UPDATES

“കോൺഗ്രസ്സിനെ ഉപേക്ഷിച്ച രാഹുൽ ഗാന്ധി ദുരന്തം; മോദിയും ഷായും കൃഷ്ണാര്‍ജുനന്മാർ”: ശിവ്‌രാജ് സിങ് ചൗഹാൻ

സോണിയ ഗാന്ധി വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനെയും ചൗഹാൻ വിമർശിച്ചു. പാർട്ടി വീണ്ടും ഒരു കുടുംബത്തിന്റെ ആധിപത്യം ഉറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം നീക്കം ചെയ്ത ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കൃഷ്ണാർ‌ജ്ജുനന്മാരോടുപമിച്ച് മുതിർന്ന ബിജെപി നേതാവ് ശിവ്‌രാജ് സിങ് ചൗഹാൻ. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ‘ദുരന്തം’ എന്നു വിശേഷിപ്പിച്ചു മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡണ്ടുമായ ചൗഹാൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ രാഹുൽ കോൺഗ്രസ്സിനെ ഉപേക്ഷിച്ചത് ചൂണ്ടിക്കാട്ടിയാണ് ചൗഹാൻ ഈ വിശേഷണം ചാർത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേത‍ൃത്വത്തിൽ രാജ്യം മുമ്പോട്ടു പോകുകയാണെന്ന് ചൗഹാൻ അവകാശപ്പെട്ടു. കൃഷ്ണാർജുനന്മാരെന്ന പോലെയാണ് ഇരുവരും രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതെസമയം ആരാണ് കൃഷ്ണൻ ആരാണ് അർജുനൻ എന്നദ്ദേഹം വ്യക്തമായി പറയുകയുണ്ടായില്ല.

ജമ്മു കശ്മീർ വിഷയത്തിൽ എന്താണ് കോൺഗ്രസ്സിന്റെ നിലപാടെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ സോണിയ ഗാന്ധി ഒരു പ്രസ്താവന പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കന്മാർ വ്യത്യസ്ത സ്വരങ്ങളിലാണ് പ്രതികരിക്കുന്നത്. സോണിയയും നിശ്ശബ്ദത തുടരുകയാണെന്നും ചൗഹാൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതാക്കൾക്കിടയിൽ ജമ്മു കശ്മീരിന്റെ സ്വയംഭരണം നീക്കം ചെയ്തതു സംബന്ധിച്ച് വലിയ ആശയക്കുഴപ്പങ്ങളുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള മുതിർന്ന നേതാക്കൾ പലരും ബിജെപിയുടെ നിലപാടിനെ പിന്തുണയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. പരസ്യമായാണ് നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കശ്മീർ വിഷയം ഒരു ആഭ്യന്തര പ്രശ്നമല്ലെന്നാണ് കോൺഗ്രസ്സിന്റെ സഭാനേതാവ് അധിരഞ്ജന്‍ ചൗധരി പറഞ്ഞത്. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ഈ വിഷയത്തിൽ യാതൊരു നിലപാടും പ്രഖ്യാപിക്കുകയുണ്ടായില്ല.

സോണിയ ഗാന്ധി വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനെയും ചൗഹാൻ വിമർശിച്ചു. പാർട്ടി വീണ്ടും ഒരു കുടുംബത്തിന്റെ ആധിപത്യം ഉറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍