UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നൽ‌കി കർ‌ണാടക മുഖ്യമന്ത്രി

തന്റെ കക്ഷിക്ക് വന്നുപെട്ട അപകീർ‌ത്തിക്ക് പരിഹാരമായി പരസ്യമായി മാപ്പു പറയണമെന്നും 100 കോടിയുടെ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസ് പറയുന്നുണ്ട്.

കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പു പ്രടചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗങ്ങളിലും പരസ്യപ്രചാരണങ്ങളിലും തനിക്ക് മാനഹാനി വരുത്തുന്ന വിധത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ മാനനഷ്ടക്കേസ് നൽകി. പ്രധാനമന്ത്രിയെക്കൂടാതെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി, ദേശീയാധ്യക്ഷൻ അമിത് ഷാ, സംസ്ഥാന പ്രസിഡണ്ട് ബിഎസ് യെദ്യൂരപ്പ എന്നിവർ‌ക്കും നോട്ടീസയച്ചിട്ടുണ്ട്.

കന്നഡ, ഇംഗ്ലീഷ് പത്രങ്ങളിലും ചാനലുകളിലും സോഷ്യൽ മീഡിയയിലും എൽഇഡി സ്ക്രീനുകൾ വഴിയും നൽകിയ പരസ്യങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്നവയായിരുന്നു എന്ന് സിദ്ധരാമയ്യ ബിജെപി ജനറൽ സെക്രട്ടറിക്കയച്ച നോട്ടീസിൽ പറയുന്നു.

ബിജെപി തെരഞ്ഞടുപ്പു പ്രചാരണ കാലയളവിൽ ചെയ്ത പരസ്യങ്ങളാണ് സിദ്ധരാമയ്യ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. സിദ്ധരാമയ്യ, രാഹുൽ ഗാന്ധി എന്നിവരുടെ ചിത്രങ്ങൾ കുറ്റവാളികളെപ്പോലെ വെച്ചായിരുന്നു ചില പരസ്യങ്ങൾ. 3800 കർ‌ഷകരുടെ ആത്മഹത്യക്ക് ഉത്തരവാദികൾ എന്ന വിശേഷണത്തോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ നൽകിയിരുന്നത്.

വൻ പരസ്യപ്രചാരണങ്ങളാണ് സിദ്ധരാമയ്യയ്ക്കും കോൺഗ്രസ്സിനുമെതിരെ ബിജെപി കർണാടകത്തിൽ നടത്തുന്നത്. എന്തു വിലകൊടുത്തും ജയം എന്ന ലക്ഷ്യത്തോടെയാണ് നീക്കങ്ങൾ.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്രമോദി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ അപകീർത്തികരമായിരുന്നുവെന്ന് നോട്ടീസ് ആരോപിക്കുന്നു. കർണാടക സർക്കാർ കൊലപാതകങ്ങൾ എങ്ങനെ എളുപ്പമാക്കാം എന്നതിലാണ് ആഹ്ലാദം കണ്ടെത്തുന്നതെന്ന ആരോപണമാണ് മറ്റൊന്ന്. അഴിമതിയുടെയും മാഫിയാഭരണത്തിന്റെയും നഗ്നനൃത്തമാണ് കർണാടകത്തിൽ നടക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പരാമർ‌ശവും അപകീർത്തിക്കേസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബെംഗളൂരുവിൽ 2018 ഫെബ്രുവരി 5ന് പ്രധാനമന്ത്രി നടത്തിയ ആദ്യ തെരഞ്ഞെടുപ്പു യോഗം മുതലുള്ള പരാമർശങ്ങളാണ് സിദ്ധരാമയ്യ തന്റെ വക്കീൽ നോട്ടീസിൽ എടുത്തു പറഞ്ഞിരിക്കുന്നത്. മൈസൂരു, ദേവനാഗരെ, ശിവമോഗ, ഗുൽബെർഗ, ബെല്ലാരെ തുടങ്ങിയ സ്ഥലങ്ങളിൽ മോദി നടത്തിയ പ്രസംഗങ്ങളിലെ പരാമർശങ്ങളെല്ലാം അപകീർത്തി നോട്ടീസില്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്.

ഒരു ബിസിനസ്സുകാരനിൽ നിന്ന് വജ്രം പതിച്ച ആഭരണം സിദ്ധരാമയ്യ സമ്മാനമായി വാങ്ങിയെന്നും ഇത് അഴിമതിക്കുള്ള പ്രതിഫലമാണെന്നും സൂചിപ്പിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശം അപകീർത്തികരമാണെന്നും നോട്ടീസിലുണ്ട്. സുഹൃത്ത് സമ്മാനിച്ച ഈ വാച്ചിന് താൻ നികുതി അടച്ചിട്ടുണ്ടെന്നും നിലവിലത് സംസ്ഥാന സർക്കാരിന്റെ സ്വത്താക്കി മാറ്റാൻ സ്പീക്കർ‌ക്ക് കൈമാറിയിട്ടുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കുന്നു.

വാച്ച് സമ്മാനിച്ച ചന്ദ്ര വർമയെ 1983 മുതൽ താൻ അറിയുന്നതാണ്. അയാളുമായി കർണാടക സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ബന്ധങ്ങളില്ലെന്നും നേരത്തെ സിദ്ധരാമയ്യ പറഞ്ഞിരുന്നു.

തന്റെ കക്ഷിക്ക് വന്നുപെട്ട അപകീർ‌ത്തിക്ക് പരിഹാരമായി പരസ്യമായി മാപ്പു പറയണമെന്നും 100 കോടിയുടെ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസ് പറയുന്നുണ്ട്. നോട്ടീസ് ചെലവിലേക്കായി 1 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍