‍ട്ടിയോടുള്ള ഷീല ദീക്ഷിതിന്റെ ശത്രുതാപരമായ നിലപാടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിശ്വസിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്.ഗവര്‍ണറുമായുള്ള സംഘര്‍ഷങ്ങളിലടക്കം ആം ആദ്മി പാര്‍ട്ടിയോടും കെജ്രിവാളിനോടുമുള്ള വിരോധം ഷീല ദീക്ഷിത് പ്രകടിപ്പിച്ചു. 2014ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന്റ പ്രതിനിധികളായ ലെഫ്.ഗവര്‍ണര്‍മാര്‍ നജീബ് ജംഗുമായും തുടര്‍ന്ന് വന്ന അനില്‍ ബൈജാലുമായും നിരന്തര ഏറ്റുമുട്ടലിലായിരുന്നു ആം ആദ്മി സര്‍ക്കാരും മുഖ്യമന്ത്രി കെജ്രിവാളും. ഭരണ നടപടികളിലും നിയമനങ്ങളും പദ്ധതികളും അടക്കമുള്ള തീരുമാനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ലെഫ്.ഗവര്‍ണര്‍ ഇടപെട്ട് തടയുന്നത് പതിവായതിനെ തുടര്‍ന്ന് ലെഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ രാത്രി കിടന്നുറങ്ങി കെജ്രിവാളിനും സംഘത്തിനും പ്രതിഷേധിക്കേണ്ടി വന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലല്ല, സമാവായമാണ് വേണ്ടത് എന്നാണ് കെജ്രിവാളിനെ കുറ്റപ്പെടുത്തി ഷീല ദീക്ഷിത് പറഞ്ഞത്. തങ്ങളുടെ മുമ്പ് ഡല്‍ഹി ഭരിച്ചിട്ടുണ്ടെന്നും ഷീല ദീക്ഷിത് ഓര്‍മ്മിപ്പിച്ചു.

മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലുകള്‍ക്കെതിരെ കെജ്രിവാളിന് പിന്തുണ നല്‍കിയപ്പോളാണ് കോണ്‍ഗ്രസ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരുന്നത്. ഈ സമീപനത്തില്‍ ഷീലയുടെ നിലപാട് നിര്‍ണായകമാണ്. ഡല്‍ഹി ഭരണം കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് ഷീല ദീക്ഷിത് അംഗീകരിച്ചിരുന്നു. എല്ലാത്തിനും കേന്ദ്രത്തിന്റെ അനുമതി കാത്തുനില്‍ക്കേണ്ട അവസ്ഥ തന്നെ പ്രശ്‌നം. ഭൂമിയടക്കമുള്ള കാര്യങ്ങളില്‍, പൊലീസില്‍, ഉദ്യോഗസ്ഥ നിയമനങ്ങളില്‍ എല്ലാം. എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഇതേ കാര്യങ്ങള്‍ പറഞ്ഞ് കേന്ദ്ര സര്‍ക്കാരുമായി നിരന്തരം കലഹിച്ചപ്പോളും ഷീല ദീക്ഷിത് അവരെ പിന്തുണച്ചില്ല. കേന്ദ്രവുമായി യുദ്ധം ചെയ്യാതെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണം എന്നായിരുന്നു ഷീല ദീക്ഷിതിന്റെ വാദം.

ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെയാണ്  ഓവര്‍ ബ്രിഡ്ജുകളടക്കം നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഡല്‍ഹിയിലുണ്ടായത്. ഡല്‍ഹിയിലെ ബസുകളടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേയ്ക്ക് മാറ്റിയത് വലിയ പരിഷ്‌കാരമായിരുന്നു. ഡല്‍ഹിയുടെ വായു മലിനീകരണ പ്രശ്‌നം പരിഹരിക്കാന്‍ ഇതിനായില്ലെങ്കിലും സിഎന്‍ജി വലിയൊരു പരിഷ്‌കാരമായിരുന്നു. വലിയ എതിര്‍്പ്പാണ് തുടക്കത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. സിഎന്‍ജി സ്റ്റേഷനുകള്‍ വളരെ കുറവായിരുന്നത് വലിയ പ്രശ്‌നമായി. ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. മഴ വെള്ള സംഭരണത്തിനും വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ ഗുണം ചെയ്തു. സൗരോര്‍ജ്ജം പ്രോത്സാഹിപ്പിക്കുകയും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുകയും ചെയ്തു. അതേസമയം വൈദ്യുതി വിതരണം സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തത് ജനങ്ങള്‍ക്ക് മേല്‍ വലിയ നിരക്കുമായി ഭാരമടിച്ചേല്‍പ്പിക്കുന്നതിലേയ്ക്ക് നയിച്ചു. അരവിന്ദ് കെജ്രിവാളിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്ന് വൈദ്യുതി വിതരണ കമ്പനികള്‍ നടത്തുന്ന കൊള്ളയായിരുന്നു.

2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും 2012 ഡിസംബറില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച സംഭവവവും വൈദ്യുതി പ്രതിസന്ധിയും മറ്റും ഷീല ദീക്ഷിത് സര്‍ക്കാരിന് തിരിച്ചടികളായി. കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി കേസുകളിൽ ഷീല ദീക്ഷിതിനെതിരെ കെജ്‌രിവാൾ സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഗെയിംസിന് മുന്നോടിയായി നടത്തിയ നഗരം മോടിപിടിപ്പിക്കൽ പദ്ധതികളിലെ 16,500 കോടിയോളം ചെലവ് വരുന്ന എട്ടോളം പദ്ധതികൾ ഡൽഹി ഗവർണ്മെന്റ് ഏറ്റെടുത്തു നടത്തിയിരുന്നു, സിഎജിയും കേന്ദ്രം നിയോഗിച്ച കമ്മിറ്റിയും നൽകിയ റിപ്പോർട്ട് പ്രകാരം 80 കോടി രൂപയോളം സർക്കാരിന് നഷ്ടം സംഭവിച്ചു എന്നായിരുന്നു ആരോപണം.

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലൂടെ മാധ്യമ ശ്രദ്ധ നേടിയ, സിവില്‍ സര്‍വീസ് ഉദ്യോഗം രാജി വച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ സംഭവിക്കില്ലെന്ന് കരുതിയത് സംഭവിച്ചു. ഷീല ദീക്ഷിതും കോണ്‍ഗ്രസും തോറ്റു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാളിനോട് 25,864 വോട്ടിനാണ് ഡല്‍ഹിയുടെ ഷീല ദീദി പരാജയപ്പെട്ടത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കി. 2015ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നല്‍കാതെ 70ല്‍ 67 സീറ്റും നേടിയാണ് ആം ആദ്മി പാര്‍ട്ടി രണ്ടാം തവണ ഡല്‍ഹി പിടിച്ചത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ഡല്‍ഹിയില്‍ കിട്ടിയിരുന്നില്ല. ബിജെപി തൂത്തുവാരി. 2019ലും ഇത് ആവര്‍ത്തിച്ചു.

2014ല്‍ കേരള ഗവര്‍ണറായി അഞ്ച് മാസം. മോദി സര്‍ക്കാര്‍ തന്നെ പുറത്താക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഷീല ദീക്ഷിത് ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു. 2017ല്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഷീല ദീക്ഷിതിനെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. ബ്രാഹ്മണ സ്ഥാനാര്‍ത്ഥി വേണമെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശം ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതോടെ ഷീലയെ ഉയര്‍ത്തിക്കാട്ടേണ്ട എന്ന് തീരുമാനമായി.

2019ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കാം എന്ന എഎപിയുടേയും കെജ്രിവാളിന്റേയും ഓഫര്‍ ഷീല ദീക്ഷിത് തള്ളി. എഎപിയുമായുള്ള സഖ്യം ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് ഷീല ദീക്ഷിത് വാദിച്ചു. ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ, ഷീല ദീക്ഷിതും അജയ് മാക്കനുമടക്കമുള്ള നേതാക്കളുടെ നിലപാടിനെ എതിര്‍ത്തു. എഎപി സഖ്യത്തില്‍ അനുകൂലമായ നിലപാടുള്ളപ്പോഴും സഖ്യമാകാമെന്ന അന്തിമ നിലപാട് എടുക്കുന്നതില്‍ പാര്‍ട്ടി അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയെ തടഞ്ഞതില്‍ ഷീല ദീക്ഷിതിന്റെ സ്വാധീനം കാര്യമായുണ്ട്. അവസാനം ഷീല ദീക്ഷിത് അടക്കമുള്ളവര്‍ എഎപിയുമായി സഹകരിക്കാം എന്ന നിലയിലേയ്ക്ക് എത്തുമ്പോളേക്കും സഖ്യ സാധ്യതകള്‍ അടഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍