UPDATES

‘വികസനപ്രവര്‍ത്തനം നടത്തിയത് ഞങ്ങള്‍, വോട്ട് ബിജെപിക്ക്’: സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരോട് അതൃപ്തിയറിയിച്ച് സിദ്ധരാമയ്യ

അതെസമയം സിദ്ധരാമയ്യ തന്റെ മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ പ്രചാരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാതിരുന്ന ബിജെപിക്ക് വോട്ടു ചെയ്ത തന്റെ മണ്ഡലത്തിലെ ജനങ്ങളോട് അതൃപ്തിയറിയിച്ച് കര്‍ണാടകത്തിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. വടക്കന്‍ കര്‍ണാടകത്തില്‍ ബാഗല്‍കോട്ട് ജില്ലയിലുള്ള ബദാമിയാണ് സിദ്ധരാമയ്യയുടെ മണ്ഡലം. ഇവിടെ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് കേവല വികസനത്തില്‍ വിശ്വസിക്കുന്ന ജനങ്ങളെ അദ്ദേഹം പഴിച്ചത്.

കോണ്‍ഗ്രസ്സ് മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു ശേഷവും ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തതില്‍ അദ്ദേഹം അത്ഭുതം കൊണ്ട്. ‘വോട്ട് ചെയ്ത് ജയിപ്പിക്കാന്‍ എന്താണ് അവര്‍ നാട്ടില്‍ ചെയ്തിട്ടുള്ളതെന്ന് എനിക്കറിയില്ല. ബദാമി നിയമസഭാ മണ്ഡലത്തില്‍ 9000 വോട്ടിന്റെ ലീഡാണ് ബിജെപിക്ക് കിട്ടിയത്,’ സിദ്ധരാമയ്യ പറഞ്ഞു.

ബിജെപിയുടെ ഗഡ്ഡിഗൗഡര്‍ ചന്ദനഗൗഡയാണ് ബാഗല്‍കോട്ട് മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ കഷപ്പനവര്‍ ഒരു ലക്ഷം വോട്ടിന് തോല്‍ക്കുകയായിരുന്നു.

തന്റെ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ സിദ്ധരാമയ്യ എണ്ണിപ്പറഞ്ഞു. ‘ഞങ്ഹളാണ് പഞ്ചായത്ത് കെട്ടിടം പണിതത്. ഞങ്ങളാണ് വായ്പകള്‍ എഴുതിത്തള്ളിയത്. കൃഷിക്കു വേണ്ടി കുളങ്ങള്‍ പണിതത് ഞങ്ങളാണ്. വിദ്യാശ്രീ പദ്ധതി കൊണ്ടുവന്നത് ഞങ്ങളാണ്,’ സിദ്ധരാമയ്യ പറഞ്ഞു. ഇതിനിടെ ഒരാള്‍ മറുപടി നല്‍കാന്‍ എഴുന്നേറ്റപ്പോള്‍ നിങ്ങള്‍ ബിജെപിക്കാരനാണോ എന്നായിരുന്നു സിദ്ധരാമയ്യയുടോ ചോദ്യം.

അതെസമയം സിദ്ധരാമയ്യ തന്റെ മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ പ്രചാരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ബെംഗളൂരുവിലും മൈസൂരുവിലുമാണ് സിദ്ധരാമയ്യ അധികസമയവും ചെലവിടുന്നതെന്നാണ് ആരോപണം.

കഴിഞ്ഞദിവസം മുഖ്യമന്ത്രി കുമാരസ്വാമിയും ജനങ്ങളുമായി സിദ്ധരാമയ്യയുടേതിന് സമാനമായ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. യെര്‍മാരസ് തെര്‍മല്‍ പവര്‍ സ്റ്റേഷനിലെ തൊഴിലാളികള്‍ പരാതി ബോധിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു ഇത്. “നരേന്ദ്രമോദിക്ക് വോട്ട് ചെയ്തതിനു ശേഷം നിങ്ങളുടെ കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ സമീപിക്കുന്നു. ഞാന്‍ നിങ്ങളെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെടുന്നു. ഞാന്‍ ലാത്തിച്ചാര്‍ജ് ചെയ്യാന്‍ ഉത്തരവിടണോ? ഓടിക്കോണം ഇവിടുന്ന്.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രശ്നപരിഹാരം പതിനഞ്ച് ദിവസത്തിനുള്ളിലുണ്ടാകുമെന്ന് ഉറപ്പു കൊടുത്തിരുന്നതാണെന്നും എന്നാല്‍ തൊഴിലാളികള്‍ വഴി തടഞ്ഞപ്പോള്‍ താന്‍ കാര്യം പറഞ്ഞുവെന്നും കുമാരസ്വാമി വിശദീകരിച്ചു. താന്‍ പ്രതികരണം നടത്തിയ സന്ദര്‍ഭം മനസ്സിലാക്കാതെ വാര്‍ത്ത നല്‍കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതെസമയം ഇച്ഛാഭംഗം പ്രകടിപ്പിക്കുകയാണ് കോണ്‍ഗ്രസ്സും ജെഡിഎസ്സുമെന്നാരോപിച്ച് ബിജെപി രംഗത്തു വന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ജനങ്ങളെ കുറ്റം പറഞ്ഞാല്‍ തങ്ങള്‍ സമരത്തിനിറങ്ങുമെന്ന് ബിജെപി വക്താവ് ഗോ മധുസൂദനന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍