UPDATES

ജസ്റ്റിസ് ലോയ: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; പോസ്റ്റ്‌ മോര്‍ട്ടത്തിലും തിരിമറി; പിന്നില്‍ മഹാരാഷ്ട്ര മന്ത്രിയുടെ ഭാര്യാസഹോദരന്‍

മഹാരാഷ്ട്ര ധനകാര്യ മന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുധീര്‍ മുംഗാന്തിവാറിന്റെ ഭാര്യാ സഹോദരനും നാഗ്പൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെ പ്രൊഫസറുമായിരുന്ന ഡോ. മകരന്ദ് വ്യവഹാരെയ്ക്ക് എതിരെയാണ് ആരോപണം

ബിജെപി പ്രസിഡന്റ് അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബദീന്‍ ഷേയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ വാദം കേട്ടിരുന്ന സിബിഐ ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കാരവന്‍ മാഗസിന്‍ പുറത്തുകൊണ്ടു വന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും. ജസ്റ്റിസ് ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും കൃത്രിമം നടത്തിയെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മഹാരാഷ്ട്ര ധനകാര്യ മന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുധീര്‍ മുംഗാന്തിവാറിന്റെ ഭാര്യാ സഹോദരനും നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെ പ്രൊഫസറുമായിരുന്ന ഡോ. മകരന്ദ് വ്യവഹാരെയാണെന്നാണ് കാരവന്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് വിവാദപരമായ പോലീസ് ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്. ജസ്റ്റിസ് ലോയ മരിക്കുമ്പോള്‍ അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി കഴിഞ്ഞിരുന്നു. 2014 ഡിസംബര്‍ ഒന്നിന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാഗ്പൂരില്‍ എത്തിയപ്പോള്‍ അവിടെ വച്ചാണ് ജസ്റ്റിസ് ലോയ മരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോയയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം മരണത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ 2016 നവംബറിനും 2017 നവംബറിനും ഇടയില്‍ ലോയയുടെ കുടുംബവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നിരഞ്ജന്‍ താക്ലെ നടത്തിയ സംഭാഷണങ്ങളാണ് മരണത്തെ കുറിച്ച് സംശയം ഉയര്‍ത്തിയത്. താന്‍ നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ താക്ലെ കാരവന്‍ മാസികയിലൂടെ പുറത്തു വിട്ടു.

മരണസമയത്ത് ജസ്റ്റിസ് ലോയ കേട്ടുകൊണ്ടിരുന്ന ഒരേയൊരു കേസ് രാജ്യം ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന സൊഹ്‌റാബുദ്ദീന്‍ വധമായിരുന്നു. വിചാരണയുടെ സത്യസന്ധത നിലനിറുത്തുന്നതിന് കേസ് ഗുജറാത്തില്‍ നിന്നും മാറ്റണമെന്ന അപേക്ഷയില്‍ ബോധ്യം വന്ന സുപ്രീം കോടതി 2012ല്‍ കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. കേസ് തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ജഡ്ജി തന്നെ കേള്‍ക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് കേസില്‍ ആദ്യം വിചാരണ കേട്ട ജസ്റ്റിസ് ജെടി ഉത്പതിനെ 2014 മധ്യത്തോടെ സിബിഐ പ്രത്യേക കോടതിയില്‍ നിന്നും സ്ഥലം മാറ്റുകയും തല്‍സ്ഥാനത്ത് ലോയയെ നിയോഗിക്കുകയുമായിരുന്നു.

കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നും ഇളവനുവദിക്കണമെന്ന് അപേക്ഷിച്ചതിന്റെ പേരില്‍ 2014 ജൂണ്‍ ആറിന് അമിത് ഷായ്ക്ക് ജസ്റ്റിസ് ഉത്പത് താക്കീത് നല്‍കിയിരുന്നു. വിചാരണ നടന്ന അടുത്ത തീയതിയായ ജൂണ്‍ 20നും ഷാ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് ജസ്റ്റിസ് ഉത്പത് കേസ് ജൂണ്‍ 26ലേക്ക് മാറ്റി. എന്നാല്‍ ജൂണ്‍ 25ന് അദ്ദേഹത്തെ സ്ഥലം മാറ്റുകയും ജസ്റ്റിസ് ലോയയെ നിയമിക്കുകയുമായിരുന്നു. 2014 ഒക്ടോബര്‍ 31ന് ഷാ നേരിട്ട് കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും ജസ്റ്റിസ് ലോയ ഇളവ് നല്‍കി. എന്നാല്‍ ആ ദിവസം മുംബെയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഷാ കോടതിയില്‍ ഹാജരായില്ല എന്ന ചോദ്യം ഉന്നയിക്കുകയും കേസിന്റെ വാദം ഡിസംബര്‍ 13ലേക്ക് മാറ്റുകയും അന്ന് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡിസംബര്‍ ഒന്ന് വെളുപ്പിനെ ജസ്റ്റിസ് ലോയ കൊലപ്പെട്ടു. തുടര്‍ന്ന് വന്ന പുതിയ ജഡ്ജി വിചാരണ പോലും കേള്‍ക്കാതെ അമിത് ഷാ ഉള്‍പ്പെടെ ഉള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കാരവന്‍ റിപ്പോര്‍ട്ടര്‍ നികിത സക്‌സേന രണ്ടു മാസമെടുത്ത് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുള്ളവരും ജസ്റ്റിസ് ലോയയുടെ പോസ്റ്റ് മോര്‍ട്ടത്തിന് സാക്ഷ്യം വഹിച്ചവരും ഉള്‍പ്പെടെ 14-ഓളം പേരുമായി സംസാരിച്ചാണ് പുതിയ റിപ്പോട്ട് തയാറാക്കിയിരിക്കുന്നത്. ജസ്റ്റിസ് ലോയയുടെ തലയ്ക്കു പിന്നിലുള്ള മുറിവ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോ. എന്‍.കെ തുമ്രാമിനെ വ്യവഹാരെ അനുവദിച്ചില്ല എന്നതാണ് ഇതിലെ ഏറ്റവും പ്രധാന വിഷയം. റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍: ജസ്റ്റിസ് ലോയ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിക്കുന്നത് എന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഔദ്യോഗികമായി ഒപ്പു വച്ചിരിക്കുന്നത് അന്ന് ഫോറന്‍സിക് മെഡിസിനിലെ ലക്ചററായ ഡോ. തുമ്രാമാണ്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തിന് അന്ന് നേതൃത്വം നല്‍കിയത് വ്യവഹാരെയായിരുന്നുവെന്ന് വിവിധ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. രാഷ്ട്രീയ സ്വാധീനം മൂലം വ്യവഹാരെയായിരുന്നു നാഗ്പൂര്‍ മെഡിക്കല്‍ കോളേജിനെ തന്നെ നിയന്ത്രിച്ചിരുന്നത്. തലയിലെ മുറിവ് ചൂണ്ടിക്കാട്ടിയ ഡോക്ടറോട് വ്യവഹാരെ കയര്‍ത്തു സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജസ്റ്റിസ് ലോയയുടെ പോസ്റ്റ് മോര്‍ട്ടം നടന്ന 2015 ജനുവരി ഒന്നിന് രാവിലെ ഏഴു മണി മുതലുള്ള കാര്യങ്ങളാണ് നികിത സക്‌സേന അന്വേഷിച്ചിരിക്കുന്നത്. അന്ന് വ്യവഹാരെ ജസ്റ്റിസ് ലോയയുടെ പോസ്റ്റ് മോര്‍ട്ടവുമായി ബന്ധപ്പെട്ട് അസാധാരണ താത്പര്യം കാണിച്ചിരുന്നതായി ദൃക്‌സാക്ഷികളും ഇതുമായി ബന്ധപ്പെട്ടവരും പറയുന്നു. ഏഴുമണിക്കാണ് ഫോറന്‍സിക് വിഭാഗം തുറക്കുന്നത്. അപ്പോള്‍ തന്നെ അന്നുള്ള പോസ്റ്റ് മോര്‍ട്ടങ്ങള്‍ സംബന്ധിച്ച് വ്യവഹാരെയുടെ ഫോണ്‍വിളി എത്തി. അപ്പോഴേക്കും ജസ്റ്റിസ് ലോയയുടെ മൃതദേഹം അവിടേക്ക് മാറ്റിയിരുന്നു. 12 മണിക്ക് മുമ്പ് ഒരിക്കലും എത്താത്ത വ്യവഹാര അന്ന് രാവിലെ 10 മണിക്ക് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന മുറിയിലെത്തി. വന്നപ്പോള്‍ മുതല്‍ അയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് അന്ന് ആ മുറിയില്‍ ഉണ്ടായിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. പോലീസില്‍ നിന്ന് ആവശ്യമായ രേഖകള്‍ എത്താന്‍ കാലതാമസമുണ്ടായപ്പോഴും അയാള്‍ ചൂടായി. സാധാരണ പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ മുക്കല്‍ മണിക്കൂര്‍ കൂടുമ്പോള്‍ സിഗരറ്റ് വലിക്കാന്‍ പുറത്തു പോയിരുന്ന വ്യവഹാരെ അന്ന് 15 മിനിറ്റ് കൂടുമ്പോള്‍ സിഗരറ്റ് വലിച്ചിരുന്നു.

പോസ്റ്റ് മോര്‍ട്ടത്തിന്റെ ചുമതല വ്യവഹാരെയ്ക്ക് അല്ലെങ്കില്‍ പോലും അന്ന് അയാള്‍ മൂന്നുതവണ മുറിയിലെത്തി. ഡോ. തുമ്രാമും പി.ജി വിദ്യാര്‍ത്ഥിയായ അമിത് താംകെയും ചേര്‍ന്ന് 10.55-ന് പോസ്റ്റ് മോര്‍ട്ടം ആരംഭിച്ചു. ഈ സമയത്ത് വ്യവഹാരെയും സര്‍ജറി ഗ്ലൗസ് എടുത്തു ധരിച്ചു. ഇത് അസാധാരണമെന്നാണ് അവിടെയുള്ളവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്. ഒരിക്കല്‍ പോലും ഗ്ലൗസുകള്‍ ധരിക്കുകയോ നിര്‍ദേശം നല്‍കുന്നതല്ലാതെ പോസ്റ്റ് മോര്‍ട്ടം സ്വയം ചെയ്യുകയോ ചെയ്യാറില്ലാത്ത ആളാണ് അയാളെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം നടക്കുന്ന വേളയില്‍ ഓരോ ചെറിയ കാര്യത്തിനും അയാള്‍ അസ്വസ്ഥനാവുകയും മുറുമുറുത്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തല പരിശോധിക്കുന്ന വേളയില്‍ വ്യവഹാര, തുമ്രാമിനെ തടഞ്ഞു. എന്നാല്‍ തലയ്ക്കു പിന്നിലെ മുറിവ് തുമ്രാം ചൂണ്ടിക്കാട്ടിയപ്പോള്‍, രൂക്ഷമായി പ്രതികരിക്കുകയാണ് വ്യവഹാര ചെയ്തതെന്നും താന്‍ പറയുന്നത് എഴുതി വച്ചാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടുവില്‍ തയാറാക്കിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയില്‍ ഉണ്ടായിരുന്ന മുറിവിനെ കുറിച്ച് പരാമര്‍ശമേ ഉണ്ടായിരുന്നില്ല. തലയ്ക്ക് വലിയ ക്ഷതമേറ്റതു പോലെ പാടുണ്ടായിരുന്നുവെന്നും രക്തം പുറത്തേക്ക് ഒഴുകി ഷര്‍ട്ടില്‍ ഒക്കെ ആയിരുന്നുവെന്നും മുറിയില്‍ ഉണ്ടായിരുന്നുവര്‍ പറയുന്നു. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. ജസ്റ്റിസ് ലോയയുടെ മരണത്തിന് കാരണം തലച്ചോറിനേറ്റ ക്ഷതമാകാന്‍ സാധ്യതയുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ മറ്റ് കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഡല്‍ഹി എയിംസിലെ മുന്‍ ഫോറന്‍സിക് മെഡിസിന്‍ തലവന്‍ ഡോ. ആര്‍കെ ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.

ജസ്റ്റിസ് ലോയയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ രണ്ട് സഹോദരിമാരും പിതാവും തലയിലെ മുറിവും ഷര്‍ട്ടില്‍ അടക്കം രക്തം കട്ടപിടിച്ചതും ചൂണ്ടിക്കാട്ടിയത് കാരവന്‍ ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച അതേ മെഡിക്കല്‍ കോളേജിലെ മറ്റൊരാള്‍ വ്യക്തമാക്കിയത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ തീയതിയില്‍ മാറ്റം വരുത്തിയിരിക്കുന്നതായി നേരത്തെ തന്നെ ഒരു റിപ്പോര്‍ട്ടില്‍ കാരവന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കി കഴിഞ്ഞ് 10 ദിവസങ്ങള്‍ക്ക് ശേഷം അതില്‍ കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് ഈ തിരുത്തും കൂടുതലായി ചേര്‍ത്ത വിവരങ്ങളും അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്.

അതായത്, മറ്റാര്‍ക്കോ വേണ്ടി ഡോ. വ്യവഹാര പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ ആരോപണത്തിന് പിന്‍ബലമായി അയാളുടെ മുന്‍ ചെയ്തികളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2015-ല്‍ വ്യവഹാരയ്‌ക്കെതിരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിലെ പ്രധാന കാരണങ്ങള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ താത്പര്യക്കാര്‍ക്ക് അനുസരിച്ച് വ്യവഹാര മാറ്റങ്ങള്‍ വരുത്തുന്നു എന്നതും ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയതുമായിരുന്നു. വ്യവഹാര അവിടെ നടക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ മാറ്റം വരുത്താറുണ്ട് എന്നും അത് എല്ലാവര്‍ക്കും അറിയാമെങ്കിലും അയാളുടെ രാഷ്ട്രീയ ബന്ധങ്ങള്‍ മൂലം ചോദ്യം ചെയ്യാന്‍ പോലും ആരും തയാറാകില്ലെന്നും നിരവധി പേര്‍ റിപ്പോര്‍ട്ടറോട് വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ ഏതു വിധത്തില്‍ പ്രവര്‍ത്തിക്കാനും അയാള്‍ തയാറാകുമെന്നാണ് ഒരാള്‍ പറയുന്നത്. ആത്മഹത്യ ചെയ്ത ഒരു കൃഷിക്കാരന്റെ പോസ്റ്റ് മോര്‍ട്ടം വിഷം കഴിച്ചല്ലെന്ന് റിപ്പോര്‍ട്ട് എഴുതിയത് മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകള്‍ പുറത്തു വരാതിരിക്കുന്നതിന്റെ കൂടി ഭാഗമാണെന്ന് നടന്ന ഒരു സംഭവം ചൂണ്ടിക്കാട്ടി മറ്റൊരാള്‍ വിശദീകരിക്കുന്നു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ജില്ലയായ വിദര്‍ഭയിലെ  ചന്ദ്രാപ്പൂരാണ് മുംഗാന്തിവാറിന്റെയും സ്ഥലം. അവിടെ നിന്ന് ഏത് മൃതദേഹങ്ങള്‍ പോസ്റ്റ്‌ മോര്‍ട്ടത്തിന് എത്തിയാലും വ്യവഹാര അവിടെ ഉണ്ടാകുമായിരുന്നു. സാധാരണ ഒരു മണിക്കൂരില്‍ കൂടുതലാണ് പോസ്റ്റ് മോര്‍ട്ടത്തിന് സമയമെടുക്കുന്നത് എങ്കില്‍ 15-20 മിനിറ്റ് കൊണ്ട് ചന്ദ്രാപ്പൂരില്‍ നിന്നെത്തുന്ന മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കും. നിരവധി കൊലപാതകങ്ങള്‍ ഇത്തരത്തില്‍ സാധാരണ മരണങ്ങളായി മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഡിക്കല്‍ എത്തിക്‌സിന് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും ലൈംഗികാരോപണം നേരിടുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായതോടെ വ്യവഹാരയെ നാഗ്പൂരില്‍ തന്നെയുള്ള ഇന്ദിരാ ഗാന്ധി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് തലവനായി നിയമിക്കുകയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ ചെയ്തത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് അന്വേഷണ സംഘത്തെ വച്ചെങ്കിലും ഇത് അട്ടിമറിച്ച് സര്‍ക്കാര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയും വ്യവഹാരയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. രണ്ടു മാസത്തിനു ശേഷം മറ്റൊന്നു കൂടിയുണ്ടായി. ഏറെ ശക്തമായ, സംസ്ഥാനത്തെ മെഡിക്കല്‍ ബോര്‍ഡിലും അയാളെ നിയമിച്ചു. അഞ്ചംഗ ബോര്‍ഡിലെ ഏക സര്‍ക്കാര്‍ ഡോക്ടറാണ് വ്യവഹാര എന്നറിയുമ്പോഴാണ് അയാളുടെ സ്വാധീനം വ്യക്തമാവുക.

ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പുവച്ച ഡോ. തുമ്രാം ഇപ്പോള്‍ വ്യവഹാരയ്ക്ക് കീഴില്‍ അസോസിയേറ്റ് പ്രൊഫസറാണ്. കാരവന്‍ റിപ്പോര്‍ട്ടര്‍ അയാളെ കണ്ടപ്പോള്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ നടത്തിയ കാര്യങ്ങളെ കുറിച്ചു ചോദിച്ചെങ്കിലും തനിക്കൊന്നും അറിയില്ല, ഒന്നും പറയാന്‍ ഇല്ല, എന്ന തുടര്‍ച്ചയായ മറുപടികള്‍ മാത്രമാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം, പോസ്റ്റ് മോര്‍ട്ടത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന നിലപാടാണ് വ്യവഹാര സ്വീകരിച്ചത്. തനിക്കതില്‍ യാതൊരു പങ്കുമില്ലെന്നും അയാള്‍ പറയുന്നു. എന്നാല്‍ കേസില്‍ ഇത്രയേറെ ഇടപെട്ടിട്ടും ഇത്രകാലവും വ്യവഹാരയുടെ പേര് മാധ്യമങ്ങളിലേ മെഡിക്കല്‍ രേഖകളിലോ ഇടംപിടിക്കുക പോലുമുണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

ജസ്റ്റിസ് ലോയ ശരിക്കും രവിഭവനില്‍ താമസിച്ചിരുന്നോ? കാരവന്‍ അന്വേഷണം

“2019ലും ഞങ്ങള്‍ വരും, നിന്നെ എടുത്തോളാം”: ലോയ കേസില്‍ വിവരം ശേഖരിക്കുന്ന അഭിഭാഷകനോട് ഫഡ്‌നാവിസിന്റെ ബന്ധു

ലോയ: വിഷം കയറിയതോ ശാരീരികാക്രമണമോ ആകാം മരണകാരണം-AIIMS ഫോറെന്‍സിക് വിഭാഗം മുന്‍തലവന്‍

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയല്ല; ഇത് ജനാധിപത്യം തകര്‍ക്കും: ജസ്റ്റിസ് ലോയ കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

ജസ്റ്റിസ് ലോയയുടെ മരണം; ചീഫ് ജസ്റ്റിസ് മോഹിത് ഷായ്ക്ക് പങ്കെന്ന് പറയുന്ന മകന്റെ കത്തിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം: തെറ്റായ വിധി നല്‍കില്ല, നാട്ടില്‍ പോയി കൃഷി ചെയ്യും; ജസ്റ്റിസ് ലോയ പറഞ്ഞതായി സുഹൃത്ത്

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു’; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

അമിത് ഷാ എന്ന ‘നിരപരാധി’: എവിടെ സി.ബി.ഐ? എവിടെ പ്രതിപക്ഷം?

ഇസ്രത് ജഹാന്മാര്‍ കൊല്ലപ്പെടുന്നതെങ്ങനെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍