UPDATES

ട്രെന്‍ഡിങ്ങ്

വിഘടനവാദികളെയും ഹിന്ദുത്വവാദികളെയും ആഹ്ലാദിപ്പിക്കുന്ന മരണം; നിശ്ശബ്ദമാക്കപ്പെട്ടത് കശ്മീരിൽ സമാധാനമാഗ്രഹിക്കുന്നവരുടെ ശബ്ദം

ഇപ്പോൾ നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നത് കശ്മീരി ജനതയുടെ സമാധാനത്തിനു വേണ്ടിയുള്ള ശബ്ദങ്ങളിലൊന്നാണ്.

കശ്മീർ ടൈംസ് പത്രത്തിൽ ഒരു റിപ്പോർട്ടറായാണ് ശുജാത് ബുഖാരിയുടെ മാധ്യമപ്രവർത്തന ജീവിതം തുടങ്ങുന്നത്. പിന്നീട് ദി ഹിന്ദു പത്രത്തിനു വേണ്ടി ജമ്മു കശ്മീർ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രത്യേക ലേഖകനായി മാറി. 1997 മുതൽ 2012 വരെ ബുഖാരി ഹിന്ദുവിൽ ജോലി ചെയ്തു. ബിബിസി അടക്കമുള്ള നിരവധി അന്തർദ്ദേശീയ-ദേശീയ മാധ്യമങ്ങൾക്കു വേണ്ടി ബുഖാരി റിപ്പോർട്ട് ചെയ്തു.

ഫിലിപ്പൈൻസിലെ മനിലയിലുള്ള അറ്റീനിയോ ദി മാനില യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബുഖാരി മാധ്യമപ്രവർത്തനത്തിൽ ബിരുദമെടുത്തത്.

റൈസിങ് കശ്മീർ എന്ന ദിനപ്പത്രം ബുഖാരി സ്വന്തമായി തുടങ്ങുന്നത് 2008ലാണ്. ബുലന്ദ് കശ്മീർ എന്ന ഒരു ഉദ്ദു ദിനപ്പത്രവും ബുഖാരി തുടങ്ങി. പിന്നാലെ കശ്മീർ പർചാം എന്ന ഒരു ഉറുദ്ദു ആഴ്ചപ്പതിപ്പിനും തുടക്കമിട്ടു.

കശ്മീരി ഭാഷയുടെ പുനരുദ്ധാനത്തിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടാണ് ആക്ടിവിസ്റ്റ് എന്ന നിലയിലുള്ള ശുജാദിന്റെ തുടക്കം. കവികളും നാടകകൃത്തുക്കളുമെല്ലാം അംഗങ്ങളായുള്ള അദ്ബി മർക്കസ് കമ്‍രാസ് എന്ന സാഹിത്യസംഘത്തിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കശ്മീരി ഭാഷയിലുള്ള ഒരു പ്രസിദ്ധീകരണവും ഇദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. ഈ കാലയളവിലെ പ്രവർത്തനങ്ങളാണ് ബുഖാരിയുടെ മിതവാദപരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലപാടുകള്‍ രൂപപ്പെടുത്തിയതെന്നു പറയാം. ഇക്കാരണത്താൽ തന്നെ തീവ്രവാദ നിലപാടുള്ളവർ ശുജാദിനെ നേരത്തെ തന്നെ ലക്ഷ്യം വെച്ചിരുന്നു.

2006ലാണ് ശുജാദിനെതിരെ ആദ്യത്തെ കൊലപാതകശ്രമം നടന്നത്. അന്നു മുതൽ പൊലീസ് സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. 2016ലും ഒരു ആക്രമണമുണ്ടായി.

2016ൽ ശുജാദ് ബുഖാരി ബിബിസിയിൽ എഴുതിയ ലേഖനം

ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു ശേഷം 2016 ജൂലൈ മാസത്തിൽ മാധ്യമങ്ങള്‍, ഇന്റർനെറ്റ് തുടങ്ങിയ എല്ലാ ആശയവിനിമയ മാർഗ്ഗങ്ങൾ സർക്കാർ അടച്ച സന്ദർഭത്തിൽ ശുജാദ് ബുഖാരി ബിബിസിയിൽ ഒരു ലേഖനമെഴുതിയിരുന്നു. റൈസിങ് കശ്മീർ അടക്കമുള്ള പത്രങ്ങളിൽ അന്ന് റെയ്ഡ് നടന്നു. 1990കളുടെ തുടക്കം മുതൽ സായുധ കലാപങ്ങൾ കശ്മീരിൽ അരങ്ങേറിത്തുടങ്ങിയ കാലത്തു തന്നെ ഇതെല്ലാം സാധാരണമായിരുന്നെന്ന് ബിബിസി ലേഖനത്തിൽ ബുഖാരി പറഞ്ഞു. അക്കാലത്തെ പ്രശ്നങ്ങളിൽ മാത്രം 13 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട കാര്യവും ബുഖാരി ലേഖനത്തിൽ പറഞ്ഞിരുന്നു. ജീവാപായ ഭീഷണികളും ആക്രമണങ്ങളും അറസ്റ്റും സെൻസർഷിപ്പുമെല്ലാം കശ്മീരിലെ ഒരു സാധാരണ ലേഖകന്റെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത കാര്യങ്ങളാണെന്നും ബുഖാരി വിശദീകരിച്ചു.

‘സുരക്ഷാസേനയുടെ അക്രമങ്ങളെക്കുറിച്ച് പറയുന്ന മാധ്യമപ്രവർത്തകരുടെ ജീവിതം എപ്പോഴും അപകടത്തിലാണ്. അവർ ദേശദ്രോഹികളായി മുദ്രകുത്തപ്പെടും. ഭീകരവാദികളുടെയോ വിഘടനവാദികളുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവർ ‘ആന്റി തെഹ്‌രീക്’ (പ്രസ്ഥാന വിരുദ്ധൻ) ആയി മുദ്ര കുത്തപ്പെടും.’ -ബുഖാരിയുടെ ബിബിസി ലേഖനം പറഞ്ഞു.

1990കളുടെ തുടക്കത്തിൽ കശ്മീരിൽ ആദ്യം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ലസ്സ കൗൾ ആണ്. ദൂരദർശൻ ടെലിവിഷൻ ഡയറക്ടറായിരുന്നു അദ്ദേഹം. ജാവേദ് അഹമ്മദ് മിർ എന്ന കാമറാമാൻ 2008ൽ ഇന്ത്യൻ പട്ടാളത്തിന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇത്തരം നിരവധി സംഭവങ്ങൾ കശ്മീരിൽ പല കാലത്തായി നടന്നു.

ഹിന്ദുത്വവാദികളും ലക്ഷ്യമിട്ടു

കശ്മീരിൽ ഇന്ത്യൻ പട്ടാളം നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ബുഖാരി പൊതുശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. ബുഖാരിയുടെ അവസാന ട്വീറ്റുകളിലൊന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടായിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അത്തരത്തിൽപ്പെട്ട ആദ്യത്തേതെന്ന് വിശേഷിപ്പിച്ചാണ് ബുഖാരി ഷെയർ ചെയ്തത്.

തൊട്ടു മുമ്പത്തെ ദിവസങ്ങളിൽ, കൈസെർ ഭട്ട് എന്ന 21കാരന്റെ ശരീരത്തിലൂടെ സായുധ സേനാ ജീപ്പ് കയറ്റിയിറക്കി കൊന്ന സംഭവത്തിൽ അതിരൂക്ഷമായ പ്രതികരണങ്ങളുമായി ബുഖാരി ട്വിറ്ററിൽ സജീവമായിരുന്നു. സൈന്യം നടത്തുന്ന അക്രമങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്ന ബുഖാരിയെ ഹിന്ദുത്വ വികാരമുൾക്കൊണ്ടവർ പലരും സൈബർലോകത്തിൽ ആക്രമിക്കുകയും ചെയ്തിരുന്നു.

സൈന്യവും വിഘനവാദികളും കശ്മീരി ജനതയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ ശക്തമായ വിയോജിപ്പും രോഷവും പ്രകടിപ്പിച്ചിരുന്ന ബുഖാരിക്കുമേല്‍ ‘ഇസ്ലാമിസ്റ്റ്’ എന്ന ലേബലൊട്ടിക്കാൻ ഹിന്ദുത്വവാദികൾ എപ്പോഴും ശ്രമിച്ചു വന്നിരുന്നു. വിഘനവാദികളും ബുഖാരിയെ കണ്ടിടത്തെല്ലാം വെച്ച് ആക്രമിച്ചു. ഇപ്പോൾ നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നത് കശ്മീരി ജനതയുടെ സമാധാനത്തിനു വേണ്ടിയുള്ള ശബ്ദങ്ങളിലൊന്നാണ്. കശ്മീരി ഭാഷയെയും സ്വത്വത്തെയും സ്നേഹിച്ച, ഒളി അജണ്ടകളില്ലാത്ത ഒരു യഥാർത്ഥ കശ്മീരിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കശ്മീരിൽ സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളും ദുഖിക്കേണ്ട സമയം.

കൊലയാളി സംഘങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍